ആന്ധ്രയിലെ പടക്കനിര്‍മാണശാലയില്‍ സ്ഫോടനം: 11 പേര്‍ മരിച്ചു
Tuesday, October 21, 2014 12:26 AM IST
ഹൈദരാബാദ്: ആന്ധ്രയിലെ ഈസ്റ് ഗോദാവരി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 11 പേര്‍ മരിച്ചു. ഏഴു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. കാക്കിനടയ്ക്കു സമീപം വഗതിപ്പ ഗ്രാമത്തിലെ സ്വകാര്യ പടക്കനിര്‍മാണശാലയിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ന് സ്ഫോടനം ഉണ്ടായത്. സ്ഫോടനം നടക്കുമ്പോള്‍ 18 തൊഴിലാളികള്‍ പടക്കനിര്‍മാണ ശാലയില്‍ ഉണ്ടായിരുന്നു. ഒമ്പതുപേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചുമാണു മരിച്ചതെന്നു ജില്ലാ പോലീസ് സൂപ്രണ്ട് എം. രവി പ്രകാശ് പറഞ്ഞു. മരിച്ചവരില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെടും.


പടക്കനിര്‍മാണത്തിനിടെ രാസപ്രവര്‍ത്തനഫലമായി വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. പിതപുരത്തുനിന്ന് അഗ്നിശമനസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഈസ്റ് ഗോദാവരി ജില്ലാ കളക്ടര്‍ നീതു പ്രസാദ് സംഭവസ്ഥലം സന്ദര്‍ശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.