സിസ്റര്‍ വത്സാ ജോണിന്റെ കൊലപാതകം: മാവോയിസ്റ് ബന്ധമില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
സിസ്റര്‍ വത്സാ ജോണിന്റെ കൊലപാതകം: മാവോയിസ്റ് ബന്ധമില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
Sunday, November 23, 2014 11:38 PM IST
സെബി മാത്യു

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട മലയാളി സിസ്റര്‍ വത്സാ ജോണിന്റെ കൊലയ്ക്കുപിന്നില്‍ മാവോയിസ്റുകളല്ലെന്നു കണ്െടത്തല്‍. ഖനി മാഫിയകളുടെ വാടകക്കൊലയാളികളാണു സിസ്റര്‍ വത്സാ ജോണിന്റെ കൊലയ്ക്കു പിന്നിലെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. ഇതോടെ സിസ്ററുടെ വധത്തിനു പിന്നില്‍ മാവോയിസ്റുകളാണെന്നു വാദിച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ വാദം പൊളിയുകയാണ്.

പാനേം എന്ന ഖനന കമ്പനിയും പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ഒമ്പതു ഗ്രാമങ്ങളിലെ ജനങ്ങളും ചേര്‍ന്ന് ഒപ്പിട്ട ധാരണാപത്രത്തില്‍ (എംഒയു) വിയോജിപ്പു പ്രകടിപ്പിച്ച് മാവോവാദികള്‍ കൊലനടത്തിയെന്നായിരുന്നു പോലീസിന്റെ വാദം.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ഗവേഷകയായ ബേല ഭാട്ടിയ, മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, റാഞ്ചി സര്‍വകലാശാലയില്‍ രമേഷ് ശരണ്‍ എന്നിവരടങ്ങിയ സമിതിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലാണു സിസ്ററുടെ വധത്തിനു പിന്നില്‍ വാടകക്കൊലയാളികളാണെന്നും മാവോയിസ്റു ബന്ധമില്ലെന്നും കണ്െടത്തിയിരിക്കുന്നത്.

ജാര്‍ഖണ്ഡിലെ പക്കുര്‍ ജില്ലയില്‍ ഗോത്ര വര്‍ക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അനധികൃത ഖനികള്‍ക്കെതിരേ ശക്തമായ നിലപാടുകളെടുത്തതിന്റെ പേരില്‍ മലയാളിയായ സിസ്റര്‍ വത്സാ ജോണ്‍ 2011 നവംബര്‍ 15നാണ് ക്രൂരമായി കൊല ചെയ്യപ്പെടുന്നത്. അന്നു തൊട്ടേ കൊലപാതകത്തിന്റെ ഉത്തരവാദിത്തം മാവോയിസ്റുകളുടെ തലയില്‍ തന്നെ കെട്ടിവയ്ക്കാനുള്ള ഗൂഢനീക്കങ്ങളിലായിരുന്നു ജാര്‍ഖണ്ഡ് പോലീസ്. കഴിഞ്ഞ ഒക്ടോബറില്‍ പോലീസിനു മുന്നില്‍ കീഴടങ്ങിയ ഒരു മാവോയിസ്റു പ്രവര്‍ത്തകനും തന്റെ കുറ്റ സമ്മതത്തില്‍ സിസ്ററുടെ കൊലയ്ക്കു പിന്നില്‍ മാവോയിസ്റുകള്‍ തന്നെയെന്നു പറഞ്ഞുവെന്നും ജാര്‍ഖണ്ഡ് പോലീസ് പറയുന്നു. സിസ്ററുടെ മരണവുമായി ബന്ധപ്പെട്ടു പോലീസ് ഏഴു പേരെ അറസ്റ് ചെയ്യുകയും ചെയ്തിരുന്നു.


മൈനിംഗ് കമ്പനികള്‍ക്കെതിരേ നിലപാടുകളെടുത്ത കര്‍ഷകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിച്ചതിനൊപ്പമാണു പീപ്പീള്‍സ് ട്രൈബ്യൂണല്‍ സിസ്ററുടെ മരണത്തെപ്പറ്റിയും അന്വേഷിച്ചത്. എംഒയു കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട നിരവധി പേര്‍ നേരത്തെ തന്നെ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്കുനേരേ അതിക്രൂരമായ ആക്രമണങ്ങളും നടന്നു. എന്നാല്‍, വത്സാ ജോണിനു നേരേനടന്ന ആക്രമണം മാത്രമാണു പുറം ലോകമറിഞ്ഞത്. ഖനനപദ്ധതിക്കു വേണ്ടി വീടും സ്വത്തുവകകളും നഷ്ടപ്പെട്ട കര്‍ഷകരും കൊല്ലപ്പെട്ടതില്‍ ഉള്‍പ്പെടുന്നു. കുടിയൊഴിപ്പിക്കപ്പെട്ട 4000ത്തോളം വരുന്ന ഗ്രാമീണര്‍ക്ക് കമ്പനി ഇതുവരെയും ഒരു സഹായവും ചെയ്തിട്ടില്ല. ആരെങ്കിലും എതിര്‍ശബ്ദമുയര്‍ത്തിയാല്‍ കമ്പനി ഗുണ്ടകളെ വിട്ട് ആക്രമണം അഴിച്ചുവിടുകയാണ്. പാനേമിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ അജ്ഞാതരായ തോക്കു ധാരികള്‍ വെടിവെച്ചു കൊന്ന സംഭവത്തിനു പിന്നിലും കമ്പനിയുടെ പങ്കുണ്െടന്നു ആരോപണമുണ്ടായിരുന്നു.

24 വര്‍ഷമായി ജാര്‍ഖണ്ടിലെ പക്കുവാഡയില്‍ സന്താള്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിച്ച വന്ന സിസ്ററെ അര്‍ദ്ധ രാത്രിയില്‍ വീടുവളഞ്ഞ 40 ലധികം വരുന്ന അക്രമി സംഘം കോടാലി കൊണ്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മരണത്തിനു തൊട്ടു പിന്നാലെ തന്നെ പണത്തോടുള്ള ആര്‍ത്തി സിസ്റ്റര്‍ വല്‍സയുടെ കൊലപാതകത്തിന് കാരണമായെന്നു ബിജെപി നേതാവായ സൈമണ്‍ മറാണ്ഡി പറഞ്ഞത് വിവാദത്തിനു വഴി തെളിച്ചിരുന്നു. പുതിയ ഖനിക്കായി സ്ഥലങ്ങള്‍ ഏറ്റെടുക്കല്‍ പുരോഗമിക്കവേയാണ് സിസ്റര്‍ വല്‍സയുടെ കൊലപാതകം നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.