ഗുജറാത്തിലെ മതപരിവര്‍ത്തനം സംഘപരിവാറിന്റെ കായബലം തെളിയിക്കാനെന്നു കോണ്‍ഗ്രസ്
ഗുജറാത്തിലെ മതപരിവര്‍ത്തനം സംഘപരിവാറിന്റെ കായബലം തെളിയിക്കാനെന്നു കോണ്‍ഗ്രസ്
Monday, December 22, 2014 12:16 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഇരുന്നൂറോളം ക്രൈസ്തവരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയരാക്കിയത് ആര്‍എസ്എസ്-വിഎച്ച്പി സംഘപരിവാര്‍ സംഘടനകളുടെ കായബലം തെളിയിക്കുന്ന പ്രകടനമെന്നു കോണ്‍ഗ്രസ്. ഇവരുടെ ഈ നടപടികള്‍ രാജ്യത്തിന്റെ ചരിത്രവും സാമ്പത്തിക നയങ്ങളും മാറ്റിയെഴുതുമെന്നും ലോകത്തിനു മുമ്പില്‍ ഇന്ത്യക്കു നാണക്കേടുണ്ടാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കളായ ദിഗ്വിജയ് സിംഗും റഷീദ് അല്‍വിയും ആരോപിച്ചു.

ആഗ്രയില്‍നിന്നാരംഭിച്ച നിര്‍ബന്ധിത മതപരിവര്‍ത്തനം ഗുജറാത്തിലും കേരളത്തിലുമെല്ലാം പടരുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണു കോണ്‍ഗ്രസും മറ്റുപാര്‍ട്ടികളും ശക്തമായി രംഗത്തെത്തിയിരിക്കുന്നത്. മതപരിവര്‍ത്തന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയ്ക്കു പ്രധാനമന്ത്രി മറുപടി പറയണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിയതും അതിന്റെ പേരില്‍ ഒരാഴ്ചയായി രാജ്യസഭ സ്തംഭിച്ചതിനും പിന്നാലെയാണു പുതിയ സംഭവവികാസങ്ങള്‍. മതപരിവര്‍ത്തന വിവാദം സംബന്ധിച്ചു പ്രതികരിക്കരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കിയെന്നു വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്െടങ്കിലും ഔദ്യോഗികമായി ആരും സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ഗുജറാത്തിലെ വല്‍സാദില്‍ ഇരുന്നൂറോളം ക്രൈസ്തവരെ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്തതു പുനര്‍ മതപരിവര്‍ത്തനം മാത്രമാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനമല്ലെന്നുമാണ് വിഎച്ച്പിയുടെ വിശദീകരണം. നേരത്തേ ഹിന്ദുമത വിശ്വാസികളായവരെ ക്രൈസ്തവ മതത്തിലേക്കു മാറ്റിയതാണെന്നും ഇവരെ തിരികെക്കൊണ്ടുവരുന്ന ചടങ്ങാണു നടന്നതെന്നും വിഎച്ച്പി വ്യക്തമാക്കി. എന്നാല്‍, സമ്മര്‍ദത്തിലൂടെയാണ് ആദിവാസികളെ മതപരിവര്‍ത്തനത്തിന് ഇരയാക്കിയതെന്നും റേഷന്‍ കാര്‍ഡും മറ്റു സാമ്പത്തിക വാഗ്ദാനങ്ങളും നല്‍കിയിട്ടുണ്െടന്നു വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്െടന്നും ക്രൈസ്തവ നേതാക്കള്‍ ചൂണ്ടിക്കാട്ടി.


ഇതിനിടെ, രാജ്യത്തെ ഹിന്ദു മൂല്യങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന പരസ്യ പ്രഖ്യാപനങ്ങളുമായി വിഎച്ച്പി, ആര്‍എസ്എസ് സംഘടനകളുടെ മേധാവികള്‍തന്നെ രംഗത്തെത്തി. ഹിന്ദുക്കള്‍ക്കു നഷ്ടമായതു തിരിച്ചു കൊടുക്കുമെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പ്രസ്താവിച്ചത്. മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്നവര്‍ മതപരിവര്‍ത്തന നിരോധന നിയമത്തെ അനുകൂലിക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദുത്വം സംരക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നുണ്െടന്നും ക്രമേണ ഹിന്ദുമൂല്യങ്ങള്‍ രാജ്യത്തു പുനഃസ്ഥാപിക്കപ്പെടുമെന്നുമായിരുന്നു വിഎച്ച്പി അധ്യക്ഷന്‍ അശോക് സിംഗാളിന്റെ പ്രസ്താവന.

ഇതേ രീതിയിലുള്ള പ്രസ്താവനകള്‍ തന്നെയാണു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവും നടത്തിയത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തോടു ബിജെപി യോജിക്കുന്നില്ലെന്നും, മതപരിവര്‍ത്തന നിരോധന നിയമത്തെ മതേതര പാര്‍ട്ടികള്‍ പിന്തുണയ്ക്കണമെന്നും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ സംസ്ഥാനങ്ങള്‍ക്കു കഴിയില്ലെങ്കില്‍ നിയമനിര്‍മാണത്തിനു സര്‍ക്കാര്‍ തയാറാണെന്നു വെങ്കയ്യ നായിഡുവും വ്യക്തമാക്കി.

പുനര്‍മതപരിവര്‍ത്തനം നിരോധിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരണമെന്നുള്ള ആര്‍എസ്എസിന്റെ ആവശ്യം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളതാണ്. ഇതു വര്‍ഗീയത പടര്‍ത്താനിടയാക്കുമെന്നും പോളിറ്റ് ബ്യൂറോ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.