നിതാരി കൂട്ടക്കൊല: സുരേന്ദര്‍ കോലിയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി
നിതാരി കൂട്ടക്കൊല: സുരേന്ദര്‍ കോലിയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി
Thursday, January 29, 2015 12:16 AM IST
അലഹബാദ്: നിതാരി കൂട്ടക്കൊലക്കേസില്‍ സുരേന്ദര്‍ കോലിയുടെ വധശിക്ഷ അലഹാബാദ് ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു. കോലിയുടെ ദയാഹര്‍ജി തീര്‍പ്പാക്കാന്‍ ക്രമാതീതമായി കാലതാമസം വരുത്തിയെന്ന ആരോപണം ശരിവച്ചാണ് വധശിക്ഷ ജീവപര്യന്തമായി ഹൈക്കോടതി കുറച്ചത്.

ചീഫ് ജസ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റീസ് പി.കെ.എസ്. ഭഗീല്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു ശിക്ഷയില്‍ ഇളവ് നല്കിയത്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ് സ് (പിയുഡിആര്‍) എന്ന എന്‍ജിഒ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍മേലാണു വിധി. കോലിയുടെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ മൂന്നു വര്‍ഷവും മൂന്നു മാസവും സമയമെടുത്തു.

വധശിക്ഷയെ ഇക്കാരണത്താല്‍ ചോദ്യംചെയ്തു കോലി സമര്‍പ്പിച്ച ഹര്‍ജിയും പൊതുതാല്പര്യ ഹര്‍ജിക്കൊപ്പം പരിഗണിച്ചിരുന്നു. ഗാസിയാബാദ് സിബിഐ പ്രത്യേക കോടതി 2009 ഫെബ്രുവരി 13 നാണ് കോലിക്കു വധശിക്ഷ വിധിച്ചത്. കോലിയുടെ വധശിക്ഷയ്ക്കെതിരേ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31 നാണ് പിയുഡിആര്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.


നോയിഡയില്‍നിന്നു കാണാതായ പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങള്‍ അഴുക്കുചാലില്‍നിന്നു കണ്െടത്തിയതിനെത്തുടര്‍ന്ന് 2006 ഡിസംബര്‍ 29 ആണ് കോലിയും മോഹീന്ദര്‍ സിംഗ് പന്ദേറും അറസ്റിലായത്. 2009 സെപ്റ്റംബര്‍ 12 ന് കോലിയെ തൂക്കിലേറ്റാന്‍ വിചാരണക്കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചു. എന്നാല്‍, സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുന്നതിനാല്‍ വധശിക്ഷ സ്റേ ചെയ്തു. 2011 മേയ് ഏഴിന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ക്കു ദയാഹര്‍ജി നല്കി. 2013 ജൂലൈ 19ന് ദയാഹര്‍ജി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കൈമാറി. 2014 ജൂലൈ 20നു രാഷ്ട്രപതി മടക്കിയയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.