പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്
പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്
Thursday, November 27, 2014 12:24 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം തിരികെ കൊണ്ടുവരാമെന്നു വാഗ്ദാനം ചെയ്തു കബളിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി സര്‍ക്കാരും രാജ്യത്തെ ജനങ്ങളോടു മാപ്പു പറയണമെന്നു കോണ്‍ഗ്രസ്. രണ്ടു ദിവസമായി നടന്ന പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടന്ന വോട്ടെടുപ്പില്ലാത്ത ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയത്. കള്ളപ്പണ വിഷയം ചോദ്യോത്തരവേള നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസിനു അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നു സഭകളില്‍നിന്ന് ഇറങ്ങിപ്പോയ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍, ചര്‍ച്ചയിലെ മറുപടിയില്‍ തൃപ്തരാകാതെ വൈകുന്നേരവും രാജ്യസഭ ബഹിഷ്കരിച്ചു.

അതേസമയം, തങ്ങള്‍ 15 വര്‍ഷമായി ഉയര്‍ത്തിക്കൊണ്ടു വന്ന വിഷയമാണ് ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപമെന്നും വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാറുകള്‍ പ്രകാരമാണു കള്ളപ്പണ നിക്ഷേപത്തിന്റെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നതെന്നും രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നതു തങ്ങളുടെ പ്രഖ്യാപിത നയമാണെന്ന് ആവര്‍ത്തിച്ച ജയ്റ്റ്ലി, കള്ളപ്പണക്കാരുടെ പട്ടിക പുറത്തുവിടുമെന്നോ വിദേശ രാജ്യങ്ങളില്‍നിന്നു കൂടുതല്‍ പേരുകള്‍ ലഭിച്ചിട്ടുണ്െടന്നോ വ്യക്തമാക്കാന്‍ തയാറായില്ല.

കള്ളപ്പണ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടു രണ്ടു ദിവസമായി നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് ഇരുസഭകളിലും ചര്‍ച്ചയാകാമെന്നു സര്‍ക്കാര്‍ അറിയിച്ചത്. വിഷയം ചോദ്യോത്തരവേള നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നെങ്കിലും സഭാധ്യക്ഷന്മാര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്നു സിപിഎം ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍നിന്നിറങ്ങിപ്പോയി. ഉച്ചകഴിഞ്ഞ് വോട്ടെടുപ്പില്ലാതെയുള്ള ചര്‍ച്ച നടത്തിയപ്പോളാണ് കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും ബിജെപി സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിച്ചത്.

തെറ്റായ വാഗ്ദാനങ്ങളും അസത്യങ്ങളും പറഞ്ഞതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമല്ല ബിജെപി നേതാക്കളായ രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവരും മാപ്പു പറയണമെന്നു ലോക്സഭയില്‍ കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാജ്യസഭയില്‍ ആനന്ദ് ശര്‍മയും ആവശ്യപ്പെട്ടു. വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം തിരികെയെത്തിയാല്‍ രാജ്യത്തെ ഓരോ പൌരനും 15 ലക്ഷം രൂപ ലഭിക്കുമെന്നായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി പ്രചരിപ്പിച്ചത്. എന്നിട്ട് എവിടെ ഈ പണമെല്ലാം? എവിടെയാണ് നിങ്ങള്‍ ഇത് ഒളിച്ചുവച്ചിരിക്കുന്നത്? കള്ളപ്പണ നിക്ഷേപമുള്ളവരുടെ അമ്പതോളം പേരുകള്‍ ഉണ്െടന്നാണു സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, അവ പുറത്തുവിടാന്‍ സര്‍ക്കാര്‍ ഒരിക്കലും തയാറായിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി രാജ്യത്തിന്റെ അഖണ്ഡതയെ തന്നെ ചോദ്യംചെയ്യുന്നതാണ്. നിസാര കാര്യങ്ങളെ പെരുപ്പിച്ചു കാണിക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നത്. ഇത്തരം പൊങ്ങച്ചംപറച്ചില്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം. അധികാരത്തിലെത്തി നൂറു ദിവസത്തിനുള്ളില്‍ കള്ളപ്പണം തിരികെയെത്തിക്കുമെന്നായിരുന്നു നിങ്ങളുടെ പ്രധാന പ്രചാരണം. ഇപ്പോള്‍ നിങ്ങള്‍ പ്രധാനമന്ത്രിയാണ്, എല്ലാ അധികാരങ്ങളുമുണ്ട്. ഇക്കാര്യം വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കേണ്ട കാര്യമില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.


യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാരോപിച്ചു ഭരണത്തിലെത്തിയ നിങ്ങള്‍ ഇപ്പോള്‍ യുപിഎ പറഞ്ഞതുതന്നെയാണ് പറയുന്നത്. രാജ്യത്തെ 125 കോടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഭരണത്തിലിരിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ മനസിലായി കാണുമല്ലോ. ഈ സാഹചര്യത്തില്‍ തെറ്റായ വാഗ്ദാനങ്ങളും അസത്യവും പ്രചരിപ്പിച്ചതിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളോടു മാപ്പപേക്ഷ നടത്താന്‍ ഇപ്പോഴുള്ള അവസരം ഉപയോഗിക്കണമെന്നും കോണ്‍ഗ്രസില്‍നിന്നു പ്രസംഗിച്ച കമല്‍നാഥ്, വീരപ്പ മൊയ്ലി എന്നിവരും ആവശ്യപ്പെട്ടു.

എന്നാല്‍, കള്ളപ്പണ വിഷയത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കള്ളത്തരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് ആരോപിച്ച ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, ആത്മഹത്യാപരമായ നിര്‍ദേശങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നതെന്നു രാജ്യസഭയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി. റൊമാനിയ ഒഴികെ 91 രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കണം. സ്വിറ്റ്സര്‍ലന്‍ഡിലെ എച്ച്എസ്ബിസി ബാങ്കില്‍ നിന്നുള്ള 627 പേരുടെ വിവരങ്ങള്‍ സുപ്രീംകോടതിയിലും പ്രത്യേക അന്വേഷണസംഘത്തിനും കൈമാറിയിട്ടുണ്ട്. ഇതില്‍ 427 പേരില്‍ നിന്നു 250 പേര്‍ തങ്ങള്‍ക്ക് വിദേശത്തു നിക്ഷേപമുണ്െടന്നു സമ്മതിച്ചിട്ടുണ്ട്.

എന്നാല്‍, വിവരങ്ങള്‍ കൈമാറുന്നതിലും പ്രസിദ്ധപ്പെടുത്തുന്നതിലും വിദേശ രാജ്യങ്ങള്‍ സഹകരിക്കുന്നില്ലെന്നും ജയ്റ്റ്ലി വിശദീകരിച്ചു. തുടര്‍ന്നു ജയ്റ്റ്ലിയുടെ മറുപടി ആവര്‍ത്തനമാണെന്നും തൃപ്തികരമല്ലെന്നും ആരോപിച്ച കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും സഭയില്‍നിന്ന്ഇറങ്ങിപ്പോയി. ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് ഇന്നു സര്‍ക്കാര്‍ മറുപടി നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.