മഹാരാഷ്ട്രയില്‍ അനിശ്ചിതത്വം തുടരുന്നു
Thursday, October 23, 2014 11:33 PM IST
ജിജി ലൂക്കോസ്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്നതു സംബന്ധിച്ചു ബിജെപിയും ശിവസേനയും തമ്മിലുള്ള അനൌപചാരിക ചര്‍ച്ചകളും അടിയൊഴുക്കുകളും തുടരുന്നു. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ സംസ്ഥാന ബിജെപിയില്‍ മൂന്നു ചേരികളുണ്ടായിട്ടുണ്െടങ്കിലും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ദേവേന്ദ്ര ഫട്നാവിസ് തന്നെയാണ് മുന്‍നിരയിലെന്നു ദേശീയ നേതാക്കള്‍ സൂചിപ്പിക്കുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കണമെന്നു വിദര്‍ഭ മേഖലയില്‍ നിന്നുള്ള ഒരു വിഭാഗം എംഎല്‍എമാര്‍ ആവശ്യപ്പെടുന്നുണ്െടങ്കിലും ഇക്കാര്യത്തില്‍ ദേശീയ നേതൃത്വം അനുകൂല നിലപാട് വ്യക്തമാക്കിയിട്ടില്ല.

ശിവസേനയുമായുള്ള സഖ്യചര്‍ച്ചകളില്‍ തീരുമാനമുണ്ടായിട്ടില്ലെങ്കിലും തിങ്കളാഴ്ച തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചെറു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്. ശിവസേനയുമായി സഖ്യമുണ്ടാക്കിയാല്‍പോലും മന്ത്രിസഭയില്‍ കാര്യമായ പദവികളും പ്രാതിനിധ്യവുമുണ്ടാകില്ലെന്നാണ് സൂചന. 41 സീറ്റുകളുള്ള എന്‍സിപി ഉപാധികളില്ലാതെ ബിജെപിയെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചതിനാല്‍ 63 എംഎല്‍എമാരുള്ള ശിവസേന നടത്തുന്ന വിലപേശല്‍ നീക്കങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നതും. മാത്രമല്ല സ്വതന്ത്രരും ചെറു പാര്‍ട്ടികളും ഉള്‍പ്പെടെയുള്ള 15 എംഎല്‍എമാരും ബിജെപിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പ് സമയത്ത് ഇവര്‍ കാലുമാറില്ലെന്നാണ് 122 സീറ്റുകളുള്ള ബിജെപിയുടെ കണക്ക് കൂട്ടല്‍.

എന്നാല്‍, ബിജെപി അവഗണിക്കുമ്പോഴും സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങളാണ് ശിവസേന തുടരുന്നത്. സര്‍ക്കാരുണ്ടാക്കുന്നതിനു ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി ചര്‍ച്ച നടത്താന്‍ മുംബൈയില്‍ നിന്നെത്തിയ സേന നേതാക്കള്‍ക്ക് ഇന്നലെയും സാധിച്ചിട്ടില്ല. അതേസമയം, ഡല്‍ഹിയിലെത്തിയ സേനാ നേതാക്കള്‍ അനില്‍ ദേശായിയും സുഭാഷ് ദേശായിയും മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജെ.പി. നഡ്ഡയുമായി ചര്‍ച്ച നടത്തിയതായാണു സൂചന. ഇതിനുശേഷം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മുംബൈയിലേക്കു മടങ്ങി. ദീപാവലി കഴിഞ്ഞതിനു ശേഷം രാജ്നാഥ് സിംഗ് മുംബൈയിലെത്തുമെന്നും ഇതിനോടനുബന്ധിച്ചു സേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഡല്‍ഹിയിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.


ഇതിനിടെ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി ചര്‍ച്ച നടത്തി. എന്നാല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നതു സംബന്ധിച്ച കാര്യങ്ങള്‍ക്കായല്ല ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്നാണ് നേതാക്കള്‍ വിശദീകരിക്കുന്നത്. കേന്ദ്രമന്ത്രിയായി തുടരാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. വിദര്‍ഭയില്‍ നിന്നുള്ള ഒരു വിഭാഗം എംഎല്‍എമാര്‍ക്കു മാത്രമാണ് ഈ ആവശ്യമുള്ളതെന്നും കേന്ദ്ര നേതൃത്വം ഇതൊരു പ്രശ്നമായി കണക്കാക്കിയിട്ടില്ലെന്നും നേതാക്കള്‍ പറയുന്നു. ഗഡ്കരിയെ പോലെ തന്നെ ഫട്നാവിസും നാഗ്പൂരില്‍ നിന്നുള്ള നേതാവാണ്. മാത്രമല്ല ഫട്നാവിസിനു ആര്‍എസ്എസിന്റെ പിന്തുണയുമുണ്ട്. അതിനാലാണ് ഫട്നാവിസിനെ കഴിഞ്ഞ വര്‍ഷം ബിജെപിയുടെ മഹാരാഷ്ട്ര ഘടകം പ്രസിഡന്റായി തെരഞ്ഞെടുത്തതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മുഖ്യമന്ത്രി തീരുമാനത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതിനായി വിദര്‍ഭയില്‍നിന്നുള്ള ഒരു എംഎല്‍എ തന്റെ സീറ്റ് ഗഡ്കരിക്കായി ഒഴിയാമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. വിദര്‍ഭ മേഖലയില്‍ നിന്നുള്ള 40 എംഎല്‍എമാര്‍ ഗഡ്കരിയുടെ വീട്ടില്‍ യോഗം ചേര്‍ന്ന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ നീക്കം. ശിവസേനയുമായി അവസാന നിമിഷം സഖ്യമോ അവരുടെ പിന്തുണ ഉപാധികളില്ലാതെ സ്വീകരിക്കുകയോ ചെയ്യേണ്ടി വന്നാല്‍ ശക്തനായ നേതാവാകണം മുഖ്യമന്ത്രിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഫട്നാവിസിനെ അനുകൂലിക്കുന്നവരും ഗഡ്കരിയെ അനുകൂലിക്കുന്നവരുമായി മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി മഹാരാഷ്ട്ര ഘടകത്തില്‍ ചേരിതിരിവ് രൂക്ഷമായിരിക്കുന്നതിനിടെ മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്െടയുടെ മകള്‍ പങ്കജ മുണ്െടയെ പിന്തുണച്ച് മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.