സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകങ്ങള്‍ നാടകീയമായി മെച്ചപ്പെട്ടു
സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകങ്ങള്‍ നാടകീയമായി മെച്ചപ്പെട്ടു
Saturday, February 28, 2015 12:23 AM IST
ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകങ്ങള്‍ 2014-15-ല്‍ നാടകീയമായി മെച്ചപ്പെട്ടതായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയില്‍ പറയുന്നു. നാണയപ്പെരുപ്പം 2013-നു ശേഷം ആറു ശതമാനം പോയിന്റിലധികം താഴ്ന്നു. കറന്റ് അക്കൌണ്ട് കമ്മി 2012-13-ലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 6.7 ശതമാനത്തിന്റെ ഉയര്‍ച്ചയില്‍ നിന്ന് വരുന്ന സാമ്പത്തിക വര്‍ഷം 1.0 ശതമാനമായി കുറയുമെന്നാണ് അനുമാനം.

രൂപ നില മെച്ചപ്പെടുത്തിയതുവഴി ദീര്‍ഘകാല പലിശനിരക്കുകളില്‍ ഇളവുണ്ടായി. 10 വര്‍ഷ ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ ഇതിന്റെ ഗുണം പ്രതിഫലിച്ചു. ഒപ്പം ഓഹരികളുടെ വിലയും കുതിച്ചുയര്‍ന്നു. ആഗോളവിപണിയില്‍ എണ്ണവില കുറഞ്ഞതിനനുസൃതമായി ഗവണ്‍മെന്റിന്റെ ശേഖരവും സ്വകാര്യ ഉപഭോഗവും തമ്മില്‍ തുല്യത കൈവരിക്കാന്‍ സാമ്പത്തിക നയങ്ങള്‍ക്കു കഴിഞ്ഞു.

കേന്ദ്ര സ്റാറ്റിസ്റിക്സ് ഓഫീസിന്റെ ഏറ്റവും പുതിയ വളര്‍ച്ച അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ ഏകദേശം 36 മാസത്തെ പിന്നോട്ടടിക്കു ശേഷം 2013-14 മുതല്‍ യഥാര്‍ഥത്തിലുള്ള മൊത്തം ആഭ്യന്തര ഉത്പാദനം ശരാശരി 7.2 ശതമാനം കണ്ടു വളരുന്നുണ്ട്. ഇതെല്ലാം വ്യക്തമാക്കുന്നത് ഇന്ത്യന്‍ സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും മുന്നോട്ടു കുതിക്കുന്ന ഒന്നായിട്ടില്ല. രാജ്യത്തെമ്പാടുമുള്ള നിക്ഷേപക റേറ്റിംഗ് സൂചിക എടുത്താല്‍ ഇന്ത്യ ഏറ്റവും ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമായി നിലകൊള്ളുന്നു.

നിരവധി പരിഷ്കാരങ്ങള്‍ക്ക് ഇതിനകം തന്നെ തുടക്കം കുറിച്ചു. കൂടുതല്‍ പരിഷ്കാരങ്ങള്‍ പരിഗണനയിലുമാണ്. ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തലും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വിപുലീകരിക്കലും ഇവയില്‍ നിര്‍ണായകമായ സ്ഥാനം നേടും.

എണ്ണവിലയിലുണ്ടായ കുറവ്, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച എന്നിവ വിലക്കയറ്റത്തെ ഗണ്യമായി പിടിച്ചുനിര്‍ത്തിയിട്ടുണ്ട്. വരുംനാളുകളിലും വിലക്കയറ്റം 5 - 5.5 ശതമാന നിരക്കില്‍ തുടരാനാണു സാധ്യത. സാമ്പത്തിക പരിഷ്കാരങ്ങള്‍, എണ്ണവിലയിലുണ്ടായ കുറവ്, 2015-16-ല്‍ സാധാരണ കാലവര്‍ഷം ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനം എന്നിവയുടെയൊക്കെ ആകെത്തുകയായി വളര്‍ച്ചയില്‍ വന്‍ കുതിപ്പുണ്ടാകും.

സാമ്പത്തിക അച്ചടക്കം നിലനിര്‍ത്തിക്കൊണ്ടു വളര്‍ച്ച ത്വരിതപ്പെടുത്താന്‍ പൊതുമേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. സാമ്പത്തിക നിയന്ത്രണവും ഉപഭോഗത്തില്‍ നിന്നു നിക്ഷേപത്തിലേക്കുള്ള മാറ്റവുമായിരിക്കണം പ്രധാനം.

കറന്റ് അക്കൌണ്ട് കമ്മിയുടെ കാര്യത്തിലും സ്ഥിതിഗതി ആശാവഹമാണ്. അമിതമായ വിദേശനിക്ഷേപം വിനിമയ നിരക്കിനെ തകിടം മറിക്കും. വിദേശ നിക്ഷേപത്തിനൊപ്പം കയറ്റുമതിയെ സമരസപ്പെടുത്തുന്നതും കറന്റ് അക്കൌണ്ട് നിലനിര്‍ത്തുന്നതും വരുംനാളുകളിലെ മുഖ്യ വെല്ലുവിളിയാണ്.

