വീരകൃത്യങ്ങള്‍ മകന്‍ നാട്ടില്‍ പാട്ടാക്കി; ഡിഐജിയായ അച്ഛന്‍ പുലിവാലു പിടിച്ചു
Thursday, October 30, 2014 12:22 AM IST
ജമ്മു: അച്ഛന്റെ വീരകൃത്യങ്ങള്‍ നാലാളെ അറിയിക്കുന്നതില്‍ എന്താണ് ഇത്ര വലിയ തെറ്റ് ? മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുള്ള ഇക്കാലത്ത് അതു വലിയ കാര്യം തന്നെ. എന്നാല്‍ മകന്റെ സത്കൃത്യം പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയിലാക്കിയിരിക്കുകയാണ് ജമ്മു കംവ റേഞ്ച് ഡിഐജി ഷക്കീല്‍ അഹമ്മദ് ബീഗത്തെ.

മകന്‍ അച്ഛനെ രാജാവാക്കിയ ആ സംഭവകഥ കേട്ടോളു. ഷക്കീലിന്റെ ബിസിനസുകാരനായ മകന്‍ സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഇന്‍സ്റ്റാഗ്രാമില്‍ അച്ഛന്റെ പ്രൌഢി വിളിച്ചോതുന്ന കുറെ ചിത്രങ്ങള്‍ പോസ്റു ചെയ്തു. അതിലെന്തിരിക്കുന്നു എന്നല്ലേ. ആദ്യ ചിത്രം ഡിജിപി വേഷത്തിലിരിക്കുന്ന അച്ഛന്റെ ഷൂവിന്റെ ലേസ് മറ്റൊരാള്‍ കെട്ടികൊടുക്കുന്ന മനോഹരചിത്രമാണ്. ചിത്രത്തിനു താഴെ മകന്‍െ നല്കിയ അടിക്കുറിപ്പ് ഇങ്ങനെ പോകുന്നു; യഥാര്‍ഥ രാജാവ്- എന്റെ ഡാഡ്, അദ്ദേഹം ഷൂവിന്റെ ലേസ് തനിയെ കെട്ടിയിട്ടു 15 വര്‍ഷം കഴിഞ്ഞിരിക്കുന്നു!

മറ്റൊരു ചിത്രത്തില്‍ ഡിഐജിയുടെ വാഹനത്തിനു ചുറ്റുമുള്ള ആയുധധാരികളായ പോലീസുകാര്‍ റോഡിലെ ബ്ളോക്ക് മാറ്റുന്നതാണ്. ഇതിനും മനോഹരമായിരിക്കുന്ന അടിക്കുറിപ്പു മകന്‍ നല്കിയിരിക്കുന്നു. എന്റെ ഡാഡ് റോഡിലേക്കു വാഹനവുമായിറങ്ങിയാല്‍ പോലീസും സുരക്ഷഭടന്മാരും റോഡിലെ ബ്ളോക്ക് മാറ്റി അദ്ദേഹത്തിനു വീഥിയൊരുക്കും.

തൊട്ടുപിന്നാലെ അടുത്ത ചിത്രവും കൂടി പോസ്റ് ചെയ്തു രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയ അച്ഛനെ മകന്‍ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. സെക്യുരിറ്റിയും തോക്കും പിന്നെ കുടയും എന്ന തലക്കെട്ടോടെ നല്കിയിരിക്കുന്ന ചിത്രത്തില്‍ ഒരു കെട്ടിടത്തില്‍ നിന്നും അച്ഛനും കഥാനായകനായ മകനും പുറത്തേക്കിറങ്ങുന്നതാണ്. ചുറ്റിലും സംരംക്ഷണം തീര്‍ത്തു പോലീസും. ചിത്രത്തിന്റെ അടിക്കുറിപ്പ് ഇങ്ങനെ. ഡാഡും ഞാനും-സെക്യൂരിറ്റി-ഗണ്‍- കുടയും എപ്പോഴും ഞങ്ങള്‍ക്കൊപ്പം. മഴയോ സൂര്യനോ ഇല്ലെങ്കില്‍പ്പോലും.


ചിത്രങ്ങള്‍ സോഷ്യല്‍നെറ്റ്വര്‍ക്കിലൂടെ അതിവേഗം പാഞ്ഞതോടെ സംഭവം വലിയ വിവാദമായി. അതുവരെ വലിയ ചീത്തപ്പേര് കേള്‍പ്പിക്കാതിരുന്ന ഡിഐജിക്കുനേരെ വിമര്‍ശനത്തോടു വിമര്‍ശനം. അവസാനം ഇന്‍സ്റാഗ്രാമിലെ പ്രൊഫൈലടക്കം ഡിലീറ്റ് ചെയ്തു അതു തന്റെ മകന്റെ അക്കൌണ്ടല്ലെന്നു പത്രക്കുറിപ്പിറക്കേണ്ടിവന്നു ഷക്കീലിന്. ലെയ്സ് കെട്ടുന്ന ചിത്രം കടയില്‍ ഷൂസ് വാങ്ങാന്‍ ചെന്നപ്പോള്‍ സെയില്‍സ്മാന്‍ അളവുനോക്കുന്നതിന്റെയാണെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.

സംഭവം എന്തായാലും കാഷ്മീര്‍ അടിവാരത്ത് മാത്രം അറിയപ്പെട്ടിരുന്ന അച്ഛനു മകന്‍ വലിയ പേരാണ് നേടിക്കൊടുത്തത്. താന്‍ ചെയ്തതു ഇത്ര വലിയ തെറ്റാണോയെന്നാണ് സംശയം മകനു ഇപ്പോഴും തീര്‍ന്നിട്ടില്ലത്രെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.