മതവിദ്വേഷം തടയേണ്ടതു കടമ: മോദി
മതവിദ്വേഷം തടയേണ്ടതു കടമ: മോദി
Saturday, February 28, 2015 12:08 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യത്തു മതത്തിന്റെ പേരില്‍ വെറുപ്പുണ്ടാക്കുന്ന പരാമര്‍ശങ്ങളൊഴിവാക്കേണ്ടതു പ്രധാനമന്ത്രിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്നു നരേന്ദ്ര മോദി. രാജ്യത്തെ ഹിന്ദുക്കളോടും മുസ്ലിംങ്ങളോടും, നമ്മള്‍ വേണ്ടതിലധികം പോരടിച്ചുകഴിഞ്ഞുവെന്നും ഇനി ദാരിദ്യ്രത്തിനെതിരേ കൈകോര്‍ത്തു പോരാടാം എന്നുമായിരുന്നു മോദിയുടെ ആഹ്വാനം.

തന്റെ സര്‍ക്കാരിന് ഒരു മതമേയുള്ളൂ, ഇന്ത്യ ഒന്നാമത് എന്നതാണത്. തങ്ങളുടെ മതഗ്രന്ഥം ഇന്ത്യന്‍ ഭരണഘടനയാണെന്നും തങ്ങളുടെ ഭക്തി ഭാരത ഭക്തിയാണെന്നും പ്രാര്‍ഥന എല്ലാവരുടെയും ക്ഷേമം എന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മൌനം പാലിക്കുന്നുവെന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്ന വിധത്തില്‍ തനിക്കും സര്‍ക്കാരിനും എതിരേ ഉയര്‍ന്ന എല്ലാ ആരോപണങ്ങള്‍ക്കും ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ മോദി മറുപടി നല്‍കി.

എല്ലാ മതങ്ങള്‍ക്കും ഭരണഘടനാ പരിരക്ഷ ലഭിക്കുന്ന ഐക്യത്തിനുവേണ്ടി തന്റെ സര്‍ക്കാര്‍ നിലകൊള്ളും. ഇവിടെ ആര്‍ക്കും മതത്തിന്റെ പേരില്‍ വേര്‍തിരിവുകളുണ്ടാക്കാന്‍ അവകാശമില്ല. ആര്‍ക്കും നിയമം കൈയിലെടുക്കാനും അവകാശമില്ല. രാഷ്ട്രീയലാഭത്തിനുവേണ്ടി വര്‍ഗീയത വളര്‍ത്തുന്നതു രാജ്യത്തെ നശിപ്പിക്കും. എല്ലാ മതങ്ങളുടെയും അഭിവൃദ്ധിയാണു തങ്ങളും ആവശ്യപ്പെടുന്നത്. ഇത് ഇന്ത്യയില്‍ മാത്രം സാധ്യമാകുന്ന കാര്യമാണ്. വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ എന്നിരിക്കിലും നമ്മള്‍ നാനാത്വത്തില്‍ ഏകത്വം കാത്തുസൂക്ഷിക്കുന്നവരാണ്. എല്ലാ മതങ്ങളും തഴച്ചുവളരേണ്ടതാണ്. ഇത് ഇന്ത്യന്‍ ഭരണഘടന മൂലം മാത്രം സംഭവിക്കുന്നതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ അനുശാസനങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടു രാജ്യത്തെ മുന്നോട്ടു നയിക്കണമെന്ന് ആഹ്വാനം ചെയ്ത മോദി, താന്‍ ത്രിവര്‍ണമല്ലാതെ മറ്റൊരു നിറവും കാണുന്നില്ലെന്നും പറഞ്ഞു. പാറ്റ്നയിലെ തന്റെ തെരഞ്ഞെടുപ്പു റാലിക്കിടെ സ്ഫോടനങ്ങളുണ്ടായതു ചൂണ്ടിക്കാട്ടുന്നതിനിടെയാണു ഹിന്ദുക്കളും മുസ്ലിംകളും പരസ്പരമല്ല, മറിച്ചു ദാരിദ്യ്രത്തിനെതിരായാണു പൊരുതേണ്ടതെന്നു മോദി നിര്‍ദേശിച്ചത്. നമ്മള്‍ ഇതിനോടകംതന്നെ വേണ്ടതിലധികം പോരടിച്ചു കഴിഞ്ഞു, ഇനി ദാരിദ്യ്രത്തിനെതിരെ ഒരുമിച്ചു പോരാടാം എന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.


അധികാരത്തിലേറി വെറും ഒമ്പതു മാസംകൊണ്ട് എല്ലാ വാഗ്ദാനങ്ങളും നിറവേറ്റാന്‍ കഴിയില്ലെന്നു പറഞ്ഞ മോദി തെരഞ്ഞെടുപ്പു വിജയങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ വിലയിരുത്തുന്നതു ശരിയല്ലെന്നന്നും ചൂണ്ടിക്കാട്ടി. ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതിയെ ന്യായീകരിച്ച മോദി നിയമ ഭേദഗതിയില്‍ കര്‍ഷക വിരുദ്ധ നിലപാടുകള്‍ ഉണ്െടങ്കില്‍ തിരുത്തുമെന്നും പറഞ്ഞു. നിലവില്‍ അനുയോജ്യമായ മാറ്റങ്ങളാണു ഭേദഗതിയിലുള്ളത്. എന്നാല്‍, സംസ്ഥാന മുഖ്യമന്ത്രിമാരുടെ അഭിപ്രായം തേടിയ ശേഷമാണു നിയമഭേദഗതിയുണ്ടാക്കിയതെന്നും പറഞ്ഞു.

കള്ളപ്പണത്തെക്കുറിച്ചു സംസാരിക്കാന്‍ രാജ്യത്തെ നിര്‍ബന്ധിച്ചതു തങ്ങളാണെന്നു പറഞ്ഞ മോദി, തന്റെ സര്‍ക്കാരിന്റെ ആദ്യ കാബിനറ്റു യോഗത്തില്‍തന്നെ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ തീരുമാനിച്ചുവെന്നും പറഞ്ഞു. വിദേശത്തു നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെയെത്തിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തന്റെ വിദേശ സന്ദര്‍ശനങ്ങളെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയായി മുന്‍പും പ്രധാനമന്ത്രിമാര്‍ വിദേശയാത്ര നടത്തിയിട്ടുണ്െടന്നും ഇതൊന്നും ചര്‍ച്ച ചെയ്യുന്ന വിധത്തില്‍ രാഷ്ട്രീയം തരം താഴരുതെന്നും പറഞ്ഞു.

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച മോദി, തൊഴിലുറപ്പുപദ്ധതി യുപിഎ സര്‍ക്കാരിന്റെ പരാജയത്തിന്റെ സ്മാരകമാണെന്നു തുറന്നടിച്ചു. പദ്ധതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ദരിദ്രരായ ജനങ്ങള്‍ക്കു പദ്ധതിയിലൂടെ മാസത്തില്‍ കുറച്ചു ദിവസം ചാലുകള്‍ കോരാനുള്ള അവസരം നല്‍കാന്‍ മാത്രമാണ് അധികാരത്തിലിരുന്ന കോണ്‍ഗ്രസിനു സാധിച്ചതെന്നും കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.