അഗ്നി- 5 ബാലിസ്റിക് ആണവ മിസൈല്‍ പരീക്ഷണം വിജയം
അഗ്നി- 5 ബാലിസ്റിക് ആണവ മിസൈല്‍ പരീക്ഷണം വിജയം
Sunday, February 1, 2015 11:54 PM IST
ബാലസോര്‍/ന്യൂഡല്‍ഹി: സാങ്കേതികരംഗത്തു വന്‍ കുതിച്ചുചാട്ടം നടത്തി ഇന്ത്യയുടെ ഭൂഖണ്ഡാന്തര ആണവ ബാലിസ്റിക് മിസൈല്‍ അഗ്നി-5 മൂന്നാംവട്ടവും വിജയകരമായി പരീക്ഷിച്ചു. ഇന്നലെ രാവിലെ എട്ടിന് ഒഡീഷയിലെ വീലര്‍ ദ്വീപില്‍ ഇന്റഗ്രേറ്റഡ് ടെസ്റ് റേഞ്ചിലെ(ഐടിആര്‍) കോംപ്ളക്സ് നാലില്‍നിന്നു മൊബൈല്‍ ലോഞ്ചറിലാണു മിസൈല്‍ പരീക്ഷിച്ചതെന്ന് ഐടിആര്‍ ഡയറക്ടര്‍ എം.വി.കെ.വി. പ്രസാദ് പറഞ്ഞു. 5,000 കിലോമീറ്ററാണ് അഗ്നി- 5 ന്റെ പ്രഹരപരിധി. ആണവ പോര്‍മുന വഹിക്കാന്‍ശേഷിയുള്ള പേടകവും അടങ്ങിയതാണ് അഗ്നിയുടെ പുതിയ പതിപ്പ്.

ഏഷ്യാ ഭൂഖണ്ഡവും പൂര്‍ണമായും അഗ്നി-5 ഉള്‍ക്കൊള്ളും. ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തരകൊറിയ, ഇന്തോനേഷ്യ, തായ്ലന്‍ഡ്, മലേഷ്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാക്ക്, ഈജിപ്ത്, സിറിയ, സുഡാന്‍, ലിബിയ, റഷ്യ, ജര്‍മനി, ഉക്രെയ്ന്‍,ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളും അഗ്നിയുടെ പ്രഹരപരിധിക്കുള്ളിലാണ്.

പേടകത്തിനു താഴെ ഘടിപ്പിച്ച ഗ്യാസ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് 17.5 മീറ്റര്‍ നീളവും രണ്ടുമീറ്റര്‍ വീതിയും 50 ടണ്‍ ഭാരവുമുള്ള അഗ്നി-5 മിസൈല്‍ പുറംതള്ളിയത്. കടലില്‍ നങ്കൂരമിട്ടുകിടന്ന നാവികസേനാ കപ്പല്‍ മിസൈലിന്റെ ഗതി റഡാറില്‍ നിരീക്ഷിച്ചു. റോഡ്, റെയില്‍ മാര്‍ഗം മിസൈലി നെ വഹിച്ചുകൊ ണ്ടുപോകാന്‍ ആക്രമണങ്ങളെ ശക്തമായി ചെറുക്കാനുള്ള പ്രതിരോധ സംവിധാനങ്ങളടങ്ങിയ ഈ പേടകത്തിനു കഴിയും. മാത്രമല്ല, അവശ്യസന്ദര്‍ഭങ്ങളില്‍ പേടകത്തില്‍നിന്നുതന്നെ മിസൈല്‍ വിക്ഷേപിക്കാനുമാകും.


മിസൈലിന്റെ സഞ്ചാരഗതി നിര്‍ണയിക്കാനും അവശ്യസന്ദര്‍ഭങ്ങളില്‍ ഗതി തിരിച്ചുവിടാനും സഹായിക്കുന്ന മൈക്രോ നാവിഗേഷന്‍ സംവിധാനമാണ് അഗ്നി-5ല്‍ ഉപയോഗിച്ചിരിക്കുന്നത്.

2012 ഏപ്രില്‍ 19നാണ് അഗ്നി മിസൈല്‍ ആദ്യമായി പരീക്ഷിച്ചു വിജയിച്ചത്. 2013 സെപ്റ്റംബര്‍ 15നായിരുന്നു രണ്ടാമത്തെ പരീക്ഷണം. 700 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള അഗ്നി-1, 2000 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള അഗ്നി-2, 3500 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള അഗ്നി 3, 4 പതിപ്പുകള്‍ എന്നിവയും പ്രതിരോധ ഗവേഷണ വിഭാഗം വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി എന്നിവര്‍ അഗ്നി-5 പ്രയത്നത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അ ഭിനന്ദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.