ഷിമോഗ ഭൂമിയിടപാട്: യെദിയൂരപ്പയ്ക്കെതിരേ വീണ്ടും അന്വേഷണം
ഷിമോഗ ഭൂമിയിടപാട്: യെദിയൂരപ്പയ്ക്കെതിരേ വീണ്ടും അന്വേഷണം
Wednesday, October 22, 2014 12:22 AM IST
ബാംഗളൂര്‍: ബിജെപി ദേശീയ വൈസ് പ്രസിഡന്റും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പയ്ക്കെതിരേയുള്ള അനധികൃത സ്വത്തുസമ്പാദനക്കേസ് വീണ്ടും അന്വേഷിക്കാന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവ്. യെദിയൂരപ്പയ്ക്കും കൂട്ടുപ്രതികള്‍ക്കുമെതിരേയുള്ള ആരോപണം തള്ളിയ ലോകായുക്ത കോടതിയുടെ ഉത്തരവ് ജസ്റീസ് ആനന്ദ് ബൈര റെഡ്ഡി റദ്ദാക്കുകയായിരുന്നു.

ഷിമോഗ ജില്ലയില്‍ യെദിയൂരപ്പയും മകനും ബി.വൈ. രാഘവേന്ദ്ര എംഎല്‍എയും ഉള്‍പ്പെടെയുള്ള പ്രതികള്‍ അനധികൃത മാര്‍ഗങ്ങളിലൂടെ വന്‍തോതില്‍ സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കിയെന്ന കേസിലാണു വര്‍ഷങ്ങള്‍ക്കുശേഷം വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്. ഹൈക്കോടതി വിധിയെത്തുടര്‍ന്നുള്ള നടപടികള്‍ അഴിമതിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു പ്രഖ്യാപിച്ച നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനു വരുംദിവസങ്ങളില്‍ തലവേദനയാകുമെന്നാണു വിലയിരുത്തപ്പെടുന്നത്.

ഷിമോഗയിലെ അഭിഭാഷകനായ ബി. വിനോദാണു യെദിയൂരപ്പയ്ക്കെതിരേ പരാതിയുമായി ലോകായുക്തയെ സമീപിച്ചത്. ഈ സമയത്തു യെദിയൂരപ്പ മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി തേടിയില്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടി ലോകായുക്ത കോടതി ഹര്‍ജി തള്ളുകയും ചെയ്തു. ഇതിനെതിരേ അഡ്വ. വിനോദ് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുകയായിരുന്നു. യെദിയൂരപ്പയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ദവളഗിരി പ്രോപ്പര്‍ട്ടീസ് എന്ന സ്ഥാപനം ഭദ്രാവതി താലൂക്കിലെ ഹുനാസഗട്ടെ ഗ്രാമത്തില്‍ ബിനാമി ഇടപാടുകളിലൂടെ 69 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് അഡ്വ.വിനോദ് പരാതിയില്‍ ആരോപിച്ചിരുന്നത്. ഭൂമിയിടപാടിന് കര്‍ണാടക ഭൂപരിഷ്കരണ നിയമം ലംഘിച്ചു. കുടുംബാംഗങ്ങളുടെ പേരിലുള്ള സ്ഥാപനത്തിനു ഭൂമി ലഭിക്കുന്നതിന് മുഖ്യമന്ത്രിയെന്ന നിലയിലുള്ള അധികാരം യെദിയൂരപ്പ ഉപയോഗിച്ചുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.


രാജ്യത്തെ നിയമസംവിധാനങ്ങളില്‍ വിശ്വാസമുണ്െടന്നും യെദിയൂരപ്പ സംശുദ്ധനായി തിരിച്ചുവരുമെന്നും കോടതിവിധിയോടു സംസ്ഥാന ബിജെപി നേതൃത്വം പ്രതികരിച്ചു.

ഈശ്വരപ്പയ്ക്കെതിരായ ലോകായുക്ത അന്വേഷണത്തിന് അനുമതി

ബാംഗളൂര്‍: വരവില്‍ക്കവിഞ്ഞ സ്വത്തു സമ്പാദിച്ച കേസില്‍ മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പയ്ക്കെതിരായ ലോകായുക്ത അന്വേഷണത്തിനു കര്‍ണാടക ഹൈക്കോടതി അനുമതി നല്‍കി. ഷിമോഗയില്‍നിന്നുള്ള ഒരു അഭിഭാഷകന്‍ നല്‍കിയ പരാതി ലോകായുക്തയില്‍ തള്ളിയതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ ഈ ഉത്തരവ്. ജസ്റീസ് ആനന്ദ് ബൈര റെഡ്ഡിയാണു ലോകായുക്ത ഉത്തരവ് നിരാകരിച്ചു വിധി പ്രസ്താവിച്ചത്. അഭിഭാഷകനായ വിനോദ് പരാതി നല്‍കുന്നതിനു മുമ്പു ഗവര്‍ണറുടെ അനുമതി തേടിയില്ലെന്നതായിരുന്നു ലോകായുക്ത നിരീക്ഷണം.

ലോകായുക്ത ഉത്തരവിനെ ചോദ്യംചെയ്താണ് അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. കുറ്റം ചെയ്ത സമയത്ത് ഈശ്വരപ്പ ഉപമുഖ്യമന്ത്രിസ്ഥാനം വഹിക്കാത്തതിനാല്‍ മുന്‍കൂട്ടി അനുമതി വേണ്െടന്ന് അഭിഭാഷകന്‍ വാദിച്ചു.

ഹൈക്കോടതിയില്‍ തനിക്കെതിരേ ക്രിമിനല്‍ കേസ് ആരംഭിച്ചിനെ ചോദ്യംചെയ്ത ഈശ്വരപ്പ അഡ്വ. വിനോദിന് ഗവര്‍ണറുടെ അനുമതിയില്ലെന്നു വാദിച്ചു. ഗവര്‍ണറുടെ അനുമതിയില്ലാതെ ഹര്‍ജി നിലനില്‍ക്കില്ലെന്നു ഹൈക്കോടതി അറിയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുമതി വാങ്ങി കേസ് വീണ്ടും സമര്‍പ്പിക്കാന്‍ സാവകാശം ചോദിച്ചു പരാതി പിന്‍വലിച്ചു. തുടര്‍ന്നു ഗവര്‍ണറുടെ അനുമതിക്കെഴുതിയ അഡ്വ. വിനോദിന് ഈശ്വരപ്പ ഇപ്പോള്‍ പൊതുപ്രവര്‍ത്തകല്ലെന്നും അനുമതിയില്ലാതെ അദ്ദേഹത്തിനെതിരേ നിയമ നടപടി സ്വീകരിക്കാവുന്നതാണെന്നും ഗവര്‍ണറുടെ ഓഫീസ് മറുപടി നല്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.