പാര്‍ലമെന്റില്‍ കാവേരി വിഷയം പാട്ടിലലിഞ്ഞ് പറയാന്‍ മറന്നു
Tuesday, March 3, 2015 12:05 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വിഷയം കാവേരിയായതുകൊണ്ടു പറഞ്ഞാല്‍ പോരാ, പാടിത്തന്നെ അവതരിപ്പിക്കണം എന്ന നിലപാടിലായിരുന്നു തമിഴ്നാട് എംപി വിജില സത്യാനന്ദ് ഇന്നലെ രാജ്യസഭയിലെത്തിയത്. അന്തര്‍ സംസ്ഥാന നദീ സംയോജനവുമായി ബന്ധപ്പെട്ടു വിഷയം ഉന്നയിക്കവേയാണു രാജ്യസഭയില്‍ എഡിഎംകെ എംപി വിജില സത്യാനന്ദ് പഴയൊരു തമിഴ് സിനിമാഗാനം ആലപിച്ചത്. ഇന്നലെ ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ തന്നെ വിജില കാര്യം പാട്ടില്‍ തുടങ്ങിവയ്ക്കുകയായിരുന്നു. പിന്നെ, പറയാന്‍ വന്നതു മറന്ന് ശൂന്യവേളയിലെ പരിമിതസമയം പാടിത്തീര്‍ക്കുമെന്ന മട്ടായപ്പോള്‍ എംപിയെ വിഷയത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന് ഇടപെടേണ്ടിവന്നു.

കാവേരി നദീജലം സംബ ന്ധിച്ചു തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ തമ്മില്‍ രൂക്ഷ തര്‍ക്കം നിലനില്‍ക്കേ സംസ്ഥാനങ്ങളുടെ ഐക്യത്തിന്റെ ആവശ്യം ഉയര്‍ത്തിക്കാണിക്കുന്നതിനായാണു സുബ്രഹ്മണ്യ ഭാരതി രചിച്ച ‘‘സിന്ധു നദിയിന്‍ ഇസൈ നിലവിനാലേ ’’എന്ന പാട്ട് എംപി ആലപിച്ചത്. 1964ല്‍ പുറത്തിറങ്ങിയ കൈകൊടുത്ത ദൈവം എന്ന ശിവാജി ഗണേശന്‍ ചിത്രത്തില്‍ ടി. എം. സൌന്ദര്‍ രാജന്‍, എല്‍.ആര്‍. ഈശ്വരി, ജെ.വി രാഘവുലു എന്നിവര്‍ ചേര്‍ന്നു പാടിയ പാട്ടാണിത്.


ഇന്നലെ രാജ്യസഭ ആരംഭിച്ചപ്പോള്‍തന്നെ സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടും രേഖകള്‍ തെരഞ്ഞു കണ്ടുപിടിക്കാന്‍ വൈകിയതു കാരണം എംപിക്ക് ആദ്യ അവസരം വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് വിഷയം വീണ്ടും ഉന്നയിക്കാന്‍ അവ സരം നല്‍കിയപ്പോഴാണു വിജില പാട്ടിലൂടെ കാര്യം അവതരിപ്പിച്ചു തുടങ്ങിയത്. ആദ്യ രണ്ടു വരി പാടി നിര്‍ത്തിയപ്പോള്‍തന്നെ വിജിലയുടെ പാട്ട് സഭയില്‍ ചിരി പടര്‍ത്തി. രാജ്യസഭാ ഉപാധ്യക്ഷനും എംപിയെ നല്ല ഗാനം എന്നു പറഞ്ഞ് അനുമോദിച്ചു.

പാട്ടു തുടര്‍ന്ന വിജില സഭയിലെ മറ്റുള്ളവര്‍ക്കായി പാട്ടിന്റെ വരികള്‍ ഇംഗ്ളീഷിലേക്കു മൊഴിമാറ്റം നടത്തുകയും ചെയ്തു. ഒടുവില്‍ എംപി പാട്ടില്‍ തന്നെ ചുവടുറപ്പിച്ചപ്പോഴാണു പ്രഫ. പി.ജെ. കുര്യന്‍ വിജിലയോടു വിഷയത്തിലേക്കു കടക്കാന്‍ പറഞ്ഞ് ഇടപെട്ടത്. എന്നാല്‍, വിഷയത്തിലേക്കു കടന്നപ്പോഴേക്കും എംപിയുടെ സമയപരിധി കഴിഞ്ഞിരുന്നു. വിജില യുടെ പാട്ടും പ്രസംഗവും കഴിഞ്ഞയുടന്‍തന്നെ പിന്തുണയുമായി ഡിഎംകെ എംപി തിരുച്ചി ശിവ രംഗത്തെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.