മറുപടി പറയില്ലെന്നു പ്രധാനമന്ത്രി നിലപാടെടുത്തു; രാജ്യസഭ സ്തംഭിച്ചു
മറുപടി പറയില്ലെന്നു പ്രധാനമന്ത്രി നിലപാടെടുത്തു; രാജ്യസഭ സ്തംഭിച്ചു
Friday, December 19, 2014 12:22 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: മതപരിവര്‍ത്തനമടക്കമുള്ള വര്‍ഗീയതയെക്കുറിച്ചുള്ള ചര്‍ച്ച കേള്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിലെത്തിയെങ്കിലും ചര്‍ച്ചയ്ക്കു പ്രധാനമന്ത്രി മറുപടി പറയില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ ചൊല്ലി വീണ്ടും രാജ്യസഭാ നടപടികള്‍ പൂര്‍ണമായി സ്തംഭിച്ചു. മന്ത്രിമാരുടെ ഉറപ്പുകള്‍ ലംഘിക്കപ്പെടുകയാണെന്നും പ്രധാനമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ എന്നു പ്രതിപക്ഷവും ചര്‍ച്ചയ്ക്കു ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആകും മറുപടി പറയുകയെന്നു സര്‍ക്കാരും വാശി തുടര്‍ന്നതോടെ ഈ പ്രശ്നത്തിന്മേല്‍ തുടര്‍ച്ചയായ നാലാം ദിവസവും രാജ്യസഭ സ്തംഭിക്കുകയായിരുന്നു.

പ്രധാനമന്ത്രി മറുപടി പറയണമെന്ന പ്രതിപക്ഷ ബഹളം നടക്കുമ്പോള്‍ സഭയിലുണ്ടായിട്ടും നരേന്ദ്ര മോദി പ്രതികരിക്കാതെ സമ്പൂര്‍ണ മൌനം പാലിച്ചു. ഉച്ചകഴിഞ്ഞു ചര്‍ച്ചയ്ക്കായി സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രധാനമന്ത്രി എത്തിയതുമില്ല. ചോദ്യോത്തര വേളയും ശൂന്യവേളയും റദ്ദാക്കി വര്‍ഗീയതയ്ക്കെതിരായി നടത്തേണ്ടിയിരുന്ന ചര്‍ച്ച ഭരണ-പ്രതിപക്ഷ പിടിവാശിയില്‍ തട്ടി അട്ടിമറിക്കപ്പെട്ടു.

ഇന്നലെ രാവിലെ രാജ്യസഭ സമ്മേളിച്ച ഉടന്‍തന്നെ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നു പ്രതിപക്ഷം വാദിച്ചു. ചര്‍ച്ചയ്ക്കു തയാറാണെന്നു പ്രതിപക്ഷവും സര്‍ക്കാരും സമ്മതിക്കുകയും ചെയ്തു. ചര്‍ച്ചയ്ക്കു ശേഷം സഭ പ്രമേയം പാസാക്കാനും എല്ലാവരും സമ്മതിച്ചു. എന്നാല്‍, ചര്‍ച്ചയ്ക്കു മന്ത്രി നല്‍കുന്ന മറുപടി പോരെന്നും പ്രധാനമന്ത്രിയുടെ ഉറപ്പാണു വേണ്ടതെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ, സിപിഎം നേതാവ് സീതാറാം യെച്ചൂരി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ കൂടി വരികയാണെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ഇവര്‍ പറഞ്ഞു. പ്രതിപക്ഷ ആവശ്യം പരിഗണിക്കാതെ കേന്ദ്രസര്‍ക്കാര്‍ ധിക്കാരം കാട്ടുകയാണെന്നും ആനന്ദ് ശര്‍മ പറഞ്ഞു. എന്നാല്‍, ഈ സമയം രാജ്യസഭയില്‍ സന്നിഹിതനായിരുന്ന പ്രധാനമന്ത്രി മൌനം പാലിച്ചു.


ചര്‍ച്ചയ്ക്ക് ആഭ്യന്തരമന്ത്രിയാകും മറുപടി പറയുകയെന്നു പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞതവണ പ്രധാനമന്ത്രി പ്രസ്താവന നടത്തിയശേഷവും പ്രതിപക്ഷം ബഹളം അവസാനിപ്പിക്കാന്‍ കൂട്ടാക്കിയില്ലെന്നും അതുകൊണ്ടുതന്നെ പ്രധാനമന്ത്രി മറുപടി പറയുമെന്നു ഉറപ്പു പറയില്ലെന്നു സഭാ നേതാവുകൂടിയായ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. ലോക്സഭ വളരെ സുഗമമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ രാജ്യസഭ അങ്ങനെയല്ല. രാജ്യസഭയിലെ ചില അംഗങ്ങളുടെ ധിക്കാരം കൊണ്ടാണിതെന്നും അല്ലാതെ സര്‍ക്കാരിന്റേതല്ലെന്നും ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. ലോക്സഭയില്‍ ദുര്‍ഭരണമാണു നടക്കുന്നതെന്നും അതിനാലാണു അവിടെ കാര്യങ്ങള്‍ തടസപ്പെടാത്തതെന്നു യച്ചൂരി മറുപടി നല്‍കി.

പ്രധാനമന്ത്രിക്കു തോന്നിയാല്‍ ചര്‍ച്ചയ്ക്കിടെ, ഇടപെട്ടേക്കുമെന്നും ഇക്കാര്യത്തില്‍ ഉറപ്പു പറ്റില്ലെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും പറഞ്ഞു. പ്രധാനമന്ത്രി പ്രസ്താവന നടത്തില്ലെന്നു വ്യക്തമായതോടെ പ്രതിപക്ഷം വീണ്ടും ബഹളമുണ്ടാക്കി.

ശീതകാല സമ്മേളനം അവസാനിക്കാന്‍ ഇനി നാലു ദിവസം കൂടി മാത്രമാണു ബാക്കി. ഇന്‍ഷ്വറന്‍സ് ഭേദഗതി അടക്കം പ്രധാനപ്പെട്ട ബില്ലുകള്‍ സര്‍ക്കാരിനു പാസാക്കാനുണ്ട്. രാജ്യസഭയില്‍ ന്യൂനപക്ഷമായ ബിജെപി സര്‍ക്കാരിനു മറ്റു പാര്‍ട്ടികളുടെ പിന്തുണയുണ്െടങ്കിലേ ബില്ലുകള്‍ പാസാക്കാന്‍ സാധിക്കൂ. ഇനിയുള്ള ദിവസങ്ങളിലും പ്രതിപക്ഷം ബഹളം തുടര്‍ന്നേക്കും. അങ്ങനെ വന്നാലത് സര്‍ക്കാരിനു തിരിച്ചടിയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.