ഒബാമയുമായുള്ള സൌഹൃദം ഇന്ത്യ- അമേരിക്ക ബന്ധം മെച്ചപ്പെടുത്തി: മോദി
ഒബാമയുമായുള്ള സൌഹൃദം ഇന്ത്യ- അമേരിക്ക ബന്ധം മെച്ചപ്പെടുത്തി: മോദി
Monday, January 26, 2015 12:15 AM IST
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള തന്റെ സൌഹൃദം ഇന്ത്യയെയും അമേരിക്കയെയും കൂടുതല്‍ അടുപ്പിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നു തങ്ങളുടെ സൌഹൃദം ഒരു പ്രത്യേക തലത്തില്‍ എത്തി നില്‍ക്കുകയാണ്. സൌഹൃദത്തിന്റെയും സഹകരണത്തിന്റെയും കാര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കും വിശാലമായ കാഴ്ചപ്പാടാണുള്ളതെന്നും മോദി പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മില്‍ സ്ഥിരമായി ഉച്ചകോടികള്‍ നടത്താന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യത്തെയും സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ ഹോട്ട്ലൈന്‍ സ്ഥാപിക്കും. ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ മാറ്റം ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ പ്രതിഫലിക്കുന്നുണ്ട്. അന്താരാഷ്ട്ര പങ്കാളിത്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഈ നൂറ്റാണ്ടില്‍ വന്‍ മാറ്റങ്ങള്‍ വരുത്താനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.


ചരിത്രം തുറന്നു മോദി സര്‍പ്രൈസ്; ഒബാമയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സമ്മാനം പഴയ ടെലിഗ്രാം

ന്യൂഡല്‍ഹി: റിപ്പബ്ളിക്ദിന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വക അപൂര്‍വസമ്മാനം. ഇന്ത്യ- അമേരിക്ക ബന്ധത്തിന്റെ അപൂര്‍വ ശേഷിപ്പുകളിലൊന്നായ ഒരു ടെലിഗ്രാമായിരുന്നു ആ സമ്മാനം.

ഉന്നതതല നയതന്ത്രചര്‍ച്ചകള്‍ക്കായി ഹൈദരാബാദ് ഹൌസിലെത്തിയ ഒബാമയെ സ്വീകരിച്ചാണ് മോദി ഈ അപൂര്‍വസമ്മാനം കൈമാറിയത്.

1946 ല്‍ അമേരിക്കന്‍ ആക്ടിംഗ് സെക്രട്ടറി ഡീന്‍ ആഷ്സണ്‍ ഇന്ത്യന്‍ പ്രതിനിധിസഭാ പ്രൊവിഷണല്‍ ചെയര്‍മാന്‍ സച്ചിദാനന്ദ സിന്‍ഹയ്ക്ക് അയച്ചതായിരുന്നു ഈ ടെലിഗ്രാം. 1946 ഡിസംബര്‍ ഒമ്പതിനയച്ച ടെലിഗ്രാം ഇന്ത്യന്‍ പ്രതിനിധിസഭയുടെ ഉദ്ഘാടനസമ്മേളനത്തില്‍ വായിച്ചിരുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിന് ആശംസകള്‍ അറിയിച്ചുള്ളതായിരുന്നു ഡീന്‍ ആഷ്സണിന്റെ ടെലിഗ്രാം സന്ദേശം. ഈ സന്ദേശത്തിന്റെ പുനരാവിഷ്കരിച്ച കോപ്പിയാണ് മോദി ഒബാമയ്ക്കു സമ്മാനിച്ചത്.


