കേന്ദ്രമന്ത്രി രാധാ മോഹന്‍ കുട്ടനാട് സന്ദര്‍ശിക്കും
Thursday, October 2, 2014 12:09 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: കുട്ടനാട് പാക്കേജിന്റെ നടത്തിപ്പിനുള്ള തടസങ്ങള്‍ പരിശോധിക്കാനായി കേന്ദ്ര കൃഷിമന്ത്രി ഡോ. രാധാ മോഹന്‍ സിംഗ് നേരിട്ടു കുട്ടനാട്ടിലെ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. നവംബര്‍ ആദ്യവാരമാകും മന്ത്രി കേരളത്തിലെത്തുകയെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രിയെ നേരില്‍കണ്ടു കൊടിക്കുന്നില്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലാണു കുട്ടനാടു സന്ദര്‍ശിക്കാമെന്ന് ഉറപ്പു നല്‍കിയത്. കൃഷി മന്ത്രാലയത്തില്‍ നട ന്ന കൂടിക്കാഴ്ചയില്‍ കേന്ദ്രകൃഷി വകുപ്പു സെക്രട്ടറിയും പങ്കെടുത്തു. കേന്ദ്ര ജലവിഭവ മന്ത്രി ഉമാ ഭാരതിയുമായും കൊടിക്കുന്നില്‍ ഇന്നലെ ചര്‍ച്ച നടത്തി.

കുട്ടനാട് പാക്കേജില്‍ പ്രധാനപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രജലവിഭവ വകുപ്പിന്റെ കീഴിലാണെന്നും കേന്ദ്രജല കമ്മീഷനാണു വെള്ളപ്പൊക്ക നിയന്ത്രണ ഫണ്ടില്‍ നിന്നും പണം നല്‍കേണ്ടതെന്നും ഉമാ ഭാരതിയുമായുള്ള ചര്‍ച്ചയില്‍ എംപി ചൂണ്ടിക്കാട്ടി. ജലവിഭവകുപ്പിന്റെ കീഴിലുള്ള പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. കായല്‍ നിര്‍മാണവും ബണ്ടു നിര്‍മാണവും ഏതാണ്ടു പൂര്‍ത്തീകരിച്ചതൊഴിച്ചാല്‍ ബാക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്നു സുരേഷ് പറഞ്ഞു. കുട്ടനാട് താലൂക്കിലെ 13 പഞ്ചായത്തുകളിലെ അഞ്ഞൂറോളം പാടശേഖരങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായിട്ടില്ല. തോട്ടപ്പള്ളി സ്പില്‍വേ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ക്കും കാലതാമസമാണ്.


തണ്ണീര്‍മുക്കം ബണ്ടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞ മാസമാണു തുടക്കം കുറിച്ചത്. എസി കനാലിന്റെ നിര്‍മാണത്തിന്റെ ഒന്നാം ഘട്ടം ആരംഭിച്ചതേയുള്ളൂ.

കുട്ടനാട്ടിലെ കര്‍ഷകരുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് മന്ത്രിയോട് ആവശ്യപ്പെട്ടു. കേന്ദ്രവാട്ടര്‍ കമ്മീഷന്‍ ചെയര്‍മാന്‍ വി.എന്‍. പാണ്ഡ്യയുമായും സുരേഷ് ഇന്നലെ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.