എയിംസുമില്ല, ഐഐടിക്കു പണവുമില്ല; കേരളത്തിനു നിരാശ മാത്രം
Sunday, March 1, 2015 12:28 AM IST
ജിജി ലൂക്കോസ്

ന്യൂഡല്‍ഹി: എയിംസും ഐഐടിക്കുള്ള പദ്ധതിവിഹിതവുമൊക്കെ പ്രതീക്ഷിച്ച് ആവശ്യങ്ങളൊക്കെ വാരി നിരത്തിയിരുന്ന കേരളത്തിനു നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ തുണ്ടുപോലുമില്ല. തമിഴ്നാട് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് എയിംസ് മോഡല്‍ ആശുപത്രി പ്രഖ്യാപിച്ചപ്പോള്‍ ഇത്തവണ തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) സര്‍വകലാശാലയാക്കി ഉയര്‍ത്തി. അതേസമയം, റബറിന്റെ വിലപ്രതിസന്ധി പരിഹരിക്കുന്നതിനായി ഇറക്കുമതിച്ചുങ്കം ഉയര്‍ത്തണമെന്ന ആവശ്യം അരുണ്‍ ജയ്റ്റ്ലി പരിഗണിച്ചില്ല.

14-ാം ധനകാര്യ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതത്തില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. 2.5 ശതമാനം വര്‍ധിപ്പിച്ച് 13,121.77 കോടി രൂപയാണ് ഇത്തവണത്തെ വിഹിതം. കഴിഞ്ഞ വര്‍ഷം ഇത് 9101.58 രൂപയായിരുന്നു. കൊച്ചി മെട്രോ പദ്ധതിക്കു മാത്രമാണ് അരുണ്‍ ജയ്റ്റ്ലിയുടെ ബജറ്റില്‍ അര്‍ഹമായ പരിഗണന ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 462.17 കോടിയായിരുന്നത് ഇത്തവണ 599.08 കോടിയായി വര്‍ധിച്ചു. കേന്ദ്രവിഹിതമായി 273.80 കോടിയും വായ്പയായി 264.64 കോടിയും സബോഡിനേറ്റ് ഡെബിറ്റ് ഫണ്ടില്‍നിന്ന് 60.64 കോടി രൂപയും ചേര്‍ന്നാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.


അതേസമയം, സംസ്ഥാനത്തിന് ഏറെ പ്രയോജനകരമായിരുന്ന നാളികേര വികസന ബോര്‍ഡിനുള്ള വിഹിതം, തെങ്ങുകൃഷിയുടെ പുനരുജ്ജീവനത്തിനുള്ള വിഹിതം എന്നിവ വകയിരുത്തിയിട്ടില്ല. എച്ച്എംടി, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി എന്നിവയ്ക്കും ഇത്തവണ വിഹിതമില്ല. വിഴിഞ്ഞം, വല്ലാര്‍പാടം പദ്ധതികളെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.