ഇഗ്നോയില്‍ ഇനി മദര്‍ തെരേസാ ചെയറും ഇസ്രോ ചെയറുമില്ല
Thursday, October 2, 2014 12:10 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സര്‍വകലാശാലയായ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ (ഇഗ്നോ) വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ പേരിലുള്ള ചെയറും ബഹിരാകാശ ഗവേഷണത്തിനുള്ള ഇസ്രോ ചെയറും ശാസ്ത്ര ഗവേഷണങ്ങള്‍ക്കായുള്ള സി.വി. രാമന്‍ ചെയറും നിര്‍ത്തലാക്കിയതു വിവാദമായി. ഇഗ്നോയുടെ കീഴില്‍ ഏറെ പ്രശസ്തമായിരുന്ന കമ്യൂണിറ്റി കോളജുകളും ഏതാനും ദിവസം മുമ്പു നിര്‍ത്തലാക്കിയിരുന്നു.

സാമൂഹ്യ പ്രസക്തിയുള്ള പഠന പരിപാടികള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി 2000ലാണ് മദര്‍ തെരേസയുടെ പേരില്‍ ഇഗ്നോ പ്രത്യേക ചെയര്‍ ആരംഭിച്ചത്. സോഷ്യല്‍ വര്‍ക്ക്, ഫിലോസഫി, എച്ച്ഐവി- എയ്ഡ്സ്, ഫാമിലി ലൈഫ് എഡ്യുക്കേഷന്‍, സബ്സ്റന്‍സ് അബ്യൂസ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി 2009ല്‍ പരിഷ്കരിച്ചു വിവിധ ബിരുദ, ഡിപ്ളോമ കോഴ്സുകള്‍ മദര്‍ തെരേസ ചെയറില്‍ നടപ്പിലാക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയും (സിബിസിഐ) ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാലയും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചെയര്‍ രൂപീകരിച്ചത്.

മദര്‍ തെരേസ, ഇസ്രോ, സി.വി. രാമന്‍ ചെയറുകള്‍ക്കു കീഴില്‍ വിദൂര വിദ്യാഭ്യാസ രീതിയില്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പഠനവും ഗവേഷണവും നടത്തി വരുന്നതിനിടെയാണു ലോകശ്രദ്ധ നേടിയ പഠന, ഗവേഷണ വിഭാഗങ്ങള്‍ നിര്‍ത്തലാക്കാന്‍ സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രത്തിലെ പുതിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ രഹസ്യ നിര്‍ദേശത്തെത്തുടര്‍ന്നാണു കേന്ദ്ര സര്‍ക്കാരിന്റെയും യുജിസിയുടെയും നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഇഗ്നോയുടെ വിവാദ നടപടി എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

മംഗള്‍യാനിലൂടെ ചൊവ്വ ദൌ ത്യം ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയ സമയത്തു തന്നെയാണ് ഇസ്രോ ചെയറും ശാസ്ത്ര ഗവേഷണങ്ങള്‍ക്കായുള്ള സി.വി. രാമന്‍ ചെയറും നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതെന്നതു വിസ്മയകരമായി. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാലയുടെ മാനേജ്മെന്റ് ബോര്‍ഡ് നല്‍കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.


സര്‍വകലാശാലയുടെ ഫണ്ട് ഉപയോഗിച്ച് ഇത്തരം ചെയറുകള്‍ നടത്തേണ്ട കാര്യമില്ലെന്നും സ്പോണ്‍സര്‍മാരുണ്െടങ്കില്‍ മാത്രമേ പ്രത്യേക ചെയറുകള്‍ നടത്തേണ്ടതുള്ളെന്നുമാണ് ബോര്‍ഡ് ഓഫ് മാനേജ്മെന്റ് സര്‍വകലാശാലയോടു നിര്‍ദേശിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ നല്‍കുന്ന ഫീസ് ഉപയോഗിച്ചു പ്രത്യേക ചെയറുകള്‍ നിലനിര്‍ത്തേണ്ട കാര്യമില്ലെന്നും ഇത്തരം ചെയറുകള്‍ ഏകപക്ഷീയമായി സ്ഥാപിച്ചതാണെന്നു ചില അധ്യാപകര്‍ ആരോപണം ഉന്നയിച്ചിട്ടുണ്െടന്നും വൈ സ് ചാന്‍സലര്‍ എം. അസ്ലാം പ്രതികരിച്ചു.

ഇന്ത്യയില്‍നിന്ന് ആദ്യമായി സമാധാന നൊബേല്‍ പുരസ്കാര ത്തിന് അര്‍ഹയായ മദര്‍ തെരേസയുടെ പേരില്‍ സ്ഥാപിച്ച ചെയര്‍ നിര്‍ത്തലാക്കാനുള്ള സര്‍വകലാശാലയുടെ നടപടിക്കെതിരേ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിവിധ ക്രൈസ്തവ സംഘടനകള്‍ ഇതിനെതി രേ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ കുഷ്ഠ രോഗികളടക്കം ഏറ്റവും പാവങ്ങള്‍ക്കുവേണ്ടി ജീവിതം മുഴുവന്‍ ചെലവഴിച്ചു ലോകമാകെ ആദരിക്കുന്ന നൊബേല്‍ സമ്മാന ജേതാവു കൂടിയായ മദര്‍ തെരേസയോടുള്ള അവഹേളനമാണു ഇഗ്നോയുടെ നടപടിയെന്നു കൈസ്തവ നേതാക്കള്‍ പറയുന്നു.

വാഴ്ത്തപ്പെട്ട പദവിയില്‍നിന്നു മദര്‍ തെരേസയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്നതിനിടെ സര്‍വകലാശാലയുടെ ഭാഗത്തു നിന്നുണ്ടായ ഈ നടപടി അധാര്‍മികമാണെന്നു ഓള്‍ ഇന്ത്യ ക്രിസ്റ്യന്‍ കൌണ്‍സില്‍ ജനറല്‍ സെക്രട്ടറിയും കേന്ദ്ര സര്‍ക്കാരിന്റെ ദേശീയോദ്ഗ്രഥന സമിതി അംഗവുമായ ജോണ്‍ ദയാല്‍ കുറ്റപ്പെടുത്തി.

അല്‍ബേനിയന്‍ സ്വദേശിയായ അഗതികളുടെ അമ്മ മദര്‍ തെരേസയുടെ ഇന്ത്യയിലെ സമാധാന, കാരുണ്യ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയുന്ന നടപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.