അഡ്വാനിക്കും അമിതാഭ് ബച്ചനും ദിലീപ് കുമാറിനും കെ.കെ. വേണുഗോപാലിനും പദ്മവിഭൂഷണ്‍
അഡ്വാനിക്കും അമിതാഭ് ബച്ചനും ദിലീപ് കുമാറിനും കെ.കെ. വേണുഗോപാലിനും പദ്മവിഭൂഷണ്‍
Monday, January 26, 2015 12:27 AM IST
ജിജി ലൂക്കോസ്

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി, ബോളിവുഡ് നടന്മാരായ അമിതാഭ്് ബച്ചന്‍, ദിലീപ് കുമാര്‍, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ.കെ. വേണുഗോപാല്‍ എന്നിവരുള്‍പ്പെടെ ഒമ്പതു പേര്‍ക്കു പദ്മവിഭൂഷണ്‍ പുരസ്കാരം. മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്സ്, ഭാര്യ മെലിന്‍ഡ ഗേറ്റ്സ്, ജപ്പാനില്‍നിന്നുള്ള സായിചിറോ മിസുമി എന്നിവരുള്‍പ്പെടെ 20 പേര്‍ക്ക് പദ്മഭൂഷണും 66-ാം റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചു പ്രഖ്യാപിച്ചു. പദ്മശ്രീ പുരസ്കാരം 75 പേര്‍ക്കു പ്രഖ്യാപിച്ചു.

കര്‍ണാടകയില്‍നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകന്‍ വീരേന്ദ്ര ഹെഗ്ഡെ, തുംഗൂരിലെ ശ്രീ സിദ്ധഗംഗ മഠാധിപതി സ്വാമി രാമാനന്ദാചാര്യ, തമിഴ്നാട്ടില്‍നിന്നുള്ള ശാസ്ത്രജ്ഞന്‍ പ്രഫ. മലൂര്‍ രാമസ്വാമി ശ്രീനിവാസന്‍, ഫ്രാന്‍സില്‍നിന്നുള്ള വ്യവസായി കരിം അല്‍ ഹുസൈനി ആഗ ഖാന്‍ എന്നിവരും പദ്മവിഭൂഷണ്‍ ബഹുമതിക്ക് അര്‍ഹരായവരില്‍ ഉള്‍പ്പെടുന്നു.

തിരുവനന്തപുരം ലോഡ്സ് ആശുപത്രിയിലെ ഡോ. കെ.പി. ഹരിദാസ്, ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനും മംഗള്‍യാന്‍ ദൌത്യത്തില്‍ പങ്കാളിയുമായിരുന്ന എസ്. അരുണന്‍, കൊങ്ങിണിഭാഷാപ്രചാരകന്‍ എറണാകുളം സ്വദേശി നാരായണ്‍ പുരുഷോത്തമ മല്ലയ്യ എന്നിവര്‍ മാത്രം കേരളത്തില്‍നിന്നു പദ്മശ്രീ ബഹുമതി പട്ടികയില്‍ ഇടം നേടി.

പദ്മഭൂഷണ്‍ പുരസ്കാരം നേടിയവരില്‍ ഭരണഘടനാ വിദഗ്ധന്‍ സുഭാഷ് കശ്യപ്, തമിഴ്നാട്ടില്‍നിന്നുള്ള കര്‍ണാടക സംഗീതജ്ഞ സുധ രഘുനാഥന്‍, മധ്യപ്രദേശില്‍നിന്നുള്ള സംഗീതജ്ഞന്‍ ഡോ. പണ്ഡിറ്റ് ഗോകുലോത്സവജി മഹാരാജ്, ബംഗാളില്‍നിന്നുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സ്വപന്‍ ദാസ്ഗുപ്ത, ആസാമി സിനിമാ സംവിധായകന്‍ ജാനു ബറുവ, മഹാരാഷ്ട്രയില്‍നിന്നുള്ള സാങ്കേതിക ശാസ്ത്രജ്ഞന്‍ ഡോ. വിജയ് ഭട്കര്‍, ഡല്‍ഹിയിലെ ഡയബറ്റിക് ഭിഷഗ്വരന്‍ ഡോ. അംബരീഷ് മിത്തല്‍, രജത് ശര്‍മ (സാഹിത്യം, ഡല്‍ഹി), സത്പാല്‍ (കായികം) തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.