നാദ്രു കെ ഗൂളര്‍ മുതല്‍ മഹി സാര്‍സണ്‍ വരെ; വിരുന്നുസത്ക്കാരത്തില്‍ ഇന്ത്യന്‍ വിഭവവൈവിധ്യം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വിരുന്നുസല്‍ക്കാരത്തില്‍ നിരത്തിയത് പരമ്പരാഗത ഇന്ത്യന്‍ വെജിറ്റേറിയന്‍-നോണ്‍വെജ് വിഭവങ്ങളുടെ വൈവിധ്യങ്ങള്‍. കാഷ്മീരിലെ താമരവള്ളികള്‍ ഉപയോഗിച്ച് പാകംചെയ്ത വിഭവമായ നാദ്രു കെ ഗൂളര്‍ മുതല്‍ പശ്ചിമ ബംഗാള്‍ വിഭവമായ മഹി സാര്‍സണ്‍ വരെ ഉച്ചഭക്ഷണ മെനുവില്‍ ഇടംപിടിച്ചു.

ഡല്‍ഹിയിലെ ഹൈദരാബാദ് ഹൌസില്‍ ഒരുക്കിയ സല്‍ക്കാരത്തില്‍ വെജിറ്റേറിയനും, നോണ്‍ വെജിറ്റേറിയനും ഉള്‍പ്പെടുത്തി രണ്ടു തരത്തിലുള്ള മെനുവായിരുന്നു തയാറാക്കിയിരുന്നത്. ഷത്വാര്‍ കാ ഷോര്‍ബ എന്ന ക്രീം സൂപ്പില്‍നിന്നായിരുന്നു വിഭവങ്ങളുടെ തുടക്കം. അനനാസ് ഓര്‍ പനീര്‍ കി സുല, ഗുജറാത്തി വിഭവങ്ങളായ കേല മേത്തി നു ഷാക്ക്, കദി, ട്ടര്‍ പുലാവ്, കലോഞ്ചി എന്നിവയും വെജിറ്റേറിയന്‍ വിഭവങ്ങളില്‍ ഇടംപിടിച്ചു. പരമ്പരാഗത വിഭവങ്ങളായ ഗുലാബ് ജാമുനും കാരറ്റ് ഹല്‍വയും മധുരവിഭവങ്ങളില്‍ ഇടംപിടിച്ചു. ദക്ഷിണേന്ത്യന്‍ വിഭവങ്ങളായ കാപ്പിയും ഔഷധ ചായയുമാണു പാനീയങ്ങളുടെ സ്ഥാനം കവര്‍ന്നത്.

നോണ്‍വെജ് വിഭവങ്ങളില്‍ ചെമ്മീന്‍ വിഭവമായ ഷ്രിംപ് കാരാവലി, കര്‍ണാടകളുടെ ഇറച്ചി വിഭവമായ മുര്‍ഗ് നേസ കബാബ്,ഭുന ഗോസ്റ് ബോത്തി എന്നിവയും മീന്‍വിഭവമായ മഹി സാര്‍സണും ഇടംപിടിച്ചു. വിദേശകാര്യസെക്രട്ടറി സയിദ് അക്ബറുദ്ദീനാണ് ഇരു രാഷ്ട്രനേതാക്കളുടെയും ഉച്ചഭക്ഷണ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റുചെയ്തത്.

ഒബാമയെ സ്വീകരിക്കാന്‍ മോദി എത്തിയത് പ്രോട്ടോകോള്‍ മറികടന്ന്

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ പ്രോട്ടോകോള്‍ മറികടന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്. രാഷ്ട്രത്തലവന്‍മാരെ സ്വീകരിക്കാന്‍ സാധാരണ പ്രധാനമന്ത്രി വിമാനത്താവളത്തില്‍ എത്താറില്ല. എന്നാല്‍ 2010ല്‍ ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഭാര്യയും വിമാനത്താവളത്തിലെത്തി ഒബാമയെയും മിഷേലിനെയും സ്വീകരിച്ചിരുന്നു.

ഒബാമയുടെ മുന്‍ഗാമി ജോര്‍ജ് ഡബ്ള്യു ബുഷ് ഇന്ത്യയിലെത്തിയപ്പോഴും സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുണ്ടായിരുന്നു.

