റാലിക്കിടെ മാല വിതരണം: കിരണ്‍ ബേദിക്കെതിരേ ആം ആദ്മി പാര്‍ട്ടി
റാലിക്കിടെ മാല വിതരണം: കിരണ്‍ ബേദിക്കെതിരേ ആം ആദ്മി പാര്‍ട്ടി
Saturday, January 31, 2015 12:33 AM IST
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു റാലിക്കിടെ ഒരു വനിതയ്ക്കു നെക്ളേസ് കൈമാറിയ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആം ആദ്മി പാര്‍ട്ടി. കഴിഞ്ഞ ദിവസം കിഴക്കന്‍ ഡല്‍ഹിയിലെ പട്പട്ഗഞ്ചില്‍ നടന്ന തെരഞ്ഞെടുപ്പു റാലിക്കിടെയാണു കിരണ്‍ ബേദി ഒരു വനിതയ്ക്കു മുത്തുമാല സമ്മാനിച്ചത്.

ഡല്‍ഹി തെരഞ്ഞെടുപ്പിന് എട്ടു ദിവസം മാത്രം അവശേഷിക്കെ കിരണ്‍ ബേദി വോട്ടര്‍മാരെ സമ്മാനങ്ങള്‍ നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ ആരോപിച്ചു. ബിജെപിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും പണം വാങ്ങിയിട്ടു വോട്ട് ആം ആദ്മി പാര്‍ട്ടിക്കു നല്‍കണമെന്നു പ്രസംഗിച്ച അരവിന്ദ് കേജരിവാളിനെ തെരഞ്ഞെടുപ്പു കമ്മീഷന്‍ കഴിഞ്ഞ ദിവസം താക്കീതു ചെയ്തിരുന്നു. പിന്നീടുള്ള തെരഞ്ഞെടുപ്പു യോഗങ്ങളിലും കേജരിവാള്‍ ഇതേ പ്രസ്താവന ആവര്‍ത്തിച്ചപ്പോള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ് നല്‍കുകയും ചെയ്തു.


ഇത്തരമൊരു വിവാദത്തില്‍ ആം ആദ്മി പാര്‍ട്ടി നില്‍ക്കുമ്പോഴാണു ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി കിരണ്‍ മാലവിതരണവുമായി രംഗത്തെത്തുന്നത്. ഡല്‍ഹിയില്‍ ബേദിക്കെതിരെ ശക്തമായ പ്രചാരണം നടത്തുന്ന ആം ആദ്മി പാര്‍ട്ടിക്ക് ഇതു വീണുകിട്ടിയ ആയുധമായാണു കണക്കാക്കുന്നത്. അതിനിടെ, ഡല്‍ഹിയില്‍ കലാപം നടന്ന ത്രിലോക്പുരി മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ കിരണ്‍ ബേദിക്ക് വളരെ തണുത്ത സ്വീകരണമാണു ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.