ഡല്‍ഹി പിടിക്കാന്‍ അടവും ചുവടും മാറ്റി അമിത് ഷാ
ഡല്‍ഹി പിടിക്കാന്‍ അടവും ചുവടും മാറ്റി അമിത് ഷാ
Friday, January 30, 2015 10:53 PM IST
സെബി മാത്യു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശ്വാസം പിടിച്ചു പോരാടേണ്ടിവരുമെന്ന ആര്‍എസ്എസിന്റെ മുന്നറിയിപ്പു ലഭിച്ചതോടെ ഡല്‍ഹി പിടിക്കാന്‍ ബിജെപി മരണപ്പോരാട്ടത്തി നൊരുങ്ങി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും പ്രചാരണത്തിന്റെ ചുമതല ഏറ്റെടുത്തു. കിരണ്‍ ബേദിയെ മുന്‍നിര്‍ത്തിയുള്ള ഡല്‍ഹിയിലെ പോരാട്ടം കബഡി മത്സരമാണെന്നും ശ്വാസം പിടിച്ചു പോരാടേണ്ടി വരുമെന്നുമാണ് ആര്‍എസ്എസ് കഴിഞ്ഞ ദിവസം ബിജെപിക്കു നല്‍കിയ താക്കീത്.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വാര്‍ റൂം പണ്ഡിറ്റ് പന്ത് മാര്‍ഗിലെ പാര്‍ട്ടി സംസ്ഥാന ഘടകം ഓഫീസില്‍നിന്നു പൂര്‍ണമായും അശോക റോഡിലെ ബിജെപി ദേശീയ ആസ്ഥാനത്തേക്കു മാറ്റി. അമിത്ഷാ തന്റെ വിശ്വസ്തരായ നേതാക്കളുമൊത്ത് ഇവിടെനിന്നാണു തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നേരിട്ടു നിയന്ത്രിക്കുന്നത്. കേന്ദ്രമന്ത്രിമാരുള്‍പ്പടെ എംപിമാരും സംസ്ഥാന നേതാക്കളും അടങ്ങുന്ന വലിയ നിര തന്നെ ബിജെപിക്കു വേണ്ടി അടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയില്‍ പ്രചാരണത്തിനിറങ്ങും. വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ തിരക്കുകള്‍ക്കിടയിലും ഒരു ദിവസം രണ്ടു മണിക്കൂര്‍ വീതം ഡല്‍ഹി തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വയ്ക്കുമെന്നു അരുണ്‍ ജയ്റ്റ്ലിയും വ്യക്തമാക്കി.

ഡല്‍ഹിയിലും പുറത്തുമുള്ള വിശ്വസ്തരാണ് അമിത്ഷായോടൊപ്പം തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. യുപി ലോക്സഭാ തെരഞ്ഞെടുപ്പിലും ജാര്‍ഖണ്ഡ് അസംബ്ളി തെരഞ്ഞെടുപ്പിലും അമിത്ഷായുടെ വിശ്വസ്തരായി പ്രവര്‍ത്തിച്ച നേതാക്കളായ വിഷ്ണു ദത്ത് ശര്‍മ, രാകേഷ് ജെയിന്‍, രാഘവേന്ദ്ര, രഘുനാഥ് കുല്‍ക്കര്‍ണി, ഷേര്‍ സിംഗ്, മഹേന്ദ്ര പാണ്ഡേ തുടങ്ങിയ നേതാക്കള്‍ ഈ ടീമില്‍ ഉള്‍പ്പെടുന്നു. ഇതിനു പുറമേ ആര്‍എസ്എസ് സംസ്ഥാന ഘടകങ്ങളില്‍നിന്നുള്ള പ്രതിനിധികളുമുണ്ട്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അമിത്ഷാ പ്രത്യേക തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളും വിളിച്ചു ചേര്‍ക്കുന്നുണ്ട്. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ലെന്ന് ഇന്നലെ വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ അമിത്ഷാ കുറ്റപ്പെടുത്തി.

22 കേന്ദ്രമന്ത്രിമാര്‍ക്കു പുറമേ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 120 ബിജെപി എംപിമാരെയും 13 സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി നേതാക്കളെയും ഡല്‍ഹിയില്‍ പ്രചാരണത്തിനിറക്കാന്‍ ഇന്നലെ പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കേന്ദ്ര മന്ത്രിമാരായ രാജ് നാഥ് സിംഗ്, സുഷമാ സ്വരാജ്, നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി, ജെ.പി നദ്ദ തുടങ്ങിയവര്‍ വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുന്‍നിരയില്‍ നില്‍ക്കും.

അടുത്ത ദിവസങ്ങളിലായി ഡല്‍ഹിയില്‍ നടക്കുന്ന 250 തെരഞ്ഞെടുപ്പു റാലികളില്‍ നാലെണ്ണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടര്‍മാരെ അഭിസംബോധന ചെയ്യും. ഇതുവരെ തെരഞ്ഞെടുപ്പു പത്രിക പുറത്തിറക്കാത്ത ബിജെപി മോദിയുടെ വികസന കാഴ്ചപ്പാടുകള്‍ ഉള്‍പ്പെടുത്തിയ വിഷന്‍ ഡോക്യുമെന്റ് നരേന്ദ്ര മോദിയും മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയും ചേര്‍ന്ന് അടുത്ത് ദിവസം പുറത്തിറക്കും. ഡല്‍ഹിക്കു സംസ്ഥാന പദവി എന്ന ആവശ്യത്തെച്ചൊല്ലി മുതിര്‍ന്ന നേതാക്കള്‍ക്കിടയിലുള്ള ഭിന്നതയാണു നിയമസഭാ തെരഞ്ഞെടുപ്പിന് ഒമ്പത് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കുന്നതില്‍നിന്നും പിന്‍വലിയാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്.


