ഐഎസില്‍ ചേര്‍ന്ന മൂന്നു പേര്‍ മടങ്ങിവന്നിട്ടില്ലെന്നു സര്‍ക്കാര്‍
Thursday, December 18, 2014 12:14 AM IST
ന്യൂഡല്‍ഹി: ആഗോള തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റേറ്റിന്റെ പ്രവര്‍ത്തകരാകാന്‍ ഇന്ത്യയില്‍നിന്നു പോയ അഞ്ചുപേരില്‍ മൂന്നു പേര്‍ ഇനിയും മടങ്ങിവന്നിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി ഹരിഭായി പരതിഭായി ചൌധരി രാജ്യസഭയെ അറിയിച്ചു. സംശയാസ്പദമായ രീതിയില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ശേഖരിച്ചുവരികയാണ്. ഇന്ത്യയിലെ യുവാക്കളില്‍ ചെറിയൊരു ശതമാനം മാത്രമാണ് ഐഎസ് തീവ്രവാദികളായത്. മുംബൈയിലെ കല്യാണ്‍ സ്വദേശി ആരിഫ് മജീദിനെയും ബംഗളൂരുവിലെ ഐടിസി ഫുഡ്സില്‍ എക്സിക്യൂട്ടിവായി ജോലി ചെയ്തുവന്ന ബംഗാള്‍ സ്വദേശി മെഹ്ദി ബിശ്വാസുമാണ് ഇതുവരെ അറസ്റിലായിട്ടുള്ള ഐഎസ് പ്രവര്‍ത്തകരെന്ന് മന്ത്രി പറഞ്ഞു.


മറ്റു മൂന്നുപേര്‍ ഇപ്പോഴും പാശ്ചാത്യ രാജ്യങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ഇത്തരം തീവ്രവാദ സംഘടനകള്‍ അല്‍ ക്വയ്ദയുമായി ബന്ധം പുലര്‍ത്താറുണ്ട്. എന്നാല്‍, പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയാണ് ഇന്ത്യയില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് അറസ്റിലായ തീവ്രവാദികള്‍ മൊഴി നല്കിയിട്ടുണ്െടന്നു ചൌധരി പറഞ്ഞു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍ ക്വയ്ദ യൂണിറ്റ് തുടങ്ങുന്നുവെന്ന് 2014 സെപ്റ്റംബര്‍ മൂന്നിന് അല്‍ ക്വയ്ദ തലവന്‍ അല്‍ സവാഹിരി പ്രഖ്യാപിച്ചു. ആസിം ഉമറിനെ ആമിറായും ഉസാം മെഹമൂദിനെ അല്‍ ക്വയ്ദ വക്താവായും നിയമിച്ചതായും അറിയാന്‍ കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.