ഇരുകൈയും നീട്ടി മോദി, മനസു നിറഞ്ഞ് ഒബാമ
Monday, January 26, 2015 12:26 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഇന്ത്യ നല്‍കിയ ഗംഭീര സ്വീകരണത്തിനു മനസു തുറന്നു നന്ദി പറഞ്ഞ് ഒബാമ. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ രാവിലെ 9.40നു എയര്‍ഫോഴ്സ്-1ല്‍ പത്നി മിഷേലുമൊത്ത് ഡല്‍ഹിയിലെത്തിയ ഒബാമയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തില്‍ ചെന്നു സ്വീകരിച്ചു. ആലിംഗനം ചെയ്താണ് ഒബാമയെ മോദി സ്വീകരിച്ചത്.

പ്രധാനമന്ത്രിക്കൊപ്പം വായുസേനാ കമാന്‍ഡര്‍ സി.കെ. കുമാര്‍, കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍, വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്, അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. എസ്. ജയശങ്കര്‍, ഇന്ത്യന്‍ ജോയിന്റ് സെക്രട്ടറി വിനയ് എം. ക്വത്ര, ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ റിച്ചാര്‍ഡ് വര്‍മ, പത്നി മെലീന വര്‍മ, യുഎസ് പ്രതിരോധ ക്യാപ്റ്റന്‍ തിമോത്തി മറിക്കിള്‍, ഇന്ത്യന്‍ ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ജയദീപ് മജുംദാര്‍ എന്നിവരും സന്നിഹിതരായിരുന്നു.

റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ പ്രോട്ടോക്കോള്‍ മറികടന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കാനെത്തിയത്. ഊര്‍ജ മന്ത്രി പീയുഷ് ഗോയല്‍ ഒബാമയെ സ്വീകരിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, അവസാന നിമിഷം മോദിതന്നെ നേരിട്ടെത്തുകയായിരുന്നു. ഡല്‍ഹിയില്‍ വിമാനത്തിന്റെ പടികള്‍ ഇറങ്ങിയ ഒബാമ കൈവീശി പ്രധാനമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ചു. തുടര്‍ന്ന് ഇരുവരും ഹസ്തദാനം ചെയ്തശേഷം പരസ്പരം ആശ്ളേഷിച്ചു.

രാഷ്ട്രപതിഭവനില്‍ പ്രണാബ് മുഖര്‍ജിക്കൊപ്പം കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി, രാജ്നാഥ്സിംഗ്, മനോഹര്‍ പരീക്കര്‍, പീയൂഷ് ഗോയല്‍, വെങ്കയ്യ നായിഡു എന്നിവര്‍ അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാനെത്തിയിരുന്നു.


വീണ്ടും ഇന്ത്യയില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്െടന്നു പറഞ്ഞ ഒബാമ റിപ്പബ്ളിക് ദിനാഘോഷം ഉള്‍പ്പടെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതു വലിയ അംഗീകാരമാണെന്നും കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ ഭരണകൂടത്തിലെ ഒട്ടേറെ ഉന്നതരും ഒബാമയ്ക്കൊപ്പം എത്തിയിട്ടുണ്ട്. ഇന്ത്യയുടെയും അമേരിക്കയുടെയും പതാകകള്‍ ഘടിപ്പിച്ച ബീസ്റ് കാറിലാണ് ഒബാമയും മിഷേലും വിമാനത്താവളത്തില്‍നിന്നു പുറത്തേക്കു പോയത്.

12 മണിയോടെ ഒബാമയ്ക്കും സംഘത്തിനും രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ ആചാരപ്രകാരം വരവേല്‍പ്പ് നല്‍കി. സെറിമോണിയല്‍ പരേഡിനുശേഷം ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ മുഴങ്ങി. തുടര്‍ന്നു രാഷ്ട്രപതി ഭവനില്‍നിന്നും മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി ഒബാമ പുഷ്പചക്രം സമര്‍പ്പിച്ചു.

ഉച്ചകഴിഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹൈദരാബാദ് ഹൌസില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കിടെ നരേന്ദ്ര മോദി ഒബാമയ്ക്കു ചായ പകര്‍ന്നു കൊടുക്കുന്ന ചിത്രം പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇന്നലെ വൈകുന്നേരം രാഷ്ട്രപതി ഭവനില്‍ നടന്ന അത്താഴവിരുന്നില്‍ പങ്കെടുത്ത ഒബാമ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.