സിപിഎം അടവുനയം പൊളിച്ചെഴുതും
Thursday, October 30, 2014 12:14 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നുവന്ന ബദല്‍ നിര്‍ദേശങ്ങള്‍ക്കു മുന്നില്‍ ഔദ്യോഗികപക്ഷത്തിന്റെ അനുരഞ്ജനമെന്ന താത്കാലിക അടവുനയം. ഔദ്യോഗികപക്ഷ തീരുമാനത്തിനു വിരുദ്ധമായി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവച്ച ബദല്‍ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പാര്‍ട്ടിയുടെ കരടുനയത്തില്‍ ഭേദഗതി വരുത്താമെന്ന ധാരണയിലാണു നാലു ദിവസമായി നടന്നുവന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നലെ സമാപിച്ചത്.

രാഷ്ട്രീയ, അടവു നയങ്ങളിലെ പാളിച്ച സംബന്ധിച്ച സിപിഎം കേന്ദ്ര നേതൃത്വത്തിലെ തര്‍ക്കം ഒത്തുതീര്‍പ്പിലേക്കു വഴിമാറുകയായിരുന്നു. യെച്ചൂരി ഉയര്‍ത്തിയ ബദല്‍ നിര്‍ദേശങ്ങള്‍ക്കു കേന്ദ്രകമ്മിറ്റിയില്‍നിന്നു കൂടുതല്‍ പിന്തുണ ലഭിച്ചതോടെയാണു പോളിറ്റ് ബ്യൂറോ അംഗീകാരം നല്‍കിയ രേഖ പിന്‍വലിച്ചു ഭേദഗതി ചെയ്യാമെന്ന ഒത്തു തീര്‍പ്പിലേക്കു ഔദ്യോഗിക നേതൃത്വത്തിനു വഴങ്ങേണ്ടിവന്നത്.

സിപിഎമ്മില്‍ നടന്നുവരുന്ന അധികാര വടംവലികളില്‍ സീതാറം യെച്ചൂരി ഇതോടെ കൂടുതല്‍ കരുത്താര്‍ജിച്ചു. യെച്ചൂരിയുടെ ബദല്‍ നിര്‍ദേശങ്ങളടങ്ങിയ കുറിപ്പ് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ചതിനു പുറമേ വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കത്തുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ രണ്ടര പതിറ്റാണ്ടു കാലത്തെ അടവുനയം തെറ്റായിരുന്നെന്ന ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തലിനു ബദലായി നയങ്ങളിലല്ല, നയം നടപ്പാക്കിയതിലാണു തെറ്റെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ നേതൃത്വത്തിനു നേരേ വിരല്‍ ചൂണ്ടുന്നതായിരുന്നു സീതാറാം യെച്ചൂരിയുടെ ബദല്‍ നിര്‍ദേശം. ചര്‍ച്ചയില്‍ പങ്കെടുത്ത 55 പേരില്‍ 35 പേര്‍ രേഖ പുതുക്കിയെഴുതണമെന്നാവശ്യപ്പെട്ടു. വി.എസ്. അച്യുതാനന്ദന്‍ സീതാറാം യെച്ചൂരിയെ ശക്തമായി പിന്തുണച്ചു. കേന്ദ്ര നേതൃത്വം ജനങ്ങളുടെ മുന്നില്‍ അപഹാസ്യരായെന്നു വി.എസ് നല്‍കിയ രണ്ടാമത്തെ കുറിപ്പില്‍ പറയുന്നു.

ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ കരടു നയരേഖ വിലയിരുത്താന്‍ ജനുവരിയില്‍ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യെച്ചൂരി ഉയര്‍ത്തിയ ബദല്‍ നിര്‍ദേശങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിനു നേരേ പ്രത്യക്ഷത്തിലുള്ള വെല്ലുവിളിയായെങ്കിലും ഭേദഗതിയാകാമെന്ന അനുരഞ്ജനത്തില്‍ ഔദ്യോഗികപക്ഷം അനുകൂല സാധ്യതകള്‍ മുന്നില്‍ കാണുന്നുണ്ട്. ചര്‍ച്ചകള്‍ക്കിടെ പാര്‍ട്ടി കീഴ്ഘടകങ്ങളെ സ്വാധീനിച്ചു ദേശീയ നേതൃത്വത്തിന്റെ താത്പര്യം സംരക്ഷിച്ചു നിര്‍ത്താമെന്നതാണു പ്രധാന സാധ്യത. അങ്ങനെയെങ്കില്‍ സമീപകാല നേതൃത്വത്തിനു പിഴവുകളുണ്ടായി എന്ന യെച്ചൂരിയുടേതുള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ ഭേദഗതിയില്‍ ഉള്‍പ്പെടുമെന്ന് ഉറപ്പില്ല.


കേന്ദ്രകമ്മിറ്റിയില്‍ നടന്ന ചര്‍ച്ചകളില്‍ പാര്‍ട്ടിക്കു പാളിച്ച പറ്റിയത് എവിടെയാണെന്നു വിശദീകരിക്കുന്ന അവലോകന രേഖയില്‍ ഉള്‍പ്പെടുത്തേണ്ട എഴു പ്രധാന പോയിന്റുകള്‍ സംബന്ധിച്ചു കേന്ദ്രകമ്മിറ്റിയില്‍ ഐകകണ്ഠ്യേന ധാരണയായെന്നു പ്രകാശ് കാരാട്ട് പറഞ്ഞു. ഈ പോയിന്റുകള്‍ അടിസ്ഥാനമാക്കിയാണു പോളിറ്റ്ബ്യൂറോ അവലോകന രേഖയില്‍ ഭേദഗതികള്‍ ഉള്‍പ്പെടുത്തി പുതുക്കുന്നത്. ഇതു ജനുവരിയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ചു ചര്‍ച്ചകള്‍ക്കുശേഷം ആവശ്യമായ തിരുത്തലുകള്‍ സഹിതം പാസാക്കും. സംഘടനാ വിഷയങ്ങളിന്മേലുള്ള ചര്‍ച്ചകള്‍ക്കും വിലയിരുത്തലിനുമായി വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം പാര്‍ട്ടി പ്ളീനം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. പോഷക സംഘടനകളുടെ തളര്‍ച്ച, ആഗോളീകരണ കാലത്ത് തൊഴിലാളി സമൂഹത്തിലും പുറത്തും സംഭവിച്ച മാറ്റങ്ങള്‍ എന്നിവയെക്കുറിച്ചും പഠനം നടത്തി രേഖ തയാറാക്കും. അടുത്ത കേന്ദ്രകമ്മിറ്റിയില്‍ ഈ രേഖകള്‍ ചര്‍ച്ചയ്ക്കു വരും. ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി സംഘടനാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആവശ്യത്തിനു സമയം ലഭിക്കില്ലെന്നതിനാലാണു സംഘടനാതല ചര്‍ച്ചകള്‍ക്കായി പ്രത്യേകം പ്ളീനം വിളിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം ആറു മാസത്തിനകം പ്ളീനം നടക്കുമെന്നും കാരാട്ട് അറിയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിനുളള പ്രതിനിധികളുടെ എണ്ണം 749 ആയി നിശ്ചയിച്ച കേന്ദ്ര കമ്മിറ്റി പാര്‍ട്ടി അംഗ ങ്ങളുടെ ലെവി വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.