കുതിച്ചു, പിഴവില്ലാതെ
കുതിച്ചു, പിഴവില്ലാതെ
Friday, December 19, 2014 12:13 AM IST
ശ്രീഹരിക്കോട്ട: പരിപൂര്‍ണ വിജയം. പിഴവുകളില്ലാതെ, മുന്‍ നി ശ്ചയപ്രകാരം എല്ലാം നടന്നു. ഭൂസ്ഥിര വിക്ഷേപണ വാഹന (ജിഎസ്എല്‍വി)ങ്ങളുടെ കാര്യത്തില്‍ നേരിട്ട മുന്‍ പരാജയങ്ങളെല്ലാം മായ്ക്കുന്ന വിജയം. ജിഎസ്എല്‍വി മാര്‍ക്ക് ത്രീയുടെ വിക്ഷേപണം കുറ്റമറ്റതായി. അതില്‍ വഹിച്ച പേടകം ഭദ്രമായി സമുദ്രത്തില്‍ പതിക്കുകയും വീണ്െടടുക്കുകയും ചെയ്തു.

ഇന്ത്യയുടെ ഏറ്റവും കരുത്തനായ റോക്കറ്റിന്റെ ആദ്യത്തെ പരീക്ഷണവിക്ഷേപണമായിരു ന്നു ഇത്. ഈ വിജയത്തോടെ ഭാരംകൂടിയ ഉപഗ്രഹങ്ങളും പേടകങ്ങളും ബഹിരാകാശത്തു നിര്‍ദിഷ്ട ഭ്രമണപഥത്തിലെത്തിക്കാനും മനുഷ്യരെ അയച്ചു തിരിച്ചുകൊണ്ടുവരാനുമുള്ള ശേഷിയാണ് ഇന്ത്യ തെളിയിച്ചിരിക്കുന്നത്.

ഇതു പരീക്ഷണം മാത്രമായിരുന്നു. ഒന്നു രണ്ടു വര്‍ഷംകൊ ണ്ടു ക്രയോജനിക് എന്‍ജിന്‍ പൂര്‍ണതോതില്‍ വികസിപ്പിച്ചു വിശദമായ ദൌത്യം നടത്താനാവും.

രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടന (ഇസ്രോ)യെയും അതിലെ ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍നിന്നു രാവിലെ കൃത്യം 9.30 നു ജിഎസ്എല്‍വി മാര്‍ക്ക് ത്രീ കുതിച്ചുയര്‍ന്നു. 630 ടണ്‍ ഭാരവുമായി ഉയര്‍ന്ന റോക്കറ്റ് മനുഷ്യരെ കയറ്റാവുന്ന ഒരു ക്രൂ മൊഡ്യൂളിന്റെ ഡമ്മി ഏകദേശം 126 കിലോമീറ്റര്‍ ഉയരത്തില്‍ പുറത്തേക്കുവിട്ടു. അപ്പോള്‍ വിക്ഷേപണം കഴിഞ്ഞ് 330 സെക്കന്‍ഡായിരുന്നു.

ഈ പേടകം പിന്നീടു ഭൌമാന്തരീക്ഷത്തിലേക്കു തിരിച്ചുവന്ന് ആന്‍ഡമാന്‍ ദ്വീപസമൂഹത്തിന്റെ തെക്കേ അറ്റത്തെ ഇന്ദിരാ പോയിന്റിനു 160 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ പ തിച്ചു. മൂന്നു ടണ്‍ ഭാരമുള്ള ഈ പേടകം കോസ്റ് ഗാര്‍ഡിന്റെ കപ്പലില്‍ വീണ്െടടുത്തു. ഇത് ഇനി എന്നോറിലെ കാമരാജര്‍ തുറമുഖംവഴി തിരുവനന്തപുരത്തെ വിക്രംസാരാഭായ് സ്പേസ് സെന്ററില്‍ എത്തിച്ചു ശാസ്ത്രീയമായി പരിശോധിക്കും.