സാമ്പത്തിക ചട്ടക്കൂട്

മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂന്നു ശതമാനം എന്ന മധ്യകാല സാമ്പത്തിക ലക്ഷ്യത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കണം. ഭാവിയിലെ വെല്ലുവിളികള്‍ നേരിടാനും വളര്‍ന്നുവരുന്ന വിപണികളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളോട് അടുത്തെത്താനും ഇത് ഉപകരിക്കും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ പാത വെടിഞ്ഞ് റവന്യൂ കമ്മി ഇല്ലാതാക്കാന്‍ ഇന്ത്യ ശ്രമിക്കണം. വരും നാളുകളില്‍ കടമെടുപ്പ് മൂലധന രൂപീകരണത്തിനുവേണ്ടി മാത്രമായിരിക്കണം.

നിക്ഷേപ വെല്ലുവിളികള്‍

നിര്‍മാണം മുടങ്ങിയ പദ്ധതികള്‍, കൂടുതലും സ്വകാര്യ മേഖലയില്‍, മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഏഴു ശതമാനം വരും. മാറിയ വിപണി സാഹചര്യങ്ങളും അനുമതി ലഭിക്കുന്നതിലെ നിയന്ത്രണങ്ങളുമാണ് പൊതു-സ്വകാര്യ മേഖലകളില്‍ പദ്ധതികള്‍ മുടങ്ങുന്നതിന്റെ പ്രധാന കാരണം. കോര്‍പറേറ്റ് മേഖലയുടെയും പൊതുമേഖലാ ബാങ്കുകളുടെയും ബാലന്‍സ് ഷീറ്റുകള്‍ ദുര്‍ബലമാക്കാന്‍ ഇത് ഇടയാക്കി. ഭാവിയിലെ സ്വകാര്യ നിക്ഷേപത്തിന് തടസമായിക്കൊണ്ട് ഇതൊരു ദൂഷിതവലയം തീര്‍ത്തു. ഇതൊക്കെയാണെങ്കിലും ഇത്തരത്തില്‍ മുടങ്ങിപ്പോയ കമ്പനികളുടെ ഓഹരി മൂല്യം ശക്തമായി തുടരുന്നത് ഒരു സമസ്യയാണ്.


കോര്‍പറേറ്റ് മേഖലയുടെയും പൊതുമേഖലയുടെയും ബാക്കിപത്രം കൂട്ടിച്ചേര്‍ത്താല്‍ മൂലധനം സ്വരൂപിക്കുന്നതിന് വര്‍ധിച്ച തോതിലുള്ള പൊതുനിക്ഷേപം ആവശ്യമാണെന്നു കാണാം. സ്വകാര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ഇറക്കാനുള്ള അന്തരീക്ഷവും ഇതു സൃഷ്ടിക്കും.

ബാങ്കിംഗ് വെല്ലുവിളികള്‍

ഇന്ത്യന്‍ ബാങ്കിംഗ് മേഖല നേരിടുന്നത് ഇരട്ട സാമ്പത്തിക വെല്ലുവിളിയാണ്. ബാധ്യതകളുടെ വശത്തു വര്‍ധിച്ച പണപ്പെരുപ്പം നിക്ഷേപങ്ങളുടെ പലിശ കുറച്ചു. മറുവശത്ത് നിയമപരമായ കരുതല്‍ അനുപാതവും മുന്‍ഗണനാ മേഖലയിലെ വായ്പകളും ബാങ്കുകളുടെ വരുമാനത്തില്‍ ഇടിവുണ്ടാക്കി. പണപ്പെരുപ്പത്തിന് കുറവുണ്ടായതോടെ ഈ നിലയ്ക്കു മാറ്റമുണ്ടായി.

2005-2012 കാലഘട്ടത്തില്‍ സ്വകാര്യ മേഖല നേതൃത്വം നല്‍കിയ വളര്‍ച്ചാ പ്രക്രിയയില്‍ സ്വകാര്യ ബാങ്കുകള്‍ വേണ്ടത്ര പങ്ക് വഹിച്ചില്ല. ആ വര്‍ഷങ്ങളിലെ ഈ ബാങ്കുകളുടെ നിക്ഷേപ വായ്പാ കണക്കുകള്‍ ഇതു വ്യക്തമാക്കുന്നു.

പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ കാര്യമായ ഏറ്റക്കുറച്ചിലുണ്ടായി. അതിനാല്‍ നയരൂപീകരണ വേളയില്‍ അവയെ ഏകസ്വഭാവത്തിലുള്ളതായി കണക്കാക്കരുത്.