അമേരിക്കയുടെ പ്രഥമ വനിതയ്ക്ക് ഇന്ത്യന്‍ പ്രഥമ വനിതയുടെ സമ്മാനം

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രഥമവനിതയ്ക്ക് ഇന്ത്യന്‍ പ്രഥമ വനിതയുടെ സമ്മാനം. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്കും ഭാര്യക്കുമായി ഇന്നലെ വൈകുന്നേരം രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ വിരുന്നിലാണ് മിഷേലിനു രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ഭാര്യ സുവ്റ മുഖര്‍ജി കാഷ്മീരില്‍നിന്നുള്ള പാഷ്മിന ഷാള്‍ സമ്മാനിച്ചത്. ഈ അവസരത്തില്‍ പ്രത്യേകം ഡിസൈന്‍ചെയ്ത ടീ സെറ്റ് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി മിഷേലിനു സമ്മാനിച്ചു.

ഗാന്ധിസ്മരണയില്‍ വിനീതനായി ഒബാമ

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഗാന്ധിജിയുടെ ആത്മാവ് ഇന്നും ഇന്ത്യയില്‍ ജീവിക്കുന്നുവെന്നു ബറാക് ഒബാമ. ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം സന്ദര്‍ശ ഡയറിയിലാണ് ഒബാമ തന്റെ ഗാന്ധിസ്മരണ കുറിച്ചിട്ടത്. ഗാന്ധിയുടെ ആശയങ്ങള്‍ ലോകത്തിനുള്ള വരദാനമാണെന്നും അദ്ദേഹം എഴുതിച്ചേര്‍ത്തു.

ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ പറഞ്ഞത് ഇന്നും സത്യമാണ്. ഗാന്ധിജിയുടെ ആത്മാവ് ഇന്നും ഇന്ത്യയില്‍ ജീവിക്കുന്നു. ലോകത്തിനു ലഭിച്ച സമ്മാനമാണിത്.


ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഗാന്ധിജി പ്രചരിപ്പിച്ച സ്നേഹത്തിലും സമാധാനത്തിലും എന്നും ജീവിക്കാനിടവരട്ടെ എന്നുകൂടി ഒബാമ രാജ്ഘട്ടിലെ സന്ദര്‍ശക ഡയറിയില്‍ കുറിച്ചിട്ടു.

രാജ്ഘട്ട് സന്ദര്‍ശനത്തിനിടെ ഒബാമ വൃക്ഷത്തൈ നടുകയും ചെയ്തു. രാജ്ഘട്ട് സന്ദര്‍ശിച്ച ഒബാമയ്ക്കു പാരിതോഷികമായി ചര്‍ക്ക നല്‍കിയാണ് ഇന്ത്യ ഗാന്ധിസ്മരണ ഉയര്‍ത്തിപ്പിടിച്ചത്.

മിഷേലിനു സമ്മാനമായി സ്പെഷല്‍ ബനാറസ് സാരി

വാരാണസി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയ്ക്കു പ്രത്യേകം തയാറാക്കിയ ബനാറസ് സാരി സമ്മാനിച്ചു. സ്വര്‍ണം, വെള്ളി നൂലിഴകള്‍കൊണ്ടു നെയ്തെടുത്ത കധുവ ബനാറസ് സാരിയാണിത്. പൂര്‍ണമായും കൈകൊണ്ട് നിര്‍മിച്ച സാരി നെയ്തെടുക്കാന്‍ മൂന്നു മാസം വേണ്ടിവന്നു. 400 ഗ്രാം ഭാരമുള്ള ഈ സാരിക്ക് 1.5 ലക്ഷം രൂപയാണു വില. പരമ്പരാഗത ഇന്ത്യന്‍ ശൈലിയിലുള്ള സാരി നെയ്തിരിക്കുന്നത് കൈത്തറി നിര്‍മാണമേഖലയില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള അബ്ദുള്‍ മാതീനാണ്.


ബനാറസ് സാരിയോടുള്ള മിഷേലിന്റെ താല്പര്യം കണക്കിലെടുത്ത് ഒബാമയുടെ വിശ്വസ്തനായ ഇന്ത്യ-അമേരിക്കന്‍ പൌരന്‍ ഫ്രാങ്ക് ഇസ്ലാമിന്റെ ഭാര്യയാണ് മാതീന് സാരിയുടെ ഓര്‍ഡര്‍ നല്കിയത്.

