രാജ്യത്തു മുഴുവന്‍ വനങ്ങളിലും മരംമുറിക്കല്‍ നിരോധിച്ചു
രാജ്യത്തു മുഴുവന്‍ വനങ്ങളിലും മരംമുറിക്കല്‍ നിരോധിച്ചു
Wednesday, November 26, 2014 12:04 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യത്തെ വനങ്ങളില്‍നിന്നു പ്രത്യേക അനുമതിയില്ലാതെ മരം മുറിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയോ സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അഥോറിറ്റി (എസ്ഇഐഎഎ)യുടെയോ പ്രത്യേക പാരിസ്ഥിതിക അനുമതിയോ ബന്ധപ്പെട്ട അധികാരികളുടെ ലൈസന്‍സോ ഇല്ലാത്തവര്‍ക്കു വനത്തിലെ മരം മുറിക്കാനാവില്ലെന്ന് ജസ്റീസ് ഡോ. പി. ജ്യോതിര്‍മണി അധ്യക്ഷനായ ദേശീയ ഹരിത ട്രൈബ്യൂണല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

കമ്പനികളോ വ്യക്തികളോ അധികാരികളോ വനത്തില്‍നിന്നു മരം മുറിക്കുന്നതിനും കൊണ്ടുപോകുന്നതിനും പ്രത്യേക അനുമതി തേടിയിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വനത്തില്‍ നിന്ന് അനധികൃതമായി മരങ്ങള്‍ മുറിക്കുന്നതു മൂലം വനത്തിലെ മരങ്ങളുടെ എണ്ണം കുറയുന്നെന്നു ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് (ഐഐഎസ്ഡി)നല്‍കിയ അപേക്ഷയിലാണ് ട്രൈബ്യൂണലിന്റെ നിര്‍ദേശം.

രാജ്യത്ത് വനംകൊള്ള വ്യാപകമാണെന്ന് ഐഐഎസ്ഡിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗൌരവ് കുമാര്‍ ബന്‍സല്‍ വാദിച്ചു. പശ്ചിമഘട്ടം, ഹിമാലയം തുടങ്ങിയ പ്രദേശങ്ങളില്‍ മരംമുറി വ്യാപകമാണ്. വ്യാവസായിക ആവശ്യത്തിനുള്ള മരക്കരി നിര്‍മിക്കാനാണു പ്രധാനമായും കൊള്ള നടക്കുന്നത്. കേരളം, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മരക്കരിക്കു വേണ്ടിയുള്ള മരം വെട്ടല്‍ വ്യാപകമാണെന്നും ബന്‍സല്‍ ചൂണ്ടിക്കാട്ടി. പലയിടത്തും വനംമാഫിയ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിവയ്പു വരെ നടത്തുന്നു. അതിനാല്‍ വനം കൊള്ള തടയാതെ വനംസംരക്ഷണം നടക്കില്ലെന്നും അദ്ദേഹം വാദിച്ചു.


വ്യവസായിക ആവശ്യത്തിനുള്ള കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് (സിഎസ്ടു) നിര്‍മിക്കാനാണ് പ്രധാനമായും കരി ഉപയോഗിക്കുന്നത്. ഒരു ടണ്‍ സിഎസ്ടു ഉത്പാദിപ്പിക്കാന്‍ 350 കിലോഗ്രാം കരി ആവശ്യമാണ്. അഞ്ച് കിലോഗ്രാം മരത്തില്‍നിന്ന് ഒരു കിലോഗ്രാം കരി മാത്രമേ ലഭിക്കുകയുള്ളു. ഇതനുസരിച്ച് ഒരു ടണ്‍ സിഎസ്ടു ഉല്‍പ്പാദിപ്പിക്കാന്‍ 1,750 കിലോഗ്രാം മരം വേണം. രാജ്യത്ത് കഴിഞ്ഞ വര്‍ഷം 1,06,000 ടണ്‍ സിഎസ്ടു ഉത്പാദിപ്പിച്ചെന്നും ഇതിനായി 1,85,500 ടണ്‍ മരം ഉപയോഗിച്ചെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

അതിനാല്‍, മരം ഇന്ധനമാക്കുന്ന സര്‍ക്കാര്‍ നയം പുനഃപരിശോധിക്കണം, മരക്കരി ഇന്ധനമായി ഉപയോഗിക്കുന്നതു നിരോധിക്കണം, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഫോറസ്റ്റ് മാനേജ്മെന്റ് പ്ളാന്‍ തയാറാക്കണം, അനധികൃത മരംമുറിക്കാരെ ശിക്ഷിക്കണം, മരംമുറി തടയാന്‍ പ്രത്യേക നിരീക്ഷക സംവിധാനം രൂപീകരിക്കണം എന്നീ ആവശ്യങ്ങളും പരാതിക്കാര്‍ ഉന്നയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.