അനധികൃത ഖനനക്കേസ്: ജനാര്‍ദന്‍ റെഡ്ഡി സിബിഐക്കു മൊഴിനല്‍കി
Friday, January 30, 2015 12:08 AM IST
ഹൈദരാബാദ്: അനധികൃത ഖനനക്കേസില്‍ ആരോപണവിധേയനായ കര്‍ണാടക മുന്‍മന്ത്രി ഗലി ജനാര്‍ദന്‍ റെഡ്ഡിയും കൂട്ടാളികളും സിബിഐ പ്രത്യേക കോടതിക്കു മുമ്പാകെ ഹാജരായി മൊഴിനല്‍കി. ഗലി ജനാര്‍ദന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഒബുലാപുരം മൈനിംഗ് കമ്പനി ഖനനം നടത്തുന്ന ബെല്ലാരിയിലെ പാട്ടസ്ഥലത്തിനു ചുറ്റുമുള്ള സ്ഥലം അനധികൃതമായി കൈയേറി ഖനനം നടത്തി എന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ആദ്യമായാണ് ഇവര്‍ സിബിഐ സംഘത്തിനുമുന്നില്‍ ഹാജരാകുന്നത്്. കേസിന്റെ അടുത്ത വിചാരണ ഫെബ്രുവരി 19ന് നടത്തും.

കര്‍ണാടകയുടെയും ആന്ധ്രാപ്രദേശിന്റെയും നിയന്ത്രണത്തിലുള്ള ബെല്ലാരി റിസര്‍വ് വനപ്രദേശത്താണ് ഇവര്‍ അനധികൃതമായി ഖനനം നടത്തിയത്. കേസില്‍ ഗലി ജനാര്‍ദന്‍ റെഡ്ഡിയും ഭാര്യാസഹോദരനും ഒബുലാപുരം മൈനിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറുമായ ശ്രീനിവാസറെഡ്ഡിയും സുപ്രീംകോടതിയില്‍നിന്നു ജാമ്യം നേടിയിരുന്നു.


അതേസമയം ആന്ധ്രാ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയും ഇന്നലെ പ്രത്യേക സിബിഐ കോടതി മുമ്പാകെ ഹാജരായി മൊഴിനല്‍കി. മുന്‍ ആന്ധ്രാപ്രദേശ് മന്ത്രിമാരായ സബിത ഇന്ദ്രറെഡ്ഡി, മോപിദേവി വെങ്കിട്ടരമണറാവു, ധര്‍മനപ്രസാദറാവു എന്നിവരും ചില ഐഎഎസ് ഉദ്യോഗസ്ഥരും വ്യവസായികളും അനധികൃതഖനനവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ അന്വേഷണം നേരിടുന്നുണ്ട്. ഇവരും ഇന്നലെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.