ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണം കേന്ദ്രം വേഗത്തിലാക്കുന്നു
Thursday, October 30, 2014 12:16 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുന്നു. സര്‍ക്കാര്‍ രൂപീകരണത്തില്‍ കേന്ദ്രത്തിന്റെ അലംഭാവം ചൂണ്ടിക്കാണിച്ചു സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇതു സംബന്ധിച്ച കേസ് ഇന്നു വീണ്ടും പരിഗണിക്കും.

നിലവിലെ നിയമസഭ നിലനിര്‍ത്തി സര്‍ക്കാര്‍ രൂപവത്കരണം സാധ്യമാകുമോ എന്നു പരിശോധിച്ച് ലഫ്റ്റനന്റ് ഗവര്‍ണറോടു വിശദവിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്െടന്നാണു വിവരം. മുമ്പ് ലഫ്റ്റനന്റ് ഗവര്‍ണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കാന്‍ രാഷ്ട്രപതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്കാവില്ല.

മറ്റു പാര്‍ട്ടികളില്‍ നിന്ന് എംഎല്‍എമാരെ ആകര്‍ഷിച്ചെടുത്ത് പിന്തുണ ഉറപ്പിക്കുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായ മങ്ങുന്നതിനിടയാക്കും. അതിനാല്‍ പുതിയ തെരഞ്ഞെടുപ്പിനു തന്നെയാവും കളമൊരുങ്ങുക. അതിനിടെ, ജമ്മു കഷ്മീര്‍, ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പുകള്‍ക്ക് ഒപ്പം ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടികള്‍ വൈകിപ്പിച്ചത് എന്നും വിമര്‍ശനമുണ്ട്. മഹാരാഷ്ട്രയിലും ഹരിയാനയിലും മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസം പാര്‍ട്ടിക്കുണ്െടങ്കിലും ഡല്‍ഹി തെരഞ്ഞെടുപ്പിനെ ലഘുവായി കാണാനാവില്ല എന്ന നിലപാടാണ് മിക്ക നേതാക്കള്‍ക്കും. കാഷ്മീര്‍, ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞശേഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നടത്തിയ അതേ ആസൂത്രിത സന്നാഹങ്ങളോടെ തെരഞ്ഞെടുപ്പിനെ നേരിട്ടു കൃത്യമായ ഭൂരിപക്ഷം നേടിയെടുക്കാമെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍. അങ്ങിനെയെങ്കില്‍ രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി തീരുന്ന ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് നടന്നേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.