വിഴിഞ്ഞം പദ്ധതിക്കു കേന്ദ്രസര്‍ക്കാര്‍ 800 കോടി അനുവദിക്കും
വിഴിഞ്ഞം പദ്ധതിക്കു കേന്ദ്രസര്‍ക്കാര്‍ 800 കോടി അനുവദിക്കും
Thursday, October 30, 2014 12:15 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കു വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ആയി 800 കോടി രൂപ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

കേന്ദ്ര ധനമന്ത്രാലയം സെക്രട്ടറി മായാറാമിന്റെ അധ്യക്ഷതയില്‍ കൂടിയ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. പദ്ധതിത്തുകയുടെ 20 മുതല്‍ 40 ശതമാനം വരെ തുകയാണ് അതിജീവന സഹായമെന്ന നിലയില്‍ വിജിഎഫ് അനുവദിക്കുന്നതെങ്കിലും ആദ്യ ഗഡുവായി 20 ശതമാനം തുക അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കു വിജിഎഫ് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരം പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നു നിര്‍ദേശിച്ചിരുന്നു.

കേരളത്തിന്റെ കാര്യത്തില്‍ ചില ഇളവുകള്‍ വേണമെന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനു കേന്ദ്രം തയാറാകാതിരുന്നതിനെ ത്തുടര്‍ന്നു പദ്ധതിരേഖയില്‍ മാറ്റംവരുത്തി നല്‍കിയതു പരിഗണിച്ചാണ് ഉന്നതതല യോഗം വിജിഎഫ് തുക അനുവദിക്കാന്‍ ധാരണയായിരിക്കുന്നത്. ഉന്നതതല യോഗത്തിന്റെ തീരുമാനം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അനുമതി നല്‍കുന്നതോടെ ഇക്കാര്യത്തില്‍ തീരുമാനം അന്തിമമാകും.

കേന്ദ്ര ധനവിനിയോഗ സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, തുറമുഖ എംഡി എ.എസ്. സുരേഷ് ബാബു, പിപിപി മേധാവി വി.എസ്. സുനില്‍, ആസൂത്രണ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്തത്. പദ്ധതിക്ക് 600 കോടി രൂപ വിജിഎഫായി അനുവദിക്കാമെന്നായിരുന്നു നേരത്തേ കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍, കേരളവും തുറമുഖ അധികൃതരും കൂടുതല്‍ തുക ആവശ്യപ്പെട്ടു. കടലില്‍നിന്നു മണ്ണെടുത്തു തറയുണ്ടാക്കുന്നതിനും മറ്റു നിര്‍മാണത്തിനായി കടലില്‍ മണ്ണുമാന്തുന്നതിനും വിജിഎഫ് നല്‍കണമെന്നാണു സംസ്ഥാന സര്‍ക്കാരും തുറമുഖ അധികൃതരും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, കേന്ദ്രം ഇതിനോടു വിയോജിച്ചു. തുടര്‍ന്ന് ഇത് ഒഴിവാക്കി. കേരളം ബ്രേക്ക് വാട്ടര്‍ നിര്‍മാണമടക്കമുള്ള കാര്യങ്ങള്‍ക്കു വിജിഎഫ് അനുവദിക്കണമെന്ന ആവശ്യം യോഗം അംഗീകാരിക്കുകയായിരുന്നു.


ഇതോടെ മൊത്തം പദ്ധതിച്ചെലവ് നേരത്തേ കണക്കുകൂട്ടിയിരുന്ന 4000 കോടിയില്‍നിന്ന് 4050 കോടിയായി ഉയര്‍ന്നു. ഇതിനനുസരിച്ചു വിജിഎഫും നേരിയ തോതില്‍ വര്‍ധിക്കും. തീരുമാനങ്ങള്‍ കേന്ദ്രം അതിവേഗം അംഗീകരിക്കുകയാണെങ്കില്‍ ജനുവരിക്കു മുമ്പു ലേല നടപടികള്‍ പൂര്‍ത്തിയാക്കാനാവുമെന്നു തുറമുഖ അധികൃതര്‍ അറിയിച്ചു. വിഴിഞ്ഞം പദ്ധതിക്കു ടെന്‍ഡര്‍ യോഗ്യത നേടിയ എസാര്‍ ഗ്രൂപ്പ്, ഹ്യുണ്ടായി, സ്ട്രേ ഇന്‍ഫ്രാസ്ട്രക്ചറും ഒഎച്ച്എല്‍ കമ്പനിയും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം, അഡാനി, ഗാമണ്‍ ഇന്ത്യ എന്നിവ യോഗത്തിലെ ധാരണയനുസരിച്ചുള്ള പുതുക്കിയ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കരാര്‍ ലേലത്തില്‍ പങ്കെടുക്കുന്നവര്‍ രേഖപ്പെടുത്തുന്ന വിജിഎഫ് തുകയുടെ അടിസ്ഥാനത്തിലാണു പദ്ധതിക്കുള്ള ടെന്‍ഡറിന് അനുമതി ലഭിക്കുക.പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.