ജനക്പുരിയില്‍ ജഗദീഷ് മുഖിയെ ആപ്പിലാക്കാന്‍ മരുമകന്റെ മുഖം
Friday, January 30, 2015 10:56 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയായിരിക്കും തന്റെ മുഖ്യ എതിരാളിയെന്നു കരുതി ആറാം തവണയും ജനക്പുരിയില്‍നിന്നു ജനവിധി തേടാനൊരുങ്ങുവേ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പേരു പുറത്തു വന്നതോടെ ബിജെപി നേതാവ് ജഗദീഷ് മുഖി ആപ്പിലായി. മകളുടെ ഭര്‍ത്താവ് സുരേഷ് കുമാറാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇതോടെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി രാജേഷ് ഋഷി ഉയര്‍ത്തുമെന്നു കരുതിയിരുന്ന വെല്ലുവിളികളെ നേരിടാന്‍ കരുതി വച്ച അടവുകളൊന്നും തന്നെ പോരാതെ വരുമെന്ന ആശങ്കയിലാണു മുന്‍പ് ബിജെപി ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്കു പോലും പരിഗണിച്ചിരുന്ന ജഗദീഷ് മുഖി.

രണ്ടു വ്യക്തികള്‍ തമ്മിലും രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലും ഉള്ള പോരാട്ടം എന്നതിനേക്കാള്‍ ഇതു രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നാണു ഭാര്യാപിതാവിനെതിരേ തെരഞ്ഞെടുപ്പിനിറങ്ങിയ സുരേഷ് കുമാര്‍ പറയുന്നത്. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന പാര്‍ട്ടി എന്നു പറയുന്നതു കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസിനു വ്യക്തമായ ആശയങ്ങളും ജനങ്ങള്‍ക്കു മുന്നില്‍ വെക്കാനുള്ള പ്രകടനപത്രികയുണ്െടന്നും അതു കൊണ്ടു തന്നെ ഭാര്യാപിതാവിനെതിരായ മത്സരം ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. ജനക്പുരിയില്‍ ഇത്തവണ വ്യക്തിഗത മത്സരമല്ലെന്നും വിഭിന്ന ആശയങ്ങളാണു ജനവിധി തേടുന്നതെന്നുമാണു മരുമകനെതിരേ മത്സരിക്കുന്നതിനെ കുറിച്ചു ജഗദീഷ് മുഖിയും പറയുന്നത്.

മണ്ഡലത്തില്‍ ഒട്ടു മിക്ക വോട്ടര്‍മാരെയും തനിക്കു നേരിട്ടറിയാമെന്നു പറഞ്ഞ സുരേഷ് കുമാര്‍ ജഗദീഷ് മുഖിക്കു കിട്ടാനുള്ള വോട്ടുകള്‍ കൂടി തനിക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ്. ബിജെപിയിലെ ഒട്ടു മിക്ക പ്രവര്‍ത്തകരെയും നേരിട്ടറിയാം. മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഇവരില്‍ പലരും തന്നെ നേരിട്ടു ബന്ധപ്പെട്ടിരുന്നു. ജഗദീഷ് മുഖി വഴി തന്നൊണ് ബിജെപിക്കാരുമായി അടുത്തത്. ഇവരില്‍ 25 ശതമാനത്തോളം പേര്‍ തനിക്കു തന്നെ വോട്ടു ചെയ്യുമെന്നും തനിക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും സുരേഷ് കുമാര്‍ പറയുന്നു.


കഴിഞ്ഞ കുറേ വര്‍ഷക്കാലമായി ജനക്പുരി ഒരു യുവ നേതൃത്വം ഇല്ലാതെ വിഷമിക്കുകയാണെന്നാണു സുരേഷ് കുമാര്‍ പറയുന്നത്. അഞ്ചാം തവണയാണു ജഗദീഷ് മുഖി ഇവിടെനിന്നും ജനവിധി തേടുന്നതെന്നതാണു സുരേഷ് കുമാറിന്റെ പ്രസ്താവനയെ ശ്രദ്ദേയമാക്കുന്നത്. പരോക്ഷമായി തന്റെ ഭാര്യാപിതാവിന്റെ തുടര്‍ച്ചയായ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ തള്ളിപ്പറയുകയാണു സുരേഷ്. മണ്ഡലത്തില്‍ നടത്തിയെന്നു സിറ്റിംഗ് എംഎല്‍എ അവകാശപ്പെടുന്ന വികസനങ്ങള്‍ വെറും പുറംമോടികള്‍ മാത്രമാണെന്നും യഥാര്‍ഥ വികസനം എന്നു പറയുന്നത് പാവങ്ങള്‍ക്കു കുടിവെള്ളവും പാര്‍പ്പിടവും ഉറപ്പാക്കുകയാണെന്നും പറഞ്ഞു കൊണ്ടാണു സുരേഷ് കുമാര്‍ പ്രചാരണം നടത്തുന്നത്.

ഡല്‍ഹിയില്‍ ബിജെപി കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനത്തു നിര്‍ത്തുന്നതിനു മുന്‍പ് ഇതേ സ്ഥാനത്തേക്കു പറഞ്ഞു കേട്ടിരുന്നതു ജഗദീഷ് മുഖിയെ ആയിരുന്നു. ആം ആദ്മി പാര്‍ട്ടിയും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ജഗദീഷ് മുഖിയെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ പരിഗണിച്ചാണ് ആദ്യഘട്ടത്തില്‍ പ്രചാരണം നടത്തി വന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.