സ്കൂളുകളുടെ സുരക്ഷ കൂട്ടാന്‍ കേന്ദ്ര നിര്‍ദേശം
Thursday, December 18, 2014 12:13 AM IST
ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ പെഷവാറില്‍ സ്കൂളിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പുലര്‍ത്താനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്കൂളുകളില്‍ ഭീകരാക്രണമുണ്ടായാല്‍ കുട്ടികളെ രക്ഷപ്പെടുത്താനും ബന്ദിയാക്കല്‍ ഒഴിവാക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ആഭ്യന്തര മന്ത്രാലയം നല്കിയിട്ടുള്ളത്. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഡേവിഡ് ഹെഡ്ലി യുഎസില്‍ അറസ്റിലായ ശേഷം 2010ല്‍ പ്രധാന സ്കൂളുകള്‍ക്ക് ആഭ്യന്തരമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ചില പ്രധാന സ്കൂളുകള്‍ പ്രത്യേകം നിര്‍ദേശങ്ങള്‍ നല്കിയിട്ടുണ്ട്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെയും ഉത്തരാഖണ്ഡിലെയും ഹിമാചല്‍പ്രദേശിലെയും റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ എന്നിവയ്ക്കാണു പ്രത്യേക നിര്‍ദേശം നല്കിയിട്ടുള്ളത്.


പാക്കിസ്ഥാനിലെ പെഷവാറിലെ സ്കൂളിനു നേര്‍ക്കു പാക് താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 132 കുട്ടികള്‍ മരിച്ച സംഭവത്തെ പാര്‍ലമെന്റിന്റെ ഇരു സഭകളും അപലപിച്ചു. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ ഒരു മിനിറ്റ് മൌനമാചരിച്ചു. ഭീകരതയെ ചെറുത്തുതോല്‍പ്പിക്കാന്‍ കൈകോര്‍ക്കേണ്ട സമയമാണിതെന്നു ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു.

പാക് ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച അംഗങ്ങള്‍ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.