കേന്ദ്രത്തെ കടന്നാക്രമിച്ചു മമത
കേന്ദ്രത്തെ കടന്നാക്രമിച്ചു മമത
Sunday, November 23, 2014 11:30 PM IST
കോല്‍ക്കത്ത: ശാരദ ചിട്ടിതട്ടിപ്പുകേസില്‍ പങ്കുണ്െടന്നാരോപിച്ച് തൃണമൂല്‍ നേതാവും രാജ്യസഭാ അംഗവുമായി ശ്രിന്‍ജോയ് ബോസിനെ സിബിഐ അറസ്റ്ചെയ്തതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിനെയും ബിജെപി നേതൃത്വത്തെയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കടന്നാക്രമിച്ചു. കേന്ദ്രത്തിന്റെ പ്രതികാര രാഷ്ട്രീയമാണ് എംപിയുടെ അറസ്റിലേക്കു നയിച്ചത്. ഇതു രാഷ്ട്രീയഗൂഢാലോചനയാണെന്നും ബിജെപിയെ ചെറുക്കാന്‍ നാളെമുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുമെന്നും നേതാജി ഇന്‍ഡോര്‍ സ്റേഡിയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മമത ബാനര്‍ജി പറഞ്ഞു.

വിഭജിച്ചു ഭരിക്കാനാണു കേന്ദ്രത്തിന്റെ നീക്കം. വര്‍ഗീയസംഘര്‍ഷങ്ങള്‍ രാജ്യത്തു വര്‍ധിച്ചുവരുകയാണ്. അടിച്ചാല്‍ തിരിച്ചടിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനറിയാം. അതിനാല്‍ എല്ലാ വെല്ലുവിളിയും ഏറ്റെടുക്കുകയാണ്. ബിജെപിയെ ഭയക്കരുതെന്നു പാര്‍ട്ടി അംഗങ്ങളോടു പറഞ്ഞ മമത കാവിപ്പാര്‍ട്ടിയുടെ ഗൂഢാലോചനയ്ക്കെതിരേ ഒന്നിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. രാജ്യഭാരം വഹിക്കേണ്ടയാള്‍ എല്ലാസമയത്തും വിദേശത്താണെന്നും നരേന്ദ്ര മോദിയെ പേ രെടുത്തുപറയാതെ മമത വിമര്‍ശി ച്ചു.


പശ്ചിമബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണു കേന്ദ്രത്തിന്റെ ശ്രമം. ശാരദ ചിട്ടിക്കമ്പനിയുടെ പരസ്യം സ്വീകരിച്ചുവെന്നതാണു ശ്രിന്‍ജോയ് ബോസിന്റെ അറസ്റിനു കാരണമായി പറയുന്നത്. എന്തുകൊണ്ടു പരസ്യം സ്വീകരിച്ച മറ്റുള്ളവരെ ഒഴിവാക്കിയെന്ന് മമത ചോദിച്ചു.

എംപിയെ അറസ്റ് ചെയ്തതില്‍ പ്രതിഷേധം അറിയിക്കാനായി എല്ലാ തൃണമൂല്‍ പ്രവര്‍ത്തകരെയും അറസ്റ്ചെയ്യണമെന്നു രേഖപ്പെടുത്തിയ പ്ളാക്കാര്‍ഡുമായി നാളെ തെരുവിലിറങ്ങാന്‍ മമത ബാനര്‍ജി പ്രവര്‍ത്തരോടു നിര്‍ദേശിക്കുകയും ചെയ്തു. കോല്‍ക്കത്ത നഗരത്തില്‍ നാളെ നടക്കുന്ന റാലിയില്‍ താന്‍ പങ്കെടുക്കുമെന്നും മമത അറിയിച്ചു.

തൃണമൂല്‍ നേതാവും ഗതാഗതമന്ത്രിയുമായ മദന്‍ മിത്രയെ സിബിഐ ചോദ്യംചെയ്യാന്‍ വിളിച്ചപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവ പ്പെട്ടതായി മന്ത്രി അറിയിച്ചു. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.