ബിജെപി ഭരണത്തില്‍ നല്ലകാലം വന്‍കിട മുതലാളിമാര്‍ക്ക്: രാഹുല്‍ ഗാന്ധി
ബിജെപി ഭരണത്തില്‍ നല്ലകാലം വന്‍കിട മുതലാളിമാര്‍ക്ക്: രാഹുല്‍ ഗാന്ധി
Sunday, November 23, 2014 12:00 AM IST
പാന്‍കി(ജാര്‍ഖണ്ഡ്): ബിജെപി ഭരണത്തില്‍ നല്ലകാലം വന്നതു വന്‍കിട മുതലാളിമാര്‍ക്കു മാത്രമാണെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അധികാരിത്തിലേറി നൂറുദിവസത്തിനകം കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനം നടപ്പാക്കാന്‍ കഴിയാത്ത ബിജെപി സര്‍ക്കാരിനെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു.

പാലമു ജില്ലയിലെ പാന്‍കിയില്‍ തെരഞ്ഞെടുപ്പു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയുടെ ശുചിത്വപരിപാടി കച്ചവടതന്ത്രം മാത്രമാണ്. ഭരണം ഒരു കലയാണെന്നും അതിന് ക്ഷമയും കാര്യബോധവും ആവശ്യമാണെന്നും ഇതു രണ്ടും ബിജെപിക്ക് ഇല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ജാര്‍ഖണ്ഡില്‍ സമ്പത്തിനോ പ്രകൃതി വിഭവങ്ങള്‍ക്കോ ക്ഷാമമില്ല. എന്നാല്‍, ഇവയുടെ പ്രയോജനം സംസ്ഥാനത്തെ ജനങ്ങള്‍ക്കാണോ അതോ പുറത്തുള്ള കുത്തക മുതലാളിമാര്‍ക്കാണോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.


ജനങ്ങളുടെ കൈയില്‍ അധികാരം എത്തിക്കുകയെന്നതാണു കോണ്‍ഗ്രസിന്റെ പ്രഖ്യാപിതലക്ഷ്യം. തെരഞ്ഞെടുപ്പുസമയത്തു നരേന്ദ്ര മോദി വാഗ്ദാനം ചെയ്തതുപോലെ ജാര്‍ഖണ്ഡിലോ രാജ്യത്തോ എന്തെങ്കിലും മാറ്റം കൊണ്ടുവന്നോ എന്നു ജനം ചിന്തിക്കണം.

വ്യവസായികള്‍ക്കു മിനിറ്റുകള്‍ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിനു രൂപ വായ്പയായി നല്‍കുമെന്നും അഡാനി ഗ്രൂപ്പിന് 6,100 കോടി രൂപയുടെ വായ്പ നല്‍കിയ തീരുമാനത്തെ സൂചിപ്പിച്ചു രാഹുല്‍ പറഞ്ഞു. ജാര്‍ഖണ്ഡില്‍ ഇതുവരെ കോണ്‍ഗ്രസ് നേരിട്ട് അധികാരത്തിലെത്തിയിട്ടില്ല.അധികാരത്തിലെത്തിയാല്‍ ജാര്‍ഖണ്ഡില്‍ വന്‍വികസനപദ്ധതികള്‍ക്കു തുടക്കംകുറിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.