ജര്‍ണയില്‍ സിംഗുമാര്‍ അഞ്ച്; വോട്ടര്‍മാര്‍ക്കു കണ്‍ഫ്യൂഷന്‍
Wednesday, January 28, 2015 12:33 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ആശയക്കുഴപ്പത്തിലാണ്. രണ്ടു മണ്ഡലങ്ങളിലായി ജര്‍ണയില്‍ സിംഗ് എന്നു പേരുള്ള അഞ്ചു പേരാണ് ഇവിടെ മത്സരിക്കുന്നത്.

ആ ം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളായ രണ്ടു ജര്‍ണയില്‍ സിംഗുമാര്‍ രജൌരി ഗാര്‍ഡനിലും തിലക് നഗറിലുമാണു മത്സരിക്കുന്നത്. രണ്ടു മണ്ഡലങ്ങളിലുമായി ഇതേ പേരില്‍ മൂന്നു അപരന്‍മാരും വോട്ട് തേടുന്നുണ്ട്.

ഇക്കുറിയും അപരന്‍മാര്‍ തന്റെ കാലു വാരുമെന്ന ഭീതിയിലാണു രജൌരി ഗാര്‍ഡനിലെ ആം ആദ്മി സ്ഥാനാര്‍ഥി ജര്‍ണയില്‍ സിംഗ്. ഇതേ പേരിലുള്ള രണ്ടു സ്ഥാനാര്‍ഥികളാണ് ഇവിടെ നിന്നും ജനവിധി തേടുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ജര്‍ണയില്‍ സിംഗിന്റെ പരാജയത്തിനു വഴി തെളിച്ചതിനു കാരണം അപരന്‍മാര്‍ വോട്ടു പിടിച്ചതായിരുന്നു.

ബിജെപി സ്ഥാനാര്‍ഥി പര്‍വേശ് സാഹിബ് സിംഗ് ആയിരുന്നു കഴിഞ്ഞ തവണ വിജയിച്ചത്. ജര്‍ണയില്‍ സിംഗിനു 3, 82,809 വോട്ടുകള്‍ പിടിച്ചപ്പോള്‍ അപരന്‍മാരായ ജെര്‍ണയില്‍ സിംഗുമാര്‍ 90,000 വോട്ടുകള്‍ നേടി.


തന്നെ തോല്‍പിക്കാന്‍ വേണ്ടി ബിജെപി കരുതിക്കൂട്ടി ഒരേ പേരിലുള്ള അപരന്‍മാരെ നിര്‍ത്തിയിരിക്കുകയാണെന്നാണു യഥാര്‍ഥ ജര്‍ണയില്‍ സിംഗിന്റെ ആരോപണം. ബിജെപിയുടെ സ്ഥാനാര്‍ഥിക്കു വേണ്ടി അവര്‍ മണ്ഡലത്തില്‍ കാര്യമായ പ്രചാരണങ്ങളൊന്നും തന്നെ നടത്തുന്നില്ല.

വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കാനുള്ള പദ്ധതികളാണ് അവര്‍ ആസൂത്രണം ചെയ്യുന്നതെന്നും ജര്‍ണയില്‍ സിംഗ് ചൂണ്ടിക്കാട്ടുന്നു. മുന്‍ ധനമന്ത്രി പി. ചിദംബരത്തിനു നേരെ ഷൂസ് വലിച്ചെറിഞ്ഞതിലൂടെയാണു മാധ്യമപ്രവര്‍ത്തകനായിരുന്നു ജര്‍ണയില്‍ സിംഗ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഏറെക്കുറെ എല്ലാ വോട്ടര്‍മാര്‍ക്കും തന്നെ അറിയാം.

ആം ആദ്മി പാര്‍ട്ടി അംഗം എന്നതിലുപരി വ്യക്തിപരമായും മണ്ഡലത്തിലെ വോട്ടുകളേറെയും തനിക്കു ലഭിക്കും.

ഇതു മനസിലാക്കിയ ബിജെപി അപരന്‍മാരെ നിര്‍ത്തി അപഹാസ്യ രാഷ്ട്രീയം കളിക്കുകയാണെന്നും ജര്‍ണയില്‍ സിംഗ് ആരോപിക്കുന്നു. 57 കാരനായ ഒരു വ്യവസായിയും 60 വയസുള്ള ഒരു മെക്കാനിക്കുമാണു മണ്ഡലത്തില്‍ ജര്‍ണയില്‍ സിംഗിന്റെ അപരന്‍മാര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.