മുലായത്തിന്റെ ജന്മദിനത്തിന് 75 അടി ഉയരമുള്ള കേക്ക് മുറിക്കും
മുലായത്തിന്റെ ജന്മദിനത്തിന് 75 അടി ഉയരമുള്ള കേക്ക് മുറിക്കും
Friday, November 21, 2014 11:58 PM IST
ലക്നോ: നാളെയാണ് ആ സുദിനം, നവംബര്‍ 22. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിന്റെ ജന്മവാര്‍ഷികദിനം. തങ്ങളുടെ പ്രിയ നേതാവിന്റെ പിറന്നാള്‍ രാംപുരില്‍ മാത്രമാക്കി ഒതുക്കാന്‍ അനുയായികള്‍ തയാറല്ല. സംസ്ഥാനമൊട്ടാകെ ആഘോഷിക്കും. അന്നേദിവസം സമതാ ദിനമായി ആചരിക്കും. സ്വവസതിയിലെ ലളിതമായ ചടങ്ങിനുശേഷം രാംപുരിലെ ഇടവഴികളിലൂടെ പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ യാത്ര. സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ നേതൃത്വത്തില്‍ ജവഹര്‍ യൂണിവേഴ്സിറ്റിയിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ആട്ടവും പാട്ടുമൊക്കെയായി ലക്ഷങ്ങള്‍ ചെലവിട്ടുള്ള രാവേറെ നീളുന്ന ആഘോഷം. 75 വയസു തികഞ്ഞ മുലായം 75 അടി ഉയരമുള്ള കേക്ക് മുറിക്കും, 75 കിലോയുള്ള ലഡ്ഡു വിതരണം ചെയ്യും. പിന്നീട് ആദരിക്കല്‍, മുലായത്തിന്റെ മറുപടി പ്രസംഗം, പാര്‍ട്ടി പ്രവര്‍ത്തകരുടെ രക്തദാനം എന്നീ പരിപാടികളുമുണ്ടാവും.


എന്നാല്‍, സംസ്ഥാന വ്യാപകമായ ജന്മദിനാഘോഷത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ചെലവിലുള്ള ഈ ധൂര്‍ത്തിനെ ശക്തമായി എതിര്‍ക്കുന്നതായി ബിജെപി നേതാവ് വിജയ് ബഹാദൂര്‍ പഥക് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.