മിഷേലിനു സാരി സമ്മാനിക്കുന്നതിലൂടെ വാരാണസിയിലെ വസ്ത്രവ്യാപാരമേഖയെ ആഗോളതലത്തിലെത്തിക്കാനാകുമെന്നു കരുതുന്നതായും മാതീന്‍ പറഞ്ഞു.

കേന്ദ്ര ടെക്സ്റൈല്‍സ് മന്ത്രി സന്തോഷ് ഗാംഗ്വറിന്റെ നിര്‍ദേശപ്രകാരം മിഷേലിനു സമ്മാനിക്കാനായി 100 ബനാറസ് സാരികള്‍ വാരാണസിയില്‍നിന്നു ഡല്‍ഹിയി ലെത്തിച്ചിരുന്നു.


രാഷ്ട്രപതിഭവനിലെ സ്വീകരണച്ചടങ്ങിനിടെ തെരുവുനായ വില്ലനായി

ന്യൂഡല്‍ഹി: രാഷ്ട്രപതിഭവനില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ആചാരപരമായ വരവേല്പു നല്‍കുമ്പോള്‍ സുരക്ഷാവലയങ്ങള്‍ ഭേദിച്ചു തെരുവുനായ എത്തിയതു കല്ലുകടിയായി. ഒപ്പം സുരക്ഷാഭടന്മാരെ ആശങ്കയിലുമാക്കി. ഒബാമയുടെ സന്ദര്‍ശനം പ്രമാണിച്ചു കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാനം കനത്ത സുരക്ഷാവലയത്തിലാണ്. ഇന്ത്യന്‍ സുരക്ഷാവിഭാഗത്തിനു പുറമേ അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സുരക്ഷയൊരുക്കി ജാഗ്രതയിലാണ്.

ഇതിനിടയിലാണ് എല്ലാവരുടെയും കണ്ണുവെട്ടിച്ചു രാഷ്ട്രപതിഭവന്റെ സ്റെയറുകള്‍ കടന്നു തെരുവുനായ എത്തിയത്. ഒബാമ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതിനു തൊട്ടുമുമ്പ് എത്തിയ തെരുവുനായ ഏതാനും സമയം പ്രദേശത്തുകൂടി അലഞ്ഞുതിരിഞ്ഞു നടക്കുകയുംചെയ്തു. ഒടുവില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെത്തി നായയെ പിടികൂടി പുറത്തേക്കു കൊണ്ടു പോകുകയായിരുന്നു.

മിഷേല്‍ എത്തിയത് ഇന്ത്യന്‍ ഡിസൈനര്‍ തയാറാക്കിയ വസ്ത്രമണിഞ്ഞ്

ന്യൂഡല്‍ഹി: അമേരിക്കയുടെ പ്രഥമ വനിത ഇന്ത്യന്‍ മണ്ണിലിറങ്ങിയത് ഇന്ത്യന്‍ ഡിസൈനര്‍ തയാറാക്കിയ വസ്ത്രമണിഞ്ഞ്. ഇന്തോ-അമേരിക്കന്‍ ഡിസൈനറായ ബിഭു മൊഹപത്രയാണ് മിഷേലിനായി വസ്ത്രം ഡിസൈന്‍ ചെയ്തത്. കറുപ്പ്, വെള്ള നിറങ്ങിലുള്ള വസ്ത്രത്തില്‍ നീല നിറത്തിലുള്ള പൂക്കള്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് ഒബാമ കോട്ട് ധരിച്ചതിനാല്‍ പൂക്കള്‍ നിറഞ്ഞ കോട്ടും മിഷേല്‍ ധരിച്ചിരുന്നു.

