ഇന്‍ഷ്വറന്‍സ് ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു
Wednesday, March 4, 2015 11:57 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഇന്‍ഷ്വറന്‍സ് മേഖലയില്‍ 49 ശതമാനം വരെ വിദേശനിക്ഷേപം അനുവദിക്കാനുള്ള ഭേദഗതി ബില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന് ലോക്സഭയില്‍ അവതരിപ്പിച്ചു. രാജ്യസഭയില്‍ അവതരിപ്പിച്ച ബില്‍ പിന്‍വലിക്കുന്നതിനു മുമ്പേ അത് ലോക്സഭയില്‍ കൊണ്ടുവന്ന സര്‍ക്കാരിന്റെ നടപടിക്കെതിരേയുള്ള പ്രതിപക്ഷത്തിന്റെ ഭേദഗതി വോട്ടിനിട്ടു തള്ളിയാണ് പുതിയ ബില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ പാസാക്കാന്‍ സംയുക്ത സമ്മേളനം വിളിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്െടന്നും റിപ്പോര്‍ട്ടുണ്ട്.


ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം 26 ശതമാനത്തില്‍ നിന്നു 49 ആക്കാനുള്ള ഭേദഗതി ബില്‍ 2008 മുതല്‍ രാജ്യസഭയുടെ പരിഗണനയിലുള്ളതാണ്. പ്രതിപക്ഷം ഒന്നടങ്കം എതിര്‍ക്കുന്നതിനാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുകയും ചെയ്തിരുന്നു.

പഴയ ബില്‍ പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ നീക്കവും പരാജയപ്പെട്ടിരുന്നു. ഈ സ്ഥിതി നിലനില്‍ക്കേയാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തത്.
ഇതേതുടര്‍ന്ന് ഇന്‍ഷുറന്‍സ് ബില്‍ 2015 എന്ന പുതിയ പേരിലാണു ബില്‍ അവതരിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.