മഞ്ഞുരുകുന്നു; ഇന്ത്യ-പാക് ചര്‍ച്ചയില്‍ പുരോഗതി
മഞ്ഞുരുകുന്നു; ഇന്ത്യ-പാക് ചര്‍ച്ചയില്‍ പുരോഗതി
Wednesday, March 4, 2015 11:37 PM IST
ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധത്തില്‍ മഞ്ഞുരുകുന്നു. ഏഴുമാസംമുമ്പു നിര്‍ത്തിവച്ച ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കുന്നതിന് അരങ്ങൊരുങ്ങി.

ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി എസ്. ജയശങ്കര്‍ ഇന്നലെ ഇവിടെ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചകളാണ് ഇതിലേക്കു നയിച്ചത്. മഞ്ഞുരുക്കുന്നത് എന്നാണു പാക് വിദേശകാര്യവക്താവ് തസ്നിം ആലം വിശേഷിപ്പിച്ചത്. ജയശങ്കറാകട്ടെ, രചനാത്മകവും പോസിറ്റീവുമായിരുന്നു അന്തരീക്ഷം എന്നു പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യവക്താവ് അക്ബറുദീന്‍ ആകട്ടെ ബന്ധങ്ങള്‍ സാധാരണനിലയിലാക്കുന്നതിലേക്ക് പുരോഗതികുറിച്ചു എന്നാണ്. അതിര്‍ത്തി കടന്നുള്ള തീവ്രവാദം, മുംബൈ ആക്രമണക്കേസില്‍ പ്രതികളുടെ വിചാരണ വൈകുന്നത് തുടങ്ങിയ ആശങ്കകള്‍ പാക് വിദേശകാര്യ സെക്രട്ടറി ഐജാസ് ചൌധരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജയശങ്കര്‍ പങ്കുവച്ചു.

ഇതിനിടെ, നവാസ് ഷരീഫിന്റെ ഉപദേഷ്ടാവായ സര്‍താജ് അസീസും സ്പെഷല്‍ അസിസ്റന്റ് തരീഖ് ഫതേമിയും ജയശങ്കറെ വിദേശകാര്യമന്ത്രാലയത്തില്‍ വന്നു കണ്ടു. കാഷ്മീര്‍ വിഘടനവാദികളുമായി ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് ഇന്ത്യ-പാക് നയതന്ത്ര ചര്‍ച്ചകള്‍ മുടങ്ങിയത്. ക്രിക്കറ്റ് നയതന്ത്രത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ ഫോണില്‍വിളിച്ച് ചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്ന് അറിയിക്കുകയായിരുന്നു. സാര്‍ക് രാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി വിദേശകാര്യസെക്രട്ടറി എസ്. ജയശങ്കര്‍ പാക്കിസ്ഥാനിലെത്തുമെന്നും അറിയിച്ചു.


സാര്‍ക് രാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഭൂട്ടാനും ബംഗ്ളാദേശും സന്ദര്‍ശിച്ചശേഷമാണ് ജയശങ്കര്‍ പാക്കിസ്ഥാനി ലെത്തിയത്. ധാക്കയില്‍നിന്ന് ഇന്നലെ രാവിലെ ഇസ്ലാമാബാദ് വിമാനത്താവളത്തിലെത്തിയ ജയശങ്കറെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി.സി.എ. രാഘവന്‍ സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.