പെട്രോള്‍ വില കുറച്ചു
പെട്രോള്‍ വില കുറച്ചു
Wednesday, October 1, 2014 12:19 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 65 പൈസ കുറച്ചു. തീരുമാനം ഇന്നലെ അര്‍ധരാത്രിമുതല്‍ നിലവില്‍ വന്നു. ഡീസലിന്റെ വില പ്രധാനമന്ത്രി അമേരിക്കയില്‍നിന്നു മടങ്ങിയെത്തിയശേഷം കുറയ്ക്കാനാണു തീരുമാനം. സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 21 രൂപ കുറച്ചു. വിമാന ഇന്ധനവില മൂന്നു ശതമാനം കുറയ്ക്കും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്ഓയില്‍ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണു നടപടി. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വില കുറയ്ക്കുന്നതിനു കേന്ദ്ര പെട്രോളിയം മന്ത്രാലയം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി തേടിയിരുന്നു.

അസംസ്കൃത എണ്ണയുടെ വില രാജ്യാന്തര വിപണിയില്‍ 100 ഡോളറിനു താഴെയായി നില്‍ക്കുകയാണ്. രണ്ടാഴ്ചയിലധികമായി ഇതേ രീതിയില്‍ തുടരുന്നതു കണക്കിലെടുത്താണ് വില കുറയ്ക്കുന്നതിനെക്കുറിച്ച് പൊതുമേഖ എണ്ണക്കമ്പനികള്‍ ആലോചിച്ചത്. രണ്ടാഴ്ച കൂടുമ്പോഴാണ് അന്താരാഷ്ട്രവില വിലയിരുത്തി പെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണക്കമ്പനികള്‍ നിശ്ചയിക്കുന്നത്.

എന്നാല്‍, ഇതിനോടടുത്ത വിലനിലവാരത്തില്‍ തന്നെയാണ് കഴിഞ്ഞ കുറേനാളായി ക്രൂഡ്ഓയില്‍ വില നില്‍ക്കുന്നതെങ്കിലും അതു പരിഗണിച്ച് കഴിഞ്ഞ തവണ വിലയില്‍ കുറവു വരുത്താന്‍ എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരും തയാറായിരുന്നില്ല.


എണ്ണക്കമ്പനികളുടെ നഷ്ടം നികത്തുന്നതിനായി കഴിഞ്ഞ വര്‍ഷം ജനുവരി 17 മുതലാണ് ഡീസലിന് എല്ലാ മാസവും 50 പൈസ വീതം കൂട്ടുന്നതിന് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 19 തവണയായി 11.81 രൂപയാണ് ഇതുവരെ കൂട്ടിയത്. ഡീസലിന്റെ വില കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ 2009 ജനുവരി 29നു ശേഷം ആദ്യമായാകും വിലക്കുറവു നടപ്പിലാകുക. പെട്രോളിന്റെ വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്കു കൈമാറിയ 2010 ജൂണിനു ശേഷം അഞ്ചു രൂപ വരെ കുറവു വരുത്തിയിട്ടുണ്ട്.

പുതുക്കിയ പെട്രോള്‍ വില

ബ്രാക്കറ്റില്‍ പഴയ വില.

തിരുവനന്തപുരം 71.71 (72.40), കൊല്ലം 71.31 (71.99), പത്തനംതിട്ട 71.11 (71.80), ആലപ്പുഴ 70.75 (71.44), കോട്ടയം 70.75 (71.44), ഇടുക്കി 71.25 (71.94), എറണാകുളം 70.47 (71.15), തൃശൂര്‍ 70.92 (71.61), പാലക്കാട് 71.26 (71.95), മലപ്പുറം 70.98 (71.66), കോഴിക്കോട് 70.69 (71.38), വയനാട് 71.29 (71.98), കണ്ണൂര്‍ 70.63 (71.32), കാസര്‍ഗോഡ് 71.19 (71.88), മാഹി 65.64 (66.28).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.