സ്പെക്ട്രം ലേലത്തില്‍ പ്രതീക്ഷ ഒരു ലക്ഷംകോടി
സ്പെക്ട്രം ലേലത്തില്‍ പ്രതീക്ഷ ഒരു ലക്ഷംകോടി
Thursday, January 29, 2015 12:45 AM IST
ന്യൂഡല്‍ഹി: 3ജി മൊബൈല്‍ സര്‍വീസിന് ഉപയോഗിക്കുന്ന സ്പെക്ട്രം ഒരു മെഗാഹെര്‍ട്സിന് 3705 കോടിരൂപ അടിസ്ഥാനവിലയായി കേന്ദ്ര കാബിനറ്റ് നിശ്ചയിച്ചു. മാര്‍ച്ച് നാലിന് സ്പെക്ട്രം ലേലം തുടങ്ങും. ഇതോടൊപ്പം 2ജി സ്പെക്ട്രം ലേലവും ഉണ്ട്.

ഒരുലക്ഷത്തില്‍പരം കോടി രൂപ ഈ ലേലത്തില്‍നിന്നു കിട്ടുമെന്ന് ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നു. ഇത്രയും സ്പെക്ട്രം ലേലം ഇതിനുമുമ്പ് നടന്നിട്ടില്ല.

3 ജിയില്‍ 17,555 കോടിയും 2 ജിയില്‍ 82,395 കോടിയുമാണു പ്രതീക്ഷ. ഇതില്‍ 21,793 കോടി ഇക്കൊല്ലം സര്‍ക്കാരിനു കിട്ടും. ബാക്കി വരും വര്‍ഷങ്ങളിലാണു കിട്ടുക.

ടെലികോം റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായി) നിര്‍ദേശിച്ച അടിസ്ഥാനവില 2720 കോടിരൂപയായിരുന്നു. അതിനേക്കാള്‍ 36 ശതമാനം കൂടുതലാണ് കാബിനറ്റ് നിശ്ചയിച്ച വില. 2010-ലെ ലേലത്തില്‍ ലഭിച്ചതിലും 11 ശതമാനം കൂടുതലാണ് ഈ വില.


2ജി ലേലത്തിനുള്ള 900 മെഗാഹെര്‍ട്സില്‍ 3980 കോടിയും 1800 മെഗാഹെര്‍ട്സില്‍ 2191 കോടിയും 800 മെഗാഹെര്‍ട്സില്‍ 3646 കോടിയുമാണ് ഓരോ മെഗാഹെര്‍ട്സിനുമുള്ള അടിസ്ഥാനവില.

പ്രതിരോധവകുപ്പിന്റെ കൈയിലിരുന്നതാണ് 2100 മെഗാഹെര്‍ട്സ് സ്പെക്ട്രം. 1900 മെഗാഹെര്‍ട്സിലൂടെ 15 മെഗാഹെര്‍ട്സ് സ്പെക്ട്രം പകരം നല്‍കിയാണ് 2100 മെഗാഹെര്‍ട്സിലെ അഞ്ചു മെഗാഹെര്‍ട്സ് ടെലികോം വകുപ്പ് വാങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.