ഗാര്‍ഡ് ഓഫ് ഓണര്‍ നയിച്ചതു വനിതാ ഓഫീസര്‍

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പൂജയുടെ ബിഗ് സല്യൂട്ട് ഒബാമയ്ക്കു മാത്രമല്ല, ലോകത്തിനു മുഴുവന്‍ ബോധിച്ചു. സ്ത്രീശക്തി ഉയര്‍ത്തിപ്പിടിച്ച് ഇന്നലെ രാഷ്ട്രപതി ഭവനില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്കു നല്‍കിയ ഗാര്‍ഡ് ഓഫ് ഓണറിനു നേതൃത്വം നല്‍കിയത് വായുസേനയിലെ വനിതാ ഓഫീസറായ വിംഗ് കമാന്‍ഡര്‍ പൂജ താക്കൂറാണ്.

ആദ്യമായാണ് ഒരു വനിതാ ഓഫീസര്‍ ഇത്തരത്തില്‍ ഒരു ഗാര്‍ഡ് ഓഫ് ഓണറിനു നേതൃത്വം നല്‍കുന്നത്. ഇത്തവണത്തെ റിപ്പബ്ളിക് ദിന പരേഡിന്റെ പ്രമേയം സ്ത്രീശക്തിയാണ്. ഇന്നു രാജ്പഥില്‍ നടക്കുന്ന കര, വ്യോമ, വായു സേനാ വിഭാഗങ്ങളുടെ പരേഡുകള്‍ക്കു നേതൃത്വം നല്‍കുന്നതും വനിതാ ഓഫീസര്‍മാരായിരിക്കും.

രാഷ്ട്രപതി ഭവനു മുന്നില്‍ നടന്ന ഗാര്‍ഡ് ഓഫ് ഓണര്‍ ചടങ്ങില്‍ 21 റൌണ്ട് വെടിയുതിര്‍ത്തു പൂജയും സംഘവും ഒബാമയ്ക്ക് ആദരം അര്‍പ്പിച്ചു. മൂന്നു തവണയാണ് ഒബാമയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധനകള്‍ക്കായി പൂജ ഒബാമയെ അനുഗമിച്ചു. ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ചരിത്രം സൃഷ്ടിക്കാന്‍ കഴിഞ്ഞതു തന്റെയും വ്യോമസേനയുടെയും അഭിമാനനിമിഷമാണെന്നു പൂജ താക്കൂര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പരിശീലനമാണു തന്നെ ഈ നേട്ടത്തിലെത്തിച്ചതെന്നും പൂജ കൂട്ടിച്ചേര്‍ത്തു. തന്റെ ഈ നേട്ടം സൈന്യത്തില്‍ കൂടുതല്‍ സ്ത്രീകള്‍ അണിചേരാന്‍ പ്രചോദനമാകുമെന്ന പ്രതീക്ഷയും പൂജ പങ്കുവച്ചു.

പൂജ താക്കൂര്‍ ഗാര്‍ഡ് ഓഫ് ഓണറിനു നേതൃത്വം നല്‍കവേ തന്നെ ഈ സ്ത്രീമുന്നേറ്റം സോഷ്യല്‍ മീഡിയകളിലും ഏറെ പ്രചാരം നേടി. പ്രസിഡന്റ് ഒബാമയ്ക്കുള്ള ഗാര്‍ഡ് ഓഫ് ഓണര്‍ പരിപാടിക്കു നേതൃത്വം നല്‍കിയത് ഒരു വനിതാ കമാന്‍ഡറാണെന്ന് അറിഞ്ഞതില്‍ ഒരു സ്ത്രീയെന്ന നിലയില്‍ അതിയായി സന്തോഷിക്കുന്നതായി ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ പ്രതികരിച്ചു.

രാജസ്ഥാനില്‍ നിന്നുള്ള എയര്‍ഫോഴ്സ് ഉദ്യോഗസ്ഥ പൂജ പാര ജംപിംഗ് ഉള്‍പ്പടെയുള്ള സാഹസിക കായികവിനോദങ്ങളിലും സജീവമാണ്. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തില്‍ ഓഫീസറായിരുന്ന പൂജ ഇപ്പോള്‍ സേനയുടെ പബ്ളിസിറ്റി വിഭാഗമായ ദിശയിലാണു പ്രവര്‍ത്തിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.