പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതി അംഗീകരിക്കില്ലെന്നു കേരളം
Saturday, November 22, 2014 12:08 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതി യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്നു കേരളം. കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന ജലവിഭവ മന്ത്രിമാരുടെ യോഗത്തിലാണു കേരളം എതിര്‍പ്പ് അറിയിച്ചത്. പമ്പയിലും അച്ചന്‍കോവിലിലും ആവശ്യത്തിനു വെള്ളമില്ലെന്നും ഇതു സംയോജിപ്പിച്ചാല്‍ വേമ്പനാട്ടുകായല്‍ നശിക്കുമെന്നും സംസ്ഥാന ജലവിഭവമന്ത്രി പി.ജെ. ജോസഫ് ചൂണ്ടിക്കാട്ടി.

കുട്ടനാട്ടിലെ കൃഷിക്കു വളരെയധികം സഹായകരമാകുന്ന വേമ്പനാട്ടുകായലില്‍ പമ്പ, അച്ചന്‍കോവില്‍ നദികളില്‍നിന്നാണു വെള്ളമെത്തുന്നത്. ഈ നദികളെ വൈപ്പാറുമായി സംയോജിപ്പിച്ചാല്‍ വേമ്പനാട്ടുകായലിന്റെ സന്തുലിതാവസ്ഥ തകരും. പമ്പയെ ഉള്‍പ്പെടുത്തിയാല്‍ ശബരിമല തീര്‍ഥാടനത്തെയും ബാധിക്കും. പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് സമവായം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് കേരളവുമായി ചര്‍ച്ച നടത്താമെന്നു കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി മന്ത്രി പി.ജെ. ജോസഫിനെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.