കാമരാജ് മഹാനായ ദേശീയനേതാവ്: ഉമ്മന്‍ ചാണ്ടി
കാമരാജ് മഹാനായ ദേശീയനേതാവ്: ഉമ്മന്‍ ചാണ്ടി
Wednesday, October 1, 2014 12:32 AM IST
ചെന്നൈ: ദക്ഷിണേന്ത്യയില്‍നിന്നുള്ള ഏറ്റവും മഹാനായ ദേശീയ നേതാവാണു കാമരാജെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനമായ ചെന്നൈയിലെ സത്യമൂര്‍ത്തി ഭവനില്‍ കാമരാജിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്നാട്ടില്‍ പത്തുവര്‍ഷം മുഖ്യമന്ത്രിയായിരുന്ന കാമരാജിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളെയും സ്വാധീനിക്കുകയുണ്ടായി. സാര്‍വത്രികമായ സൌജന്യ വിദ്യാഭ്യാസം, സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി എന്നിവ അദ്ദേഹത്തിന്റെ ആശയങ്ങളാണ്. ഈ പദ്ധതികള്‍ കൂടി നടപ്പാക്കിയാണ് കേരളം വിദ്യാഭ്യാസ രംഗത്ത് ഔന്നത്യം കൈവരിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പെരിയാര്‍ ഇ.വി. രാമസ്വാമിയോടൊപ്പം കാമരാജും പങ്കെടുത്തപ്പോള്‍ വൈക്കം സത്യഗ്രഹം ശക്തിയാര്‍ജിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുജീവിതത്തില്‍ പാലിക്കേണ്ട നന്മകളായ നീതിശാസ്ത്രം, ദൃഢനിശ്ചയം, ലാളിത്യം എന്നിവ കാമരാജിന്റെ മുഖമുദ്രയായിരുന്നു. രാഷ്ട്രീയ, വ്യക്തി താത്പര്യങ്ങള്‍ക്കതീതമായി രാജ്യതാത്പര്യത്തിനും പാവങ്ങളുടെ പ്രശ്നങ്ങള്‍ക്കും മുന്‍ഗണന നല്‍കണമെന്നു കാമരാജ് പൊതുപ്രവര്‍ത്തകരെ ഓര്‍മപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.


കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ഉപതെരഞ്ഞെടുപ്പുകളിലെ പ്രവണത കാണിക്കുന്നതു കോണ്‍ഗ്രസിനു ശക്തമായി തിരിച്ചുവരാനാകുമെന്നാണ്.

1977 ലെ പരാജത്തില്‍ നിന്നു ഫീനിക്സ് പക്ഷിയെപ്പോലെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേറ്റു. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ ഇതുപോലെ ഒരു തിരിച്ചുവരവ് സാധ്യമാണ്.

1984-ല്‍ ബിജെപിക്കു ലോക്സഭയില്‍ രണ്ടു സീറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് എല്ലാവരും ഉത്തരവാദികളാണെന്നും നേതൃത്വത്തെ കുറ്റപ്പെടുത്തുന്നത് നിരര്‍ഥകമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.