ആദ്യകാല തമിഴ്നടന്‍ എസ്.എസ്. രാജേന്ദ്രന്‍ അന്തരിച്ചു
Saturday, October 25, 2014 12:11 AM IST
ചെന്നൈ: മുന്‍കാല തമിഴ് സിനിമാ നടന്‍ എസ്.എസ്. രാജേന്ദ്രന്‍ (86) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആദ്യ സിനിമാ നടന്‍കൂടിയാണു രാജേന്ദ്രന്‍.

ഉച്ചാരണത്തില്‍ പ്രത്യേകം ശൈലി രൂപപ്പെടുത്തിയ എസ്എസ്ആര്‍, തമിഴ് സിനിമാലോകത്തെ അതികായന്മാരായ എംജിആര്‍ എന്ന എം.ജി. രാമചന്ദ്രന്റെയും ശിവാജി ഗണേശന്റെയും കാലഘട്ടത്തില്‍ അറിയപ്പെട്ട മികച്ച നടന്‍കൂടിയാണ്. ശിവാജി ഗണേശനൊപ്പം നിരവധി സിനിമകളില്‍ എസ്എസ്ആര്‍ അഭിനയിച്ചിട്ടുണ്ട്. ശിവാജിയുടെ ആദ്യസിനിമയായ പരാശക്തിയിലും ദൈവപിറവിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഇലച്ചിയ നടികര്‍ (അച്ചടക്കമുള്ള നടന്‍) എന്നാണ് എസ്എസ്ആറിനെ ആരാധകര്‍ വിളിച്ചിരുന്നത്.

തിയറ്റര്‍ ആര്‍ട്ടിസ്റ് എന്ന നിലയില്‍ കലാരംഗത്തെത്തിയ രാജേന്ദ്രന്‍, എസ്എസ്ആര്‍ നാടക മണ്‍ട്രം എന്ന കമ്പനി നടത്തിയിരുന്നു. നാടകങ്ങളുടെ കഥയും സംഭാഷണവും പാട്ടുകളും രാജേന്ദ്രന്‍ തന്നെ രചിച്ചിരുന്നു. 1950 കളില്‍ തമിഴ്സിനിമാ ലോകത്ത് എത്തിയ രാജേന്ദ്രന്‍ തങ്കരത്നം, അല്ലി, മണിമകുടം എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. നിരവധി സിനിമകള്‍ക്കു തിരക്കഥയെഴുതി.


ഡിഎംകെയുടെ സ്ഥാപകന്‍ സി.എന്‍. അണ്ണാദുരൈയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാജേന്ദ്രന്‍, 1962ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. പിന്നീട് രാജ്യസഭാംഗമായി. പിന്നീട് എഡിഎംകെയില്‍ ചേര്‍ന്നു. ആണ്ടിപ്പട്ടിയില്‍നി ന്നു നിയമസഭാംഗമായി. കുറേ വര്‍ഷമായി രാഷ്ട്രീയരംഗത്തുനിന്നു വിട്ടുനില്ക്കുകയായിരുന്നു.

സഹോദരനെപ്പോലെയായിരുന്നു രാജേന്ദ്രനെന്ന് ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി അനുസ്മരിച്ചു. താന്‍ കഥയെഴുതിയ സിനിമകളില്‍ രാജേന്ദ്രന്‍ അഭിനയിച്ചിട്ടുണ്െടന്നും ബുദ്ധിയുള്ള നടനായിരുന്നുവെന്നും കരുണാനിധി അനുസ്മരിച്ചു. എസ്എസ്ആറിനോടുള്ള ആദരസൂചകമായി തമിഴ്സിനിമാ ലോകം ഇന്നലെ ഷൂട്ടിംഗും സിനിമാ പ്രദര്‍ശനവും അരദിവസത്തേക്കു നിര്‍ത്തിവച്ചു. എസ്എസ്ആറിന്റെ നിര്യാണത്തോടെ വലിയൊരു നടനെയാണു നഷ്ടമായതെന്ന് എഡിഎംകെ അധ്യക്ഷ ജയലളിത അനുസ്മരിച്ചു. മൃതദേഹം ബസന്ത് നഗര്‍ വൈദ്യുതശ്മശാനത്തില്‍ സംസ്കരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.