മാര്‍ എഫ്രേം നരികുളം ഛാന്ദ രൂപത മെത്രാനായി അഭിഷിക്തനായി
മാര്‍ എഫ്രേം നരികുളം ഛാന്ദ രൂപത മെത്രാനായി അഭിഷിക്തനായി
Sunday, October 26, 2014 6:25 AM IST
ബല്ലാര്‍ഷ(മഹാരാഷ്ട്ര): വിശ്വാസിസഹസ്രങ്ങളുടെ പ്രാര്‍ഥനയുടെയും പാരമ്പര്യത്തനിമയാര്‍ന്ന അനുഷ്ഠാനങ്ങളുടെയും ഭക്തിനിര്‍ഭരമായ അകമ്പടിയില്‍ ഛാന്ദ രൂപതയുടെ മെത്രാനായി മാര്‍ എഫ്രേം നരികുളം അഭിഷിക്തനായി. ഉത്തരേന്ത്യയുടെ സീറോ മലബാര്‍ പ്രേഷിതചൈതന്യവും മലയാളത്തിന്റെ ഹൃദ്യമായ ആശംസകളും ഒത്തുചേര്‍ന്നതോടെ മെത്രാഭിഷേകച്ചടങ്ങുകള്‍ക്കു സാംസ്കാരിക സമന്വയത്തിന്റെയും പരിവേഷം.

ബല്ലാര്‍ഷ സെന്റ് തോമസ് കത്തീഡ്രലിനോടനുബന്ധിച്ചുള്ള പാസ്ററല്‍ സെന്റര്‍ ഗ്രൌണ്ടില്‍ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷകള്‍. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ.ഏബ്രഹാം വിരുത്തകുളങ്ങര, ബിഷപ് മാര്‍ വിജയാനന്ദ് നെടുംപുറം എന്നിവര്‍ മുഖ്യ സഹകാര്‍മികരായി.രാവിലെ ഒമ്പതിനു കത്തീഡ്രലില്‍നിന്നു പരമ്പരാഗത നൃത്തച്ചുവടുകളുടെയും മേളങ്ങളുടെയും മുത്തുക്കുടകളുടെയും വെള്ളവസ്ത്രമണിഞ്ഞ കുട്ടികളുടെയും അകമ്പടിയോടെ മേജര്‍ ആര്‍ച്ച്ബിഷപ്പും നിയുക്തമെത്രാനും സഹകാര്‍മികരും വൈദികരും പാസ്ററല്‍ സെന്റര്‍ ഗ്രൌണ്ടിലേക്കെത്തി. കാല്‍കഴുകല്‍, കുങ്കുമം ചാര്‍ത്തല്‍, ആരതിയുഴിയല്‍ തുടങ്ങിയ പ്രാദേശിക അനുഷ്ഠാനങ്ങളോടെയായിരുന്നു മെത്രാന്മാരെ മെത്രാഭിഷേകവേദിയിലേക്ക് ആനയിച്ചത്.

മുഖ്യകാര്‍മികന്‍, മുഖ്യസഹകാര്‍മികര്‍, നിയുക്തമെത്രാന്‍ എന്നിവര്‍ക്കൊപ്പം സിഎംഐ സഭാ പ്രിയോര്‍ ജനറാള്‍ റവ.ഡോ. പോള്‍ ആച്ചാണ്ടി, സിആര്‍ഐ പ്രസിഡന്റ് സിസ്റര്‍ സജീവ, വിശ്വാസ പരിശീലനരംഗത്തുള്ള ദത്ത റ്റോഗറേ, മാര്‍ എഫ്രേം നരികുളത്തിന്റെ ജ്യേഷ്ഠസഹോദരന്‍ റവ.ഡോ.ആന്റണി നരികുളം എന്നിവര്‍ ചേര്‍ന്ന് അള്‍ത്താരയില്‍ ദീപം തെളിച്ചതോടെയാണു ശുശ്രൂഷകള്‍ക്കു തുടക്കമായത്.


മെത്രാഭിഷേകത്തെത്തുടര്‍ന്നു മാര്‍ എഫ്രേം നരികുളത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു. ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തകുളങ്ങര വചനസന്ദേശം നല്‍കി.

ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാര്‍ ജോസഫ് കുന്നോത്ത്, മാര്‍ സൈമണ്‍ സ്റോക് പാലത്തറ, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ ജോസഫ് പണ്ടാരശേരില്‍, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, മാര്‍ തോമസ് ഇലവനാല്‍, മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, മാര്‍ ആന്റണി ചിറയത്ത്, ഡോ. ഏല്യാസ് ഗോണ്‍സാല്‍വസ്, ഡോ.പോള്‍ മല്പാന്‍ എന്നിവര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികരായി. നിയുക്ത മെത്രാന്റെ സഹോദരന്‍ റവ.ഡോ.ആന്റണി നരികുളമായിരുന്നു മെത്രാഭിഷേക ശുശ്രൂഷകളില്‍ ആര്‍ച്ച്ഡീക്കന്‍.

ഉച്ചകഴിഞ്ഞു നടന്ന അനുമോദനസമ്മേളനത്തില്‍ മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. ഛാന്ദ രൂപതയിലെ വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍, എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക, അല്മായ പ്രതിനിധികള്‍, നിയുക്തമെത്രാന്റെ കുടുംബാംഗങ്ങള്‍, മാതൃഇടവകയിലെയും മാര്‍ നരികുളം നേരത്തെ സേവനം ചെയ്ത സ്ഥലങ്ങളിലെയും പ്രതിനിധികള്‍ എന്നിവരും ചടങ്ങുകളില്‍ പങ്കെടുക്കാനെത്തി. ജനറല്‍ കണ്‍വീനര്‍ ഫാ. മാത്യു നിരപ്പേല്‍, രൂപത ചാന്‍സലറും കത്തീഡ്രല്‍ വികാരിയുമായ ഫാ.കെ.ഡി. ചാക്കോ, കത്തീഡ്രല്‍ സഹവികാരിയും മെത്രാന്റെ സെക്രട്ടറിയുമായ ഫാ.ജോസഫ് കളത്തില്‍, ക്രൈസ്റ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബെന്നി മൂളയ്ക്കല്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.