എന്നാല്‍, തെരഞ്ഞെടുപ്പ് പ്രകടന പത്രികയല്ല തങ്ങള്‍ പുറത്തിറക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയുടെയും വികസന കാഴ്ചപ്പാടുകളടങ്ങുന്ന രേഖകളായിരിക്കും പുറത്തിറക്കുകയെന്നും പാര്‍ട്ടി നേതാവ് അനന്ത് കുമാറാണ് അറിയിച്ചത്. തന്റെ വികസന കാഴ്ച്ചപ്പാടുകളടങ്ങുന്ന പ്രവര്‍ത്തന രേഖ 'കിരണ്‍സ് ബ്ളുപ്രിന്റ്' എന്ന പേരില്‍ കിരണ്‍ ബേദി ഇന്നലെ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ഇതിലെ നിര്‍ദേശങ്ങളും ബിജെപിയുടെ വിഷന്‍ സ്റേറ്റ്മെന്റിലുണ്ടാകും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായ അറിയിച്ചു.

ഡല്‍ഹി പോലീസിന്റെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിനാണെന്നതാണ് സംസ്ഥാന പദവിക്കുള്ള ആവശ്യം ഉയര്‍ന്നുവരാന്‍ കാരണം. സംസ്ഥാന പദവി ലഭിക്കുന്നതോടെ ക്രമസമാധാന ചുമതല സംസ്ഥാന സര്‍ക്കാരിനാകും. അതോടെ ഡല്‍ഹി പോലീസിന്റെ നിയന്ത്രണവും സംസ്ഥാനത്തിന് ലഭിക്കും. തലസ്ഥാന നഗരിയിലെ സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇതാണ് ഉചിതമെന്ന് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം വ്യക്തമാക്കിയതാണ്. ഡല്‍ഹിയില്‍ ബിജെപിയുടെ മുഖ്യ എതിരാളിയായ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഇക്കാര്യം മുന്‍പ് ഉന്നയിച്ചുവെന്നതും ബിജെപിയെ വെട്ടിലാക്കുന്നു.

ഇതിനു പുറമേ ദിവസം ആം ആദ്മി പാര്‍ട്ടി നേതാവ് കേജരിവാളിനോട് അഞ്ചു ചോദ്യങ്ങള്‍ ചോദിക്കാന്‍ തീരുമാനിച്ചതായും പാര്‍ട്ടി സംസ്ഥാന ഘടകം അധ്യക്ഷന്‍ സതീഷ് ഉപാധ്യായ അറിയിച്ചു. ഇതിന്റെ ആദ്യഘട്ടമായി കേജരിവാളിനോടുള്ള അഞ്ചു ചോദ്യങ്ങളുമായി കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും രാജീവ് പ്രതാപ് റൂഡിയും രംഗത്തെത്തി.

2013ല്‍ കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ വേണ്െടന്നു പറഞ്ഞ കേജരിവാള്‍ എന്തു കൊണ്ടാണ് നിലപാട് മാറ്റി കോണ്‍ഗ്രസ് പിന്തുണ നേടി അധികാരത്തിലെത്തിയത്. അധികാരത്തിലെത്തിയാല്‍ ഷീലാ ദീക്ഷിതിനെതിരേ നടപടിയെടുക്കുമെന്നു കേജരിവാള്‍ പിന്നീടു പിന്‍വാങ്ങിയതെന്തു കൊണ്ടാണ്. സാധാരണക്കാരാനായി ജീവിക്കുമെന്നും പ്രത്യേക സുരക്ഷ വേണ്െടന്നും പറഞ്ഞ കേജരിവാള്‍ എന്തിനാണ് യുപിയില്‍ സെഡ് കാറ്റഗറി സുരക്ഷയും ഡല്‍ഹി പോലീസിന്റെ സംരക്ഷണവും തേടിയത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കു വേണ്ടി കേജരിവാള്‍ സര്‍ക്കാര്‍ ആഡംബര കാറുകള്‍ ആവശ്യപ്പെട്ടതെന്തു കൊണ്ട്. സ്വാകാര്യ വിമാന യാത്രകളെ എതിര്‍ത്തിരുന്ന കേജരിവാള്‍ എന്തുകൊണ്ട് അതുപോലെ തന്നെ യാത്ര ചെയ്തു എന്നതുള്‍പ്പടെ അഞ്ചു ചോദ്യങ്ങളാണു ബിജെപി ഇന്നലെ ചോദിച്ചത്.

നിലവില്‍ ഡല്‍ഹിയില്‍ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ച നേതാക്കളെ ഉത്സാഹക്കുറിവിന്റെ പേരില്‍ അമിത്ഷാ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. അതിനിടെ, കിരണ്‍ ബേദിക്കു വേണ്ടി പ്രചാരണത്തിനിറങ്ങാനുള്ള മടി കേന്ദ്രമന്ത്രിമാരടക്കമുള്ളവരില്‍ പ്രകടമാണ്.

കഴിഞ്ഞ ദിവസം രോഹിണി നഗറില്‍ പ്രചാരണത്തിനിറങ്ങിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ചു ഒരക്ഷരം പോലും പറയാതിരുന്നതു ശ്രദ്ധേയമായി. കിരണ്‍ ബേദിയെ സ്ഥാനാര്‍ഥിയാക്കിയതിലുള്ള അസ്വാരസ്യം ഇപ്പോഴും ഡല്‍ഹി ബിജെപിക്കുള്ളില്‍ കെടാതെ പുകഞ്ഞു കൊണ്ടിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.