വിഴിഞ്ഞം: ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് അദ്ഭുതപ്പെടുത്തുന്നതെന്നു സുപ്രീംകോടതി
വിഴിഞ്ഞം: ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് അദ്ഭുതപ്പെടുത്തുന്നതെന്നു സുപ്രീംകോടതി
Saturday, November 29, 2014 11:52 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതി നേരിട്ടു ബാധിക്കാത്തവര്‍ കേസുമായി വരുന്നതു ശരിയല്ലെന്നു സുപ്രീംകോടതി. പരിസ്ഥിതി വിഷയത്തില്‍ എല്ലാവര്‍ക്കും ആശങ്കകളുണ്ട്. എന്നാല്‍, പദ്ധതിക്കായി പണം മുടക്കാനെത്തുന്നവരുടെ ആശങ്കകളും പരിഗണിക്കേണ്ടതുണ്െടന്നും ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ഹരിത ബെഞ്ച് വ്യക്തമാക്കി. പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട നിയമ ഭേദഗതിക്കെതിരേയുള്ള പരാതികള്‍ പരിശോധിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്െടന്ന ട്രൈബ്യൂണല്‍ ഉത്തരവ് അദ്ഭുതപ്പെടുത്തുന്നതാണെന്നു വിലയിരുത്തിയ കോടതി, കേസ് ഹരിത ബെഞ്ചില്‍നിന്നു സാധാരണ ബെഞ്ചിലേക്കു മാറ്റാനും തീരുമാനിച്ചു.

വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് അധികാരമുണ്െടന്ന ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാരും തുറമുഖം കമ്പനിയുമാണു സുപ്രീംകോടതിയെ സമീപിച്ചത്. വിഴിഞ്ഞം തുറമുഖത്തിനു പാരിസ്ഥിതികാനുമതി ലഭിച്ചതിനെതിരേയും ഇതിനായി തീരദേശ നിയന്ത്രണ ചട്ടത്തില്‍ ഭേദഗതി കൊണ്ടുവന്നതിനെതിരേയും വിഴിഞ്ഞം സ്വദേശികളായ രണ്ടു പേര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്െടന്നായിരുന്നു ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരേ നല്‍കിയ ഹര്‍ജി നേരത്തേ സുപ്രീംകോടതി പരിഗണിച്ചെങ്കിലും ട്രൈബ്യൂണല്‍ ഉത്തരവ് സ്റേ ചെയ്യാന്‍ തയാറായിരുന്നില്ല. ഭരണഘടനയുടെ 226-ാം അനുഛേദ പ്രകാരം ഹൈക്കോടതികള്‍ക്കാണു നിയമ ഭേദഗതികള്‍ പരിശോധിക്കാനുള്ള അധികാരമുള്ളതെന്നും ട്രൈബ്യൂണലുകള്‍ക്കു നിയമ ഭേദഗതികള്‍ പരിശോധിക്കാനുള്ള അധികാരമില്ലെന്നും തുറമുഖം കമ്പനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ വാദിച്ചു. ട്രൈബ്യൂണല്‍ സ്വന്തം അധികാരപരിധി ലംഘിക്കുകയാ ണു ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതു പരിഗണിച്ച കോടതി, ട്രൈബ്യൂണല്‍ വിധി അദ്ഭുതപ്പെടുത്തുന്നതാണെന്നും അഭിപ്രായപ്പെട്ടു. ട്രൈബ്യൂണല്‍ ഉത്തരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വായിച്ചപ്പോള്‍ ചില സംശയങ്ങള്‍ തോന്നിയെന്നും ചീഫ് ജസ്റീസ് ദത്തു വിശദമാക്കി. തര്‍ക്കപരിഹാര വേദിയായ ട്രൈബ്യൂണല്‍, കോടതി പോലെ പ്രവര്‍ത്തിക്കുകയാണെന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നിരുന്നു. പല പത്രങ്ങളും ഈ വിധിയെ വലിയ വാര്‍ത്തയായി അവതരിപ്പിക്കുകയും ചെയ്തു. പദ്ധതി അധികൃതരുടെ അപ്പീല്‍ ഹരിത കേസല്ലെന്നും ഹരിത ട്രൈബ്യൂണലിന്റെ അധികാരപരിധിയുമായി ബന്ധപ്പെട്ടതാണെന്നും വ്യക്തമാക്കിയ കോടതി, അതിനാല്‍ കേസ് ഹരിത ബെഞ്ചില്‍നിന്നു മറ്റൊരു ബെഞ്ചിലേക്കു മാറ്റുകയും ചെയ്തു.


വിഴിഞ്ഞം പദ്ധതിക്കെതിരേ ദേശീയ ഹരിത ട്രൈബ്യൂണലിലുള്ള കേസില്‍ പരാതി നല്‍കിയവരില്‍ ചിലര്‍ പിന്മാറുകയും പുതുതായി പരാതിക്കാര്‍ രംഗത്തുവരുകയും ചെയ്ത പശ്ചാത്തലത്തിലാണു കോടതിയുടെ നിരീക്ഷണം. ഹരിത ട്രൈബ്യൂണലിലുള്ള കേസ് നടപടികള്‍ നീളുന്നതിനാല്‍ പദ്ധതി വൈകുകയാണെന്നും പദ്ധതിക്കായി സഹകരിക്കാന്‍ തയാറായവര്‍ പിന്മാറുകയാണെന്നുമുള്ള തുറമുഖം കമ്പനിയുടെ വാദത്തെത്തുടര്‍ന്നായിരുന്നു കോടതിയുടെ ഇടപെടല്‍.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിശോധിക്കേണ്ടതാണ്. എന്നാല്‍, പദ്ധതിയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ബാധിക്കാത്തവര്‍ എന്തിനാണ് ഹര്‍ജിയുമായി വരുന്നത്? മുമ്പ് ഗുജറാത്ത് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കമലാ ബേനിവാളിനെ മാറ്റിയപ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്നൊരാളാണു നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയിലെത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ പദ്ധതിയുമായി ഒരു ബന്ധവുമില്ലാത്തവര്‍ കേസുമായി വരുന്ന സാഹചര്യമുണ്ടാകരുത്. എന്നാല്‍, പദ്ധതിയുമായി ബന്ധപ്പെട്ട് കേസുകളില്ലെന്ന സര്‍ട്ടിഫിക്കറ്റാണ് ഇന്ത്യയിലെത്തുന്ന വിദേശനിക്ഷേപകര്‍ ആവശ്യപ്പെടുന്നത്. കേസുകള്‍ നടക്കുന്നതിനാല്‍ വിദേശികള്‍ നിക്ഷേപത്തിനു തയാറാവുന്നില്ല. പദ്ധതിക്കു പണം മുടക്കാന്‍ തയറായ നിക്ഷേപകരുടെ ആശങ്കകള്‍ കണക്കിലെടുക്കണം. ഇത്രയധികം കേസുകളുണ്െടങ്കില്‍ പലരും പണം മുടക്കാന്‍ തയാറാകില്ല. അതും ഇവിടെ പരിശോധിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. കേസ് വീണ്ടും ഡിസംബര്‍ പത്തിനു പരിഗണിക്കും.

അതേസമയം, വിഴിഞ്ഞം പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയതിനെതിരേ നല്‍കിയ കേസ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഡിസംബര്‍ മൂന്നിനു വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.