ഫോട്ടോഗ്രാഫര്‍ നരേഷ് ബേദി, ആഗ്രോ മെറ്റോറോളജിസ്റായ ആസാമി സാഹിത്യകാരന്‍ ഡോ. ലക്ഷ്മിനന്ദന്‍ ബോറ, സാമ്പത്തിക വിദഗ്ധന്‍ ബിബേക് ദെബ്രോയി, പത്രപ്രവര്‍ത്തകന്‍ ഡോ. അശോക് ഗുലാട്ടി, രാഹുല്‍ ജെയിന്‍ (കല), രവീന്ദ്ര ജെയിന്‍, ഡോ. സുനില്‍ ജോഗി (സാഹിത്യം), താരക് മേഹ്ത (കല), വീരേന്ദ്ര രാജ് മേഹ്ത (സാമൂഹ്യ പ്രവര്‍ത്തനം), ഡോ. എന്‍. പ്രഭാകര്‍, ഡോ. പ്രഹ്ളാദ, ഡോ. നരേന്ദ്ര പ്രസാദ്, കോട്ട ശ്രീനിവാസ റാവു (കല), പ്രഫ. ബിമല്‍ റോയ് (സാഹിത്യം), എസ്.കെ. ശിവകുമാര്‍ (ശാസ്ത്ര സാങ്കേതികം), അരുണിമ സിന്‍ഹ (കായികം), മഹേഷ് രാജ് സോണി (കല) തുടങ്ങിയവര്‍ പദ്മശ്രീ പുരസ്കാര പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ബിജെപിയെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഹായിച്ചവര്‍ക്കുള്ള പ്രത്യുപകാരമായാണ് ഇത്തവണ പദ്മ പുരസ്കാരത്തിനുള്ളവരുടെ പട്ടിക തയാറാക്കിയതെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലാണു പുരസ്കാര പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. പദ്മവിഭൂഷണ്‍ പുരസ്കാരം നേടിയ നടന്‍ ദിലീപ് കുമാര്‍, പദ്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹരായ സിനിമാ നിര്‍മാതാവ് സഞ്ജയ് ലീല ബന്‍സാലി, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി, മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വേ തുടങ്ങിയവരുടെ ബിജെപി അനുഭാവം നേരത്തേതന്നെ പ്രകടമാണ്. വിവിധ മഠങ്ങളിലെയും സന്യാസിസംഘങ്ങളിലെയും പ്രമുഖരായ പലരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

സമന്വയ കുടീരത്തിലെ സ്വാമി സത്യമിത്രാനന്ദ് ഗിരി, കര്‍ണാടകയില്‍നിന്നുള്ള ശിവകുമാര സ്വാമി, വാമദേവ ശാസ്ത്രി എന്നറിയപ്പെടുന്ന വിദേശി ഡേവിഡ് ഫ്രോളി എന്നിവര്‍ പദ്മഭൂഷണ്‍ ബഹുമതിക്കും തവാംഗ് മൊണാസ്ട്രിയിലെ തേഗ് സെ റിംപോച്ചെ, ദാവൂദി ബോഹ്ര വിഭാഗത്തിലെ സ്യേദന മുഹമ്മദ് ബുറാനുദ്ദീന്‍, പോര്‍ച്ചുഗലില്‍നിന്നുള്ള ജഗത്ഗുരു അമൃത സൂര്യാനന്ദ മഹാരാജ എന്നിവര്‍ പദ്മശ്രീ ബഹുമതിക്കും അര്‍ഹത നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.