രാഹുല്‍ ഒളിവില്‍പോയെന്ന പ്രമേയം: കെഎസ്യുവില്‍ അച്ചടക്ക നടപടി
Thursday, March 5, 2015 12:07 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒളിവില്‍ പോയിരിക്കുകയാണെന്നു പരിഹസിച്ച് പ്രമേയം പാസാക്കിയ കെഎസ്യു നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടി. കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, മഹാരാജാസ് കോളജ് യൂണിറ്റ് സെക്രട്ടറി ഫഹീം എന്നിവരെ എന്‍എസ്യു സസ്പെന്‍ഡു ചെയ്തു.

രാഹുല്‍ ഗാന്ധിക്കെതിരേ പ്രമേയം പാസാക്കിയതു സംഘടന ചട്ടങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയ എന്‍എസ്യു ദേശീയ നേതൃത്വം അന്വേഷണം നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. മഹാരാജാസ് യൂണിറ്റ് കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തിലാണു രാഹുല്‍ ഗാന്ധിയെ പരിഹസിച്ചത്. പാര്‍ട്ടിയെ മുന്‍നിരയില്‍ നിന്നു നയിക്കേണ്ട ആള്‍ ഒളിവില്‍ പോയി. ബജറ്റ് സമ്മേളന സമയത്ത് പാര്‍ട്ടി ഉപാധ്യക്ഷന്‍ ആരോടും പറയാതെ ഒളിവില്‍ പോയത് അപലപനീയമാണ്. നേതാവ് എവിടെയെന്ന പ്രതിയോഗികളുടെ ചോദ്യത്തിനു മുന്നില്‍ തലയില്‍ മുണ്ടിട്ട് രക്ഷപ്പെടേണ്ട അവസ്ഥയാണ്.


രാഹുലിന്റെ ഒളിവ് ജീവിതം മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ആഘോഷിക്കുമ്പോള്‍ വിശദീകരണം നല്‍കാന്‍ നേതൃത്വത്തിനു കഴിയുന്നില്ലെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.