ആനന്ദവന്‍ ആശ്രമമഠാധിപതി സ്വാമി കാശികാനന്ദ ഗിരി സമാധിയായി
Saturday, October 25, 2014 12:45 AM IST
ഡെറാഡൂണ്‍: പ്രമുഖ സംസ്കൃത പണ്ഡിതനും മഹാമണ്ഡലേശ്വര്‍ ആനന്ദവന്‍ ആശ്രമമഠാധിപതിയുമായ സ്വാമി കാശികാനന്ദ ഗിരി(90) സമാധിയായി. ഭൌതികദേഹം ഇന്നു ഹരിദ്വാറില്‍ ജലസമാധിയിരുത്തും.

പാലക്കാട്ട് ചെര്‍പ്പുളശേരിയില്‍ 1924 നു ജനിച്ച കാശികാനന്ദഗിരി 15-ാം വയസിലാണ് ആത്മീയ അന്വേഷകനായി തീര്‍ഥയാത്ര തുടങ്ങിയത്. ഈ യാത്രയില്‍ മൂന്നുമാസംകൊണ്ടു വാരണസിയിലെത്തി. പിന്നീട് സന്യസിവൃന്ദത്തോടൊപ്പം ബദരീനാഥ്, ഹരിദ്വാര്‍, ഋഷികേശ് എന്നീ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കാശി ദക്ഷിണാമൂര്‍ത്തി ആശ്രമത്തിലെ നരസിംഹഗിരിയില്‍നിന്നു സന്യാസദീക്ഷ സ്വീകരിച്ചു. പിന്നീട് വാരാണസി സംസ്കൃത സര്‍വകലാശാലയില്‍ ചേര്‍ന്നു. ആദ്യ ബാച്ചിലെ മിടുക്കനായ വിദ്യര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രപതിയുടെ സര്‍വ പ്രഥമ സുവര്‍ണ പുരസ്കാരം ലഭിച്ചു.


പിന്നീട് മുംബൈയിലും ഹരിദ്വാറിലും ആനന്ദവന്‍ എന്ന പേരില്‍ ആശ്രമം സ്ഥാപിച്ചു. വാഗ്മിയും എഴുത്തുകാരനുമായ കാശികാനന്ദഗിരി സംസ്കൃതത്തിലും ഹിന്ദിയിലുമായി 140 പുസ്തകങ്ങളുടെ രചയിതാവായി. ഇവയില്‍ വേദാന്ത, ന്യായ, വ്യാകരണ, ബ്രഹ്മസൂത്ര എന്നിവയിലുള്ള 16 ഗ്രന്ഥങ്ങള്‍ രാജ്യത്തെ സംസ്കൃത യൂണിവേഴ്സിറ്റികളില്‍ പഠനവിഷയമാണ്.

ശ്രീശങ്കരാചാര്യരുടെ ശിഷ്യപരമ്പരയിലുള്ള സന്യാസിമാരെ കുംഭമേളയില്‍ പ്രഥമസ്നാനം ചെയ്യിപ്പിക്കുന്നതു കാശികാനന്ദഗിരിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.