പൊതുനിക്ഷേപം കാര്യക്ഷമമാക്കല്‍

ഇന്ത്യന്‍ റെയില്‍വേ കഴിഞ്ഞ കുറേ നാളുകളായി കുറഞ്ഞ നിക്ഷേപം മൂലം ദിശയറിയാത്ത യാത്രയിലായിരുന്നു. റെയില്‍വേ ശൃംഖലയുടെ തിക്കിത്തിരക്കലിനും ശേഷിവര്‍ധനയുടെ കുറവിനും ഇതു വഴിവെച്ചു. വാണിജ്യ താത്പര്യങ്ങള്‍ അവഗണിച്ചതും മോശപ്പെട്ട സേവനസാഹചര്യങ്ങളും സാമ്പത്തിക സ്ഥിതി ദുര്‍ബലമാക്കി. ഇവയെല്ലാം കൂടിച്ചേര്‍ന്ന് സാമ്പത്തിക വളര്‍ച്ചയ്ക്ക് വേണ്ടത്ര സംഭാവന നല്‍കാന്‍ റെയില്‍വേയ്ക്കു കഴിഞ്ഞില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ റെയില്‍വേ സാമ്പത്തികമായി ലാഭകരമാവണം. പരിഷ്കരണങ്ങളിലൂടെയും നിരക്ക് ഏകീകരണത്തിലൂടെയും സാങ്കേതിക പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയും പൊതുസ്വീകാര്യത വര്‍ധിപ്പിക്കണം.

സ്കില്‍ ഇന്ത്യയും മേക്ക് ഇന്‍ ഇന്ത്യയും

ഇന്ത്യയില്‍ എന്തൊക്കെയാണു നാം നിര്‍മിക്കേണ്ടത്? വളര്‍ന്നുവരുന്ന ഒരു സമ്പദ്ഘടനയില്‍ ഘടനാപരമായ പരിഷ്കാരങ്ങള്‍ സാധ്യമായ മേഖലകള്‍ക്ക് ഇനിപ്പറയുന്നവ ഉണ്ടാവണം: ഉയര്‍ന്ന നിലവാരത്തിലുള്ള ഉല്‍പ്പാദന ക്ഷമത,

സാങ്കേതിക മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവ്, സമ്പദ്ഘടനയുടെ മറ്റിടങ്ങളില്‍ നിന്നു വിഭവം കണ്െടത്തി വളര്‍ച്ച വ്യാപിപ്പിക്കാനുള്ള ശേഷി. അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തിയും തൊഴില്‍, ഭൂനിയമങ്ങള്‍ പരിഷ്കരിച്ചും മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തെ സ്കില്‍ ഇന്ത്യയുമായി സംയോജിപ്പിക്കാനാവും. വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനവും ലഭിക്കും.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു ദേശീയ വിപണി

കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണി നിയന്ത്രിക്കുന്നത് സംസ്ഥാന ഗവണ്‍മെന്റുകള്‍ പാസാക്കിയ എ.പി.എം.സി നിയമമാണ്. ഇന്ത്യയ്ക്ക് ആയിരക്കണക്കിന് കാര്‍ഷിക വിപണികളാണുള്ളത്. ഇത്തരം വിപണികള്‍ വിവിധതലങ്ങളില്‍ വന്‍തോതില്‍ ഫീസ് ചുമത്തുന്നവയും സുതാര്യത തീരെ ഇല്ലാത്തവയും രാഷ്ട്രീയ അധികാര കേന്ദ്രങ്ങളുമാണ്. കര്‍ണാടകയുടെ മാതൃകയില്‍ 2003-ലെ മാതൃകാ എ.പി.എം.സി നിയമം സംയോജിതമായ ഏകീകൃത ലൈസന്‍സിംഗ് സംവിധാനത്തോടു കൂടിയുള്ളതാണ്. കര്‍ഷകര്‍ക്ക് അവര്‍ക്കിഷ്ടമുള്ള വിപണി തെരഞ്ഞെടുക്കാന്‍ സ്വാതന്ത്യ്രം ഉണ്ടാവുകയാണ് വേണ്ടത്.

പതിനാലാം ധനകാര്യ കമ്മീഷന്‍

പതിനാലാം ധനകാര്യ കമ്മീഷന്‍ ഇന്ത്യന്‍ ഫെഡറലിസത്തിന്റെ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്നു. നികുതി വിഹിതം നല്‍കുന്നതിലെ അഭൂതപൂര്‍വമായ വര്‍ധന സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ സാമ്പത്തിക സ്വയംഭരണം പ്രദാനം ചെയ്യും. മറ്റൊരു തരത്തില്‍ വരവിന്റെയും ചെലവിന്റെയും കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇനിമുതല്‍ കൂടുതല്‍ സ്വയംഭരണമുണ്ടാകും. അധിക വിഭവങ്ങളുടെ ഗുണഫലം ഏറ്റക്കുറച്ചിലുകളോടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.