സിഗരറ്റിന്റെ ചില്ലറവില്പന നിരോധിക്കാന്‍ നീക്കം
സിഗരറ്റിന്റെ ചില്ലറവില്പന നിരോധിക്കാന്‍ നീക്കം
Wednesday, November 26, 2014 12:05 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സിഗരറ്റിന്റെ ചില്ലറ വില്പന പൂര്‍ണമായും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശ സ്വീകരിച്ചു. സിഗരറ്റിന്റെ ചില്ലറ വില്പന നിരോധിച്ചു കൊണ്ടുള്ള കരട് നിര്‍ദേശം മന്ത്രാലയം പുറത്തിറക്കി. ചില്ലറ വില്പന നിരോധനത്തിനു പുറമേ പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ഉയര്‍ത്തണമെന്നും 2003ലെ പുകയില നിയന്ത്രണ നിയമങ്ങള്‍ (പ്രൊഹിബിഷന്‍ ഓഫ് അഡ്വവര്‍ടൈസ്മെന്റ് ആന്‍ഡ് റെഗുലേഷന്‍ ഓഫ് ട്രേഡ് ആന്‍ഡ് കൊമേഴ്സ്, പ്രൊഡക്ഷന്‍, സപ്ളൈ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ആക്ട്-2003) ലംഘിക്കുന്നവരില്‍നിന്നു കനത്ത തുക പിഴയീടാക്കണമെന്നും വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്.

വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഇന്നലെ രാജ്യസഭയില്‍ എഴുതി തയാറാക്കി വായിച്ച മറുപടിയിലൂടെ വ്യക്തമാക്കി. ഇതു സംബന്ധിച്ച കരടു നിര്‍ദേശം അംഗീകാരം മന്ത്രിസഭാംഗങ്ങള്‍ക്കു വിതരണം ചെയ്തിട്ടുമുണ്ട്. നിരോധനം നടപ്പില്‍ വരുത്തുന്നതിനു മുന്‍പായി വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ കാബിനറ്റിന്റെ അംഗീകാരത്തിനായി പാര്‍ലമെന്റില്‍ അവതരിപ്പിക്കും.


പുകവലിക്കാവുന്ന നിയമപരമായ പ്രായം 18ല്‍നിന്നു 25 ആയി ഉയര്‍ത്തണം, പൊതുസ്ഥലത്ത് പുകവലിക്കുന്നവരില്‍നിന്നും ഈടാക്കുന്ന പിഴ 20,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നുമായിരുന്നു വിദഗ്ധ സമിതിയുടെ പ്രധാന ശിപാര്‍ശകളിലൊന്ന്. കേവലം 10-20 ശതമാനം പേര്‍ മാത്രമാണ് സിഗരറ്റ് പാക്കറ്റായി വാങ്ങുന്നത്. ബാക്കിയുള്ളവരെല്ലാം ചില്ലറയായാണു സിഗരറ്റ് വാങ്ങുന്നതെന്നും ഡല്‍ഹി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രമേശ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സിഗരറ്റ് പാക്കറ്റില്‍ ആരോഗ്യമുന്നറിയിപ്പ് നല്‍കാത്ത കമ്പനികളില്‍നിന്ന് 50,000 രൂപ പിഴ ഈടാക്കണം, മുന്നറിയിപ്പിന്റെ വലിപ്പം പാക്കറ്റിന്റെ 80 ശതമാനമാക്കണം എന്നിവയും സമിതിയുടെ പ്രധാന നിര്‍ദേശങ്ങളിലുള്‍പ്പെടുന്നത്.

നിലവില്‍ 25,000 കോടി രൂപയോളമാണു സിഗരറ്റു വില്‍പനയില്‍ നിന്നുള്ള നികുതി വരുമാനം. നിയന്ത്രണം കൂടിയാല്‍ നികുതി വരവു കുറയും. എന്നാല്‍, പുകയില ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുക്കമ്പോള്‍ ഈ നഷ്ടം എത്രയോ ചെറുതാണെന്നാണു വിദഗ്ധ സമിതി ചൂണ്ടിക്കാണിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.