ഐഎസ് ഭീകരത: ഇന്ത്യ അപലപിക്കണമെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി
ഐഎസ് ഭീകരത: ഇന്ത്യ അപലപിക്കണമെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി
Tuesday, March 3, 2015 12:21 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഐഎസ് ഭീകരര്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ ഇന്ത്യ ശക്തമായി അപലപിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ക്കെതിരേ ലിബിയ, നൈജീരിയ, ഈജിപ്റ്റ്, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. നിരപരാധികളായവരെ മനുഷ്യത്വ ഹീനമായ രീതിയിലാണ് കുരുതിക്കിരയാക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ രണ്ട് ലക്ഷത്തോളം ക്രൈസ്തവരെ ഇവര്‍ കൊന്നൊടുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രൈസ്തവരെ കൊന്നൊടുക്കുക മാത്രമല്ല, സാംസ്കാരിക പൈതൃക സ്മാരകങ്ങള്‍ ഓരോന്നായി തകര്‍ക്കുന്നു. ഐഎസ്ഐഎസ് ഭീകരത തുടരുന്നതിനെതിരേ ഇന്ത്യയിലെ ക്രൈസ്തവ സഭകള്‍ ശക്തമായ പ്രതിഷേധത്തിലാണ്. ക്രൈസ്തവ സഭകള്‍ക്കു മാത്രമല്ല, മനുഷ്യരായ എല്ലാവരും അപലപിക്കുന്ന സംഭവങ്ങളാണ് തുടരുന്നതെന്നും ഇതിനെതിരേ മതേതര രാജ്യമായ ഇന്ത്യ ശബ്ദമുയര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.


ഐഎസ്ഐഎസ് ഭീകരതയ്ക്കെതിരേ ലോകരാജ്യങ്ങളെ അണിനിരത്താന്‍ ഇന്ത്യ മുന്നില്‍ നില്‍ക്കണമെന്നും തീവ്രവാദത്തിനും മത ഭീകരവാദത്തിനുമെതിരേ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.