ഹിന്ദി പറഞ്ഞ് ഒബാമ സദസിനെ കൈയിലെടുത്തു
Wednesday, January 28, 2015 12:24 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: "ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗെ'' അമേരിക്കന്‍ ഇംഗ്ളീഷ് ചുവയില്‍ ബറാക് ഒബാമയുടെ ഹിന്ദി വാക്കുകള്‍ ഹിറ്റായി. ഒപ്പം ഇന്ത്യാക്കാരുടെ അഭിമാനമായ ഷാരൂഖ് ഖാനെയും മില്‍ഖാസിംഗിനെയും മേരി കോമിനെയും മാതൃകയാക്കണമെന്നുകൂടി പറഞ്ഞപ്പോള്‍ ഒബാമ ശരിക്കും ഇന്ത്യയുടെ ഹൃദയത്തില്‍ ഇടംനേടി. ഡല്‍ഹിയിലെ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഹിന്ദി പറഞ്ഞ് കൈയടി നേടിയത്.

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെയും അദ്ദേഹം അഭിനയച്ച ദില്‍വാലെ ദുല്‍ഹാനിയാ ലേ ജായേംഗെ എന്ന ചലച്ചിത്രവും എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ഒബാമ ഹിന്ദി പ്രയോഗങ്ങള്‍ക്കു തുടക്കമിട്ടത്. 2010ല്‍ നടത്തിയ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഭാര്യ മിഷേലുമായി ചേര്‍ന്നു നടത്തിയ ഭാംഗ്ര നൃത്തം ഓര്‍മിപ്പിച്ച ഒബാമ, ഇത്തവണ നൃത്ത പരിപാടികളൊന്നും സംഘടിപ്പിച്ചിട്ടില്ലെന്നും അറിയിച്ചു. സെനോരിറ്റാ, ബഡേ ബഡേ ദേശോം മേം... എന്താണ് ഞാന്‍ ഉദ്ദേശിച്ചതെന്നു നിങ്ങള്‍ക്കു മനസിലായിക്കാണും- നിലയ്ക്കാത്ത കൈയടികള്‍ക്കിടയില്‍ ഒബാമ പറഞ്ഞൊപ്പിച്ചു.


തുടര്‍ന്ന്, ഇന്ത്യയില്‍ മതസ്വാതന്ത്യ്രത്തിന്റെ പ്രസക്തി വിവരിക്കുന്നതിനിടെയാണ് ഒബാമ ഷാരൂഖ്, മില്‍ക്ക, മേരികോം എന്നിവരുടെ വിജയങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

ഷാരൂഖ് ഖാന്റെയും മേരി കോമിന്റെയും മില്‍ഖാ സിംഗിന്റെയും വിജയങ്ങള്‍ എല്ലാ ഇന്ത്യക്കാരും തുല്യമായി ആഘോഷിക്കണം, അത് ത്വക്കിന്റെ നിറം നോക്കിയോ വിശ്വാസത്തിന്റെയോ പേരിലാ ആകരുത്- ഒബാമ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിനുള്ള കൃതജ്ഞത വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ച വരികളിലും ഒബാമ ഉപയോഗിച്ച ഹിന്ദിവാക്കുകള്‍ പ്രയോഗിച്ചതും ഇതിനേറെ പ്രചാരം കൊടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.