മോദി സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ പദ്ധതി അട്ടിമറിച്ചെന്ന് സോണിയഗാന്ധി
മോദി സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ പദ്ധതി അട്ടിമറിച്ചെന്ന് സോണിയഗാന്ധി
Monday, February 2, 2015 12:31 AM IST
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ പദ്ധതി അട്ടിമറിച്ചെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. ജനങ്ങള്‍ക്കു നിരവധി വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ സര്‍ക്കാര്‍ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ നയങ്ങള്‍ തന്നെയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും ഡല്‍ഹിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പു പ്രചാരണ റാലിയില്‍ സോണിയ ആരോപിച്ചു. ബിജെപി മാത്രമല്ല, ആം ആദ്മി പാര്‍ട്ടിയും വാഗ്ദാനങ്ങള്‍ മാത്രമേ നല്‍കാറുള്ളൂവെന്നും സോണിയ കുറ്റപ്പെടുത്തി.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി ആദ്യമായി പങ്കെടുത്ത പൊതുപരിപാടിയാണ് ഇന്നലെ ബദര്‍പൂരില്‍ നടന്നത്. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലായി വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്െടന്നും അധികാരം പിടിച്ചെടുക്കുന്നതിനായാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്നും സോണിയ ചൂണ്ടിക്കാട്ടി.

ത്രിലോക്പുരിയിലും ദില്‍ഷാദ് ഗാര്‍ഡനിലും ഇത്തരത്തിലുണ്ടായ ആസൂത്രിത ശ്രമങ്ങളാണു നടന്നത്. ഇതിനെതിരേ ജനങ്ങള്‍ ജാഗരൂകരാകണം. വലിയ വാഗ്ദാനങ്ങളായിരുന്നു മോദി സര്‍ക്കാര്‍ നല്‍കിയിരുന്നത്. എന്നാല്‍ അവര്‍ എന്താണ് ചെയ്തത്. കള്ളപ്പണത്തില്‍ എന്തു ചെയ്തു? എവിടെ ജോലി? സാധനങ്ങളുടെ വില കുറഞ്ഞോ? സോണിയ ചോദിച്ചു.


ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന്റെ പേരില്‍ ബിജെപി അവരുടെ ഭരണം അടിച്ചേല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ക്രമസമാധാനം തകര്‍ന്നു. ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കു സുരക്ഷയില്ലാതെയായി. മലിനീകരണം ജനങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചു. കര്‍ഷകര്‍ക്കും ഇന്ന് മോശം സമയമാണ്. അവര്‍ക്ക് ആവശ്യമായ പണം ലഭിക്കുന്നില്ല. വാഗ്ദാനങ്ങള്‍ മാത്രമല്ല ഡല്‍ഹിക്കു വേണ്ടത് നല്ല ഭരണമാണ്.

ബിജെപിയും എഎപിയും ശൂന്യമായ വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്നും മുദ്രാവാക്യങ്ങള്‍ കൊണ്ടു രാജ്യം മുന്നോട്ടു പോകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.