കരുത്തു തെളിയിച്ചു റിപ്പബ്ളിക് ദിന പരേഡ്, കൈയടികളോടെ ഒബാമയും മിഷേലും
കരുത്തു തെളിയിച്ചു റിപ്പബ്ളിക് ദിന പരേഡ്, കൈയടികളോടെ ഒബാമയും മിഷേലും
Wednesday, January 28, 2015 11:50 PM IST
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സൈനിക കരുത്തും സാംസ്കാരികവൈവിധ്യവും വിളിച്ചറിയിച്ചു ഡല്‍ഹിയിലെ രാജവീഥിയില്‍ നടന്ന റിപ്പബ്ളിക്ദിന പരേഡില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ മുഖ്യാതിഥിയായി പങ്കെടുത്തു. ഒബാമയുടെയും ഭാര്യ മിഷേലിന്റെയും മനം കവര്‍ന്ന അതിര്‍ത്തിരക്ഷാസേനാ (ബിഎസ്എഫ്) ഭടന്മാരുടെ മോട്ടോര്‍സൈക്കിള്‍ അഭ്യാസപ്രകടനം ഉള്‍പ്പെടെ ഒട്ടേറെ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ഇത്തവണ ആഘോഷ പരിപാടികളില്‍ ഉണ്ടായിരുന്നു.

ബുള്ളറ്റ്പ്രൂഫ് സംവിധാനമുള്ള പ്രത്യേക വേദിയില്‍ ഭാര്യ മിഷേലിനൊപ്പം ഇരുന്ന ഒബാമ കൈയടികളോടെയാണു മോട്ടോര്‍സൈക്കിളില്‍ ബിഎസ്എഫ് ഭടന്മാര്‍ നടത്തിയ പ്രകടനങ്ങള്‍ വീക്ഷിച്ചത്. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി പരീക്കര്‍ എന്നിവര്‍ ഒബാമയ്ക്കൊപ്പം വേദിയിലുണ്ടായിരുന്നു.


രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ദേശീയപതാക ഉയര്‍ത്തിയതോടെയാണ് ആഘോഷപരിപാടികള്‍ക്ക് ഔപചാരിക തുടക്കമായത്. പിന്നാലെ ദേശീയഗാനം ആലപിച്ചു. തുടര്‍ന്ന് ആചാരവെടികള്‍ മുഴങ്ങി. രാജ്പഥില്‍ ലഫ്.ജനറല്‍ സുബ്രതോ മിത്രയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച്പാസ്റില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അഭിവാദ്യം സ്വീകരിച്ചു. 31 വിമാനങ്ങള്‍ ആകാശത്തു ദൃശ്യവിസ്മയം തീര്‍ത്ത അഭ്യാസപ്രകടനങ്ങളോടെയാണു പരേഡ് സമാപിച്ചത്. വ്യോമസേനയുടെ 27 വിമാനങ്ങള്‍ക്കു കരസേനയുടെയും നാവികസേനയുടെയും ആറു ഹെലികോപ്റ്ററുകള്‍ അകമ്പടിയായി. നേരത്തെ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും സേനാതലവന്മാരും അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഏകദേശം 45,000 സുരക്ഷാഭടന്മാരെ നിയോഗിച്ചായിരുന്നു ഡല്‍ഹിയിലെ സുരക്ഷാ ഏര്‍പ്പാടുകള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.