അന്തരീക്ഷത്തിലേക്കു തിരികെക്കയറിയപ്പോഴുള്ള ഉഗ്രതാപം (1600 ഡിഗ്രി സെല്‍ഷ്യസ്) പേടകത്തെ എങ്ങനെ ബാധിച്ചു എന്നതാണു പ്രധാനമായി പരിശോധിക്കുന്നത്. ഇസ്രോയുടെ ഭാഗ ധേയം മാറ്റുന്ന വിജയമാണ് ഇന്നത്തേതെന്നു ഇസ്രോ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ പറഞ്ഞു. രണ്ടു വര്‍ഷത്തിനകം പൂര്‍ണസജ്ജമായ ക്രയോജനിക് എന്‍ജിന്‍ ജിഎസ്എല്‍വിയില്‍ ഘടിപ്പിക്കാനാകുമെന്നു പ്രോജക്ട് ഡയറക്ടര്‍ എസ്. സോമ നാഥ് പറഞ്ഞു.

ഇസ്രോയുടെ അടുത്ത പ്രധാന ദൌത്യം മാര്‍ച്ചില്‍ ഗതിനിയന്ത്രണ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ്-10 വിക്ഷേപിക്കലാണ്. പോളാര്‍ റോക്കറ്റ് (പിഎസ്എല്‍വി) ഉപയോഗിച്ചാകും ഇതിന്റെ വിക്ഷേപണം എന്നു ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു. ഗതിനിയന്ത്രണത്തിന് ഏഴ് ഉപഗ്രഹങ്ങളുടെ ശൃംഖലയാണ് ഇന്ത്യ വിഭാവന ചെയ്തിട്ടുള്ളത്. അതില്‍ നാലാമത്തേതാണു മാര്‍ച്ചില്‍ വിക്ഷേപിക്കുക.

ഇന്നലത്തെ പരീക്ഷണ വിക്ഷേപണത്തില്‍ റോക്കറ്റിന്റെ രണ്ടു വശങ്ങളില്‍ ഘടിപ്പിച്ച ഖര ഇന്ധനമുപയോഗിക്കുന്ന രണ്ട് എസ്-200 ബൂസ്റര്‍ മോട്ടോറുകളും ദ്രവ ഇന്ധനം ഉപയോഗിക്കുന്ന രണ്ടാം ഘട്ടത്തില്‍ എല്‍ 110 മോട്ടോറും കൃത്യമായി പ്രവര്‍ത്തിച്ചു. മൂന്നാം ഘട്ടത്തില്‍ ഒരു ഡമ്മി ക്രയോജനിക് എന്‍ജിനാ ണ് ഉപയോഗിച്ചത്.

മൂന്നു പേര്‍ക്കു സഞ്ചരിക്കാവുന്നതാണ് ഇന്നലെ പരീക്ഷിച്ച ക്രൂ മൊഡ്യൂള്‍. 2.1 മീറ്റര്‍ ഉയര വും 3.1 മീറ്റര്‍ വ്യാസവും ഉള്ള ഇത് അലുമിനിയം ലോഹസങ്കരത്തിലാണു നിര്‍മിച്ചത്. പുറത്തു പ്രത്യേകമായി ചൂടു തടുക്കാനുള്ള സംവിധാനമുണ്ടായിരുന്നു. നാലു ടണ്‍ ഉള്ളതാണ് ഈ പേടകം.

ജിഎസ്എല്‍വി പരമ്പരയില്‍ തുടര്‍ച്ചയായ ഏതാനും പരാജയങ്ങള്‍ക്കുശേഷമാണ് ആത്മവിശ്വാസം വര്‍ധിപ്പിച്ച ഈ വിജയം. അതും ആദ്യപരീക്ഷണത്തില്‍ സാധിച്ചതും നേട